ADVERTISEMENT

നെയ്യാറ്റിൻകര ∙ ചരിത്ര ജലപാതയായ എവിഎം കനാലിന്റെ ഭാഗമായ പൂവാർ ചകിരിയാർ വിസ്മൃതിയിലേക്ക്. താങ്ങാൻ കഴിയുന്നതിലും കൂടുതൽ അളവിൽ മാലിന്യം കുന്നുകൂടിയതോടെ ചകിരിയാറിലെ ഒഴുക്ക് നിലച്ചു. ജനപ്രതിനിധികളിൽ ആരെങ്കിലും ചകിരിയാറിനു വേണ്ടി കാര്യമായി ഇറങ്ങിയില്ലെങ്കിൽ ചകിരിയാറിനെ എന്നന്നേയ്ക്കുമായി മറക്കേണ്ടി വരും.

നേരിയ പ്ലാസ്റ്റിക് കവറുകൾ മുതൽ അറവുമാടുകളുടെ അവശിഷ്ടങ്ങൾ വരെ ഇവിടെ തള്ളുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം, ഹോട്ടലുകളിലെ ഭക്ഷണ വേസ്റ്റ്, ഇറച്ചി വെട്ടുന്ന കടയിൽ നിന്നും തള്ളുന്നവ എല്ലാം ഉപേക്ഷിക്കാനുള്ള ഒരിടമായി ചകിരിയാർ മാറി. പൂവാർ ബസ് സ്റ്റാൻഡിലെ ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നതും പഞ്ചായത്തിലെ അഴുക്ക് ചാലുകൾ അവസാനിക്കുന്നതും ഇവിടെ.

നെയ്യാറിന്റെ കൈവഴിയായി ഒഴുകിയിരുന്ന ചകിരിയാർ, ചരിത്ര ജല പാതയായ എവിഎം കനാലിന്റെ പൂവാറിലെ ഭാഗമാണ്. ചകിരിയാറിന്റെ പ്രധാന ഭാഗം പൂവാർ ചെറിയ പാലത്തിന് സമീപത്തുനിന്നാണ് ആരംഭിക്കുന്നത്. മാലിന്യം തള്ളലും കയ്യേറ്റവും ഇവിടെ നിന്ന് തുടങ്ങുന്നു. 

ഒരുകാലത്ത് പ്രദേശവാസികൾ വെള്ളത്തിനായി ആശ്രയിച്ചിരുന്നത് ചകിരിയാറിനെ ആയിരുന്നു. തീരദേശവാസികളായിരുന്നു കൂടുതലും ഗുണഭോക്താക്കൾ. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും അവർ കൂട്ടമായി എത്തുന്നത് പ്രായമുള്ളവർക്ക് ഇപ്പോഴും ഓർമയുണ്ട്. മാലിന്യം തള്ളി തുടങ്ങിയതോടെ വെള്ളത്തിനു ദുർഗന്ധം വമിച്ചു തുടങ്ങി. വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകി. ഇതോടെ ജനങ്ങൾ കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും നിർത്തി.

ആരും പോകാതായതോടെ സമീപത്ത് കുറ്റിക്കാടുകൾ വളർന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി. പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും ചകിരിയാർ നവീകരിച്ചിട്ട് അര നൂറ്റാണ്ടിലേറെ ആയി എന്നു പ്രദേശവാസികൾ പറയുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂവാറിൽ ചകിരിയാറിനെ നവീകരിച്ച് വശങ്ങളിൽ നടപ്പാത സ്ഥാപിക്കുമെന്ന് ആദ്യം പറഞ്ഞു കേട്ടു. വശങ്ങൾ സുരക്ഷാഭിത്തി നിർമിച്ച് സംരക്ഷിക്കുമെന്നും ഇതോടൊപ്പം സഞ്ചാരികളെ ആകർഷിക്കാൻ ആറിൽ പൊഴിക്കര വരെ ജലയാത്ര, സഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ, ഉല്ലാസ യാത്രകൾ തുടങ്ങിയവയും നടത്തുമെന്ന് പിന്നീട് പറഞ്ഞു. പക്ഷേ, ഫലത്തിൽ ഒന്നും എത്തിയില്ലെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com