ADVERTISEMENT

കിളിമാനൂർ∙ നഗരൂരിൽ ഡിവൈഎഫ്ഐക്കാരായ 8 പേരെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ 9 പേർ അറസ്റ്റിലായി. ആലംകോട് സ്വദേശികളായ എ.സുഹൈൽ (27), നസീബ് ഷാ (26), എ.മുഹമ്മദ് സഹിൽ (23), ജെ.മുഹമ്മദ് ബാത്തിഷ (18), അയാസ് മുഹമ്മദ് (18),  മുഹമ്മദ് സെയ്ദ് അലി (19),  വർക്കല സ്വദേശി അബ്ദുല്ല (21), പോത്തൻകോട് സ്വദേശി മുഹമ്മദ് നബീൽ  (20),   വെഞ്ഞാറമൂട് സ്വദേശി വിഷ്ണുലാൽ (21), എന്നിവരാണ് അറസ്റ്റിലായത്.  കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രായപൂർത്തിയാകാത്ത 2 പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. 

2
അറസ്റ്റിലായ അയാസ് മുഹമ്മദ്,മുഹമ്മദ് സെയ്ദ് അലി,മുഹമ്മദ് സഹിൽ

മാസങ്ങൾക്ക് മുൻപ് ബൈക്കും കാറും കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം ആലംകോട് പള്ളിമുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐക്കാരനായ മുഹമ്മദ് ആഷിഖും മറ്റ് ചില പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായി. തിരികെപ്പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് ഇരുമ്പുകമ്പി, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവയുമായി എത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്.

3
അറസ്റ്റിലായ നസീബ് ഷാ,സുഹൈൽ, മുഹമ്മദ് ബാത്തിഷ.

ആറ്റിങ്ങൽ ഡിവൈഎസ്പി: എ.പ്രദീപ്, കിളിമാനൂർ എസ്എച്ച്ഒ ബി. ജയൻ, നഗരൂർ എസ്ഐ: ജെ.അജയൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ ഇരുപതോളം പേരെ പ്രതിയാക്കി നഗരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഘർഷം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഡിവൈഎഫ്ഐ 
നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.കെ. സനോജ്. നഗരൂരിലെ ആക്രമണത്തിൽ പ്രായപൂർത്തിയാകാത്തവർ പോലും ഉൾപ്പെട്ടിട്ടുണ്ടെന്ന് സനോജ് പറഞ്ഞു.    തിരഞ്ഞെടുപ്പ് വിജയത്തിന്റെ അഹങ്കാരത്തിൽ കോൺഗ്രസ് യൂത്ത്് കോൺഗ്രസിനെയും കെഎസ്‌യുവിനെയും കഠാരയുമായി തെരുവിൽ ഇറക്കിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ആയുധം താഴെ വച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ അറിയിച്ചു. 

സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിപ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കോവളം അനൂപ്, ഏരിയാ ഭാരവാഹികളായ ജെ.ജിനേഷ്, എ.ആർ.റിയാസ്, സിപിഎം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ, ഒ.എസ്. അംബിക എംഎൽഎ, എം.ഷിബു, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത എന്നിവർ നേതൃത്വം നൽകി.

ഡിവൈഎഫ്ഐ പ്രവർത്തകന്റെ നില ഗുരുതരം
യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അഫ്സലി (29) ന്റെ നില ഗുരുതരമായി തുടരുന്നു. തലയ്ക്കും വാരിയെല്ലിനും കരളിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റുമാണ്. പരുക്കേറ്റ അൽ അമീൻ (24), മെഡിക്കൽ കോളജ് ആശുപത്രിയിലും, അൽത്താഫ്((25), മുഹമ്മദ് (26) എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. തിങ്കൾ രാത്രി 7.30ന് നട‌ന്ന സംഘർഷത്തിൽ  തേജസ് (24), അഫ്സൽ (23), അഫ്സൽ(25), ആഷിഖ് (25) എന്നിവർ അടക്കം 8 ഡിവൈഎഫ്ഐക്കാർക്കാണ് പരുക്കേറ്റത്. 

യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ കയറൂരി വിട്ട് നാടിന്റെ സമാധാനം തകർക്കാനായി ആക്രമണത്തിന് നേതൃത്വം നൽകി വരുന്ന കോൺഗ്രസ് നേതാക്കൾ അക്രമ രാഷ്ട്രീയത്തിൽ നിന്നും പിൻമാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ സെക്രട്ടറി  സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com