ADVERTISEMENT

വിഴിഞ്ഞം ∙ പതിവായി അസ്തമയം കാണാൻ ആളു കൂടുന്ന വിഴിഞ്ഞത്ത് ഇന്നലെ പുലർച്ചെ മുതൽ തിരക്കായിരുന്നു. തെക്കുപടിഞ്ഞാറൻ കടലിൽ ഉദയസൂര്യനെ പോലെ ചുവപ്പണിഞ്ഞ് ‘സാൻ ഫെർണാണ്ടോ’ ഉദിച്ചുയർന്നു. ആയിരക്കണക്കിനു കണ്ടെയ്നറുകൾ നിറച്ച കൂറ്റൻ ചരക്കു കപ്പൽ. വിഴിഞ്ഞം തീരത്തേക്കു കപ്പൽ ഒഴുകിയടുത്തപ്പോൾ കരയിൽ സന്തോഷത്തിര. ചെറുമീനുകളുടെ അകമ്പടിയോടെ നീന്തുന്ന തിമിംഗലം പോലെ ആ മദർഷിപ്, ടഗുകളുടെ അകമ്പടിയിൽ തുറമുഖത്തിന്റെ പുലിമുട്ടിനുള്ളിലേക്ക് അലസമായി വന്നു നിന്നു. ത്രിവർണ പതാക വീശിയും ആർപ്പുവിളിച്ചും നാട്ടുകാർ അതിഥിയെ ആവേശത്തോടെ സ്വീകരിച്ചു. തുറമുഖത്ത് മന്ത്രിമാരായ വി.എൻ.വാസവൻ, ജി.ആർ.അനിൽ, എം.വിൻസന്റ് എംഎൽഎ, തുറമുഖ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ കാഴ്ചയ്ക്കു സാക്ഷികളായി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോട് അടുക്കുന്ന ആദ്യ മദർഷിപ് സാൻ ഫെർണാണ്ടോ വാട്ടർ സല്യൂട്ട് സ്വീകരിക്കുന്നു. ചിത്രം:മനോരമ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോട് അടുക്കുന്ന ആദ്യ മദർഷിപ് സാൻ ഫെർണാണ്ടോ വാട്ടർ സല്യൂട്ട് സ്വീകരിക്കുന്നു. ചിത്രം:മനോരമ

രാജ്യാന്തര തുറമുഖത്തേക്ക് ടഗുകളുടെ അകമ്പടിയോടെ നീങ്ങിയ ആദ്യ ചരക്കു കപ്പൽ സാൻ ഫെർണാണ്ടോയ്ക്ക് ആഴിമല ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ കരയിൽ നിന്നു ആരതിയും ജലധാര വർഷവും നടത്തി. ക്ഷേത്ര പൂജാരി ജ്യോതിഷ് പോറ്റി ആരതി ഉഴിഞ്ഞു. പിന്നാലെ കപ്പലിനെ ലക്ഷ്യമാക്കി കടലിലേക്ക് ശക്തിയോടെ ജലധാര വർഷമുണ്ടായി. ചെണ്ടമേളം ആവേശമുയർത്തിയ അന്തരീക്ഷത്തിൽ നാട്ടുകാർ ദേശീയ പതാക വീശി ആഹ്ളാദം പ്രകടമാക്കി. കരിമരുന്നു പ്രയോഗം മാനത്ത് വർണമഴ പെയ്യിച്ചു. ക്ഷേത്ര പ്രസിഡന്റ് എസ്.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.വിജയൻ എന്നിവർ നേതൃത്വം നൽകി.

ലോകം വരും ഈ വഴി...
കൊളംബോ, സിംഗപ്പൂർ, പോർട്ട് കെലാങ്, സലാല തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴി 2019–20 ൽ ഇന്ത്യയിലേക്ക് എത്തിയ കണ്ടെയ്നറുകളുടെ എണ്ണം 29.3 ലക്ഷമാണ്. രാജ്യാന്തര തുറമുഖം തുറക്കുന്നതോടെ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് വലിയൊരളവു വരെ വിഴിഞ്ഞത്തിന് ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയും.  വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നൽകാൻ കേന്ദ്രസർക്കാർ മുന്നോട്ടു വച്ച നിർദേശങ്ങളിലൊന്നാണ് കുറഞ്ഞ കാർഗോ കൈകാര്യ നിരക്ക് . ഇതു മറ്റു പല തുറമുഖങ്ങളെ അപേക്ഷിച്ചു കുറവായതിനാൽ ട്രാൻസ്ഷിപ്മെന്റിനു വിഴിഞ്ഞത്തെ തിരഞ്ഞെടുക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കു പ്രചോദനമാകും. 

ഏറെ തൊഴിലവസരങ്ങൾ
ആയിരക്കണക്കിനു തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ടു മാത്രമല്ല, വ്യവസായങ്ങൾ‍, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകൾ തുറക്കും. മത്സ്യബന്ധന, അനുബന്ധ തൊഴിൽ മേഖലകൾ വളരും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സീഫുഡ് പാർക്ക് മത്സ്യ സംസ്കരണ മേഖലയിലെ വളർച്ചയ്ക്കു സഹായകമാകും. തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾക്കായി അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി അദാനി സ്കിൽ ഡവലപ്മെന്റ്  സെന്ററിന്റെ സഹകരണത്തോടെ വിഴിഞ്ഞത്ത് ആരംഭിച്ച സ്കിൽ സെന്റർ തുറമുഖ അധിഷ്ഠിത തൊഴിലുകളിൽ പരിശീലനം നൽകുന്നുണ്ട്.

ഏറ്റവുമടുത്ത്, ഏറെ ആഴത്തിൽ
കിഴക്കൻ ഏഷ്യയെയും യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽ പാതയോട് ഏറ്റവും അടുത്തുള്ള (18.5 കിലോമീറ്റർ), ഏറ്റവും ആഴമേറിയ (20 മീറ്റർ) സ്വാഭാവിക തുറമുഖമാണ് വിഴിഞ്ഞം. കൊളംബോ തുറമുഖത്തേക്ക് 90 കിലോമീറ്ററും സിംഗപ്പൂരിലേക്ക് 100 കിലോമീറ്ററും ദുബായിലേക്ക് 1500 കിലോമീറ്ററുമാണ് രാജ്യാന്തര കപ്പൽ പാതയിൽ നിന്നുള്ള അകലം. ഇവിടെയെല്ലാം തുറമുഖത്തിന്റെ ശരാശരി സ്വാഭാവിക ആഴം 14.5 മീറ്റർ ആണ്. രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് വിഴിഞ്ഞത്ത് എത്തിച്ചേരാനാകും.

രൂക്ഷം രാഷ്ട്രീയപ്പോര്
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ ഇടമില്ലാത്തതിൽ വിഷമമില്ലെന്നും ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്നു സ്ഥലത്തില്ലാത്തതിനാൽ ചടങ്ങിനു സാക്ഷിയാകാൻ എത്തില്ലെന്നും അറിയിച്ചു. ആദ്യ കപ്പൽ വന്ന് 9 മാസം കഴിഞ്ഞിട്ടും തീരദേശ സമൂഹത്തിന്റെ ദുരിതമകറ്റാൻ സർക്കാർ ഒരു ശ്രമവും നടത്താത്ത സാഹചര്യത്തിൽ ട്രയൽ റൺ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത് അനുചിതമാകുമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. തുറമുഖം കമ്മിഷൻ ചെയ്യുന്നതിനു മുൻപെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകണം. അതേസമയം, പദ്ധതി യുഡിഎഫിന്റെ കുഞ്ഞായതിനാൽ പങ്കെടുക്കുമെന്നാണ് സ്ഥലം എംഎൽഎയായ എം.വിൻസന്റ് എംഎൽഎയുടെ നിലപാട്. ഇന്നലെ ബെർത്തിലെത്തിയ കപ്പലിനെ മന്ത്രിമാർ സ്വീകരിക്കുന്ന ചടങ്ങിലും വിൻസന്റ് പങ്കെടുത്തു.

ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് വിഴിഞ്ഞത്തേതെന്നും 5595 കോടി രൂപ പദ്ധതിക്കായി മുടക്കേണ്ടിയിരുന്നിടത്ത് 884 കോടി മാത്രം നൽകിയ പിണറായി സർക്കാരിന് ഈ പദ്ധതിയിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നു പറഞ്ഞ് അഴിമതിയാരോപണം ഉന്നയിച്ച അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും പറഞ്ഞു. നാടിന്റെ വികസനത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സർക്കാരും തുറമുഖത്തിനായി പ്രവർത്തിച്ചതെങ്കിൽ രാജ്യാന്തര ലോബിയുടെ ചട്ടുകമായി മാറുകയാണു പിണറായിയും കൂട്ടരും ചെയ്തതെന്നു കെ.സുധാകരൻ ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയിൽ യുഡിഎഫിന്റെ പങ്കു സമ്മതിക്കുന്നതിൽ പിണറായി സർക്കാരിന് അസഹിഷ്ണുതയാണെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ കുറ്റപ്പെടുത്തി.

ചരിത്രം തിരയടിക്കുന്ന വിഴിഞ്ഞം 
തിരുവനന്തപുരം∙ പായ്ക്കപ്പലുകളും പത്തേമാരികളും നങ്കൂരമിട്ട തീരത്ത് കാലത്തിനിപ്പുറം ചരക്കുമായി കൂറ്റൻ മദർ ഷിപ്പുകൾ എത്തുമ്പോൾ വിഴിഞ്ഞം ആഹ്ളാദത്തിലാണ്. തലസ്ഥാന നഗരിയിൽ നിന്ന് 17 കിലോമീറ്റർ അകലെ, കോവളത്തിനടുത്താണ് നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട വിഴിഞ്ഞം. 8–ാം നൂറ്റാണ്ടു മുതൽ 14ാം നൂറ്റാണ്ടു വരെ ‘ആയ്’ രാജവംശത്തിന്റെ കീഴിലായിരുന്നു തെക്കൻ കേരളത്തിലെ ഈ സുപ്രധാന തുറമുഖം. ആയ് രാജാക്കൻമാരുടെ തലസ്ഥാനവും സൈനിക കേന്ദ്രവും വിഴിഞ്ഞമായിരുന്നു. തമിഴ് സംഘം കൃതികളായ അകനാന്നൂറിലും, പുറനാന്നൂറിലും ആയ് രാജാക്കാൻമാരുടെ വിഴിഞ്ഞം അധിനിവേശത്തെക്കുറിച്ച് പരാമർശമുണ്ട്. 

അറബികൾ, റോമാക്കാർ തുടങ്ങി വിദേശീയരുടെ ഒട്ടേറെ പായ്ക്കപ്പലുകൾ കച്ചവടത്തിന് എത്തിയിരുന്നു.  പുരാതന വിഴി‍ഞ്ഞത്തിന്റെ മുഖമുദ്ര ‘കാന്തള്ളൂർ ശാല’ എന്നറിയപ്പെടുന്ന വിശ്വവിദ്യാലയമായിരുന്നു. ‘നളന്ദ’, ‘തക്ഷശില’ തുടങ്ങിയവയ്ക്കൊപ്പം പേരു കേട്ട കാന്തള്ളൂർ ശാലയിൽ ചൈനയിൽ നിന്നു വരെ വിദ്യാർഥികൾ എത്തിയിരുന്നതായും ചരിത്രരേഖകളിൽ പറയുന്നു. ചോള രാജാവായ രാജരാജ ചോളൻ നഗരത്തിന് ‘രാജേന്ദ്ര ചോള പട്ടണം’ എന്നു പേരിട്ടു. വിഴിഞ്ഞം പാണ്ഡ്യ രാജാക്കൻമാരുടെയും വേണാടിന്റെയും, ഒടുവിൽ തിരുവിതാംകൂറിന്റെയും ഭാഗമായി.  7–ാം നൂറ്റാണ്ടിൽ ചോള–പാണ്ഡ്യ യുദ്ധം നടന്നു. അക്കാലത്തെ പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങൾ ഇപ്പോഴും ഇവിടെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്.

കപ്പലിൽ മലയാളി ഉൾപ്പെടെ 5 ഇന്ത്യക്കാർ
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖ ബെർത്തിലേക്ക് ഇന്നലെ അടുത്ത ആദ്യ കണ്ടെയ്നർ കപ്പൽ സാൻ ഫെർണാണ്ടോയിൽ മലയാളി അടക്കം 5 ഇന്ത്യാക്കാർ‍. പാലക്കാട് വാണിയംകുളം സ്വദേശി പ്രജീഷ് ഗോവിന്ദരാജ് ആണ് മലയാളി. കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറാണ് (ഇടിഒ) പ്രജീഷ്. സെക്കൻഡ് ഓഫിസർമാരായ കൊൽക്കത്ത സ്വദേശി പർമാൺ മുഖർ‌ജി, കോയമ്പത്തൂർ സ്വദേശി കൃഷ്ണകുമാർ ദുരൈസാമി, ചീഫ് എൻജിനീയർ ബീഹാർ സ്വദേശി ശുഭംഗർ സിൻഹ, ഇടിഒ ട്രെയിനി ആന്ധ്രാ സ്വദേശി സുരേശൻ മൗഡിലു എന്നിവരാണ് മറ്റ് ഇന്ത്യാക്കാർ. ആകെ 22 ജീവനക്കാരുള്ള (ക്രൂ) കപ്പലിന്റെ ക്യാപ്റ്റൻ റഷ്യക്കാരനായ വ്ലാഡിമർ ബോണ്ടാരങ്കോ ആണ്. കപ്പലുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലയിലും മലയാളിയുണ്ട്–  തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജി.എൻ.ഹരി. ചരക്കു കപ്പലുകൾ തുറമുഖങ്ങളിലേക്ക് അടുപ്പിക്കുമ്പോൾ അതതു രാജ്യങ്ങളിലെ ക്യാപ്റ്റന്മാരാണ് (പൈലറ്റ്) പ്രത്യേക ചാനൽ മുതൽ ബെർത്ത് വരെ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഇന്നലെ ‘സാൻ ഫെർണാണ്ടോ’ കപ്പലിനെ പുറംകടലിൽ നിന്നു തുറമുഖത്തേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ടവരിൽ 2 മലയാളി പൈലറ്റുമാരുണ്ടായിരുന്നു. വടക്കേ ഇന്ത്യക്കാരനായ ക്യാപ്റ്റൻ തുഷാർ കനിത്കറുടെ ഒപ്പമുണ്ടായിരുന്ന മലയാളി സഹ ക്യാപ്റ്റന്മാർ സിബി ജോർജ്, നിർമൽ സഖറിയ എന്നിവരാണ്.

വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചതിന്റെ ക്രെഡിറ്റ് എൽഡിഎഫിന്: ചാണ്ടി ഉമ്മൻ 
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നതു വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എൽഡിഎഫിന് അവകാശപ്പെടാൻ കഴിയുകയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. 2015ൽ പദ്ധതിക്കു തുടക്കം കുറിക്കുമ്പോൾ 1000 ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. അങ്ങനെയെങ്കിൽ 2019ൽ തീരേണ്ട പദ്ധതി ഇത്രയും താമസിപ്പിച്ചത് ഇടതു സമരം കാരണമാണ്. തറക്കല്ലിടാൻ പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് പദ്ധതി നടപ്പാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ലത്തീൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. വിഎസ്എസ്‍സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരാനായി ത്യാഗം ചെയ്തവരാണ് ലത്തീൻ സമുദായം. അവരെ ചേർത്തു പിടിക്കണം. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

തീരമണഞ്ഞ നാൾവഴി
∙ 1991 മുതൽ വിവിധ കാലങ്ങളിൽ വിഴിഞ്ഞം പദ്ധതി പല ഘട്ടങ്ങളിലെത്തി റദ്ദായി. 
∙ 2013ൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം നിർമിക്കാൻ ടെൻഡർ നടപടികളിലൂടെ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണിന് അനുമതി ലഭിച്ചു.
∙ ഡിസംബർ 4ന് ആഗോള ടെൻഡർ ക്ഷണിച്ചു. 
∙ 2014 ഏപ്രിൽ 7ന് വയബിലിറ്റി ഗ്യാപ് ഫണ്ടിനായി(വിജിഎഫ്) കേന്ദ്ര ധനകാര്യ വകുപ്പിന് അപേക്ഷ നൽകി.
∙ 2015 ജനുവരി 3ന് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി ലഭിച്ചു. 
∙ ഫെബ്രുവരി 3 ന് കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്, ആസൂത്രണ കമ്മിഷൻ, ഷിപ്പിങ് മന്ത്രാലയം, എന്നിവയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം വിജിഎഫ് അപേക്ഷ അംഗീകരിച്ചു. വിജിഎഫ് ലഭിക്കുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.
∙ഏപ്രിൽ 24ന് അദാനി പോർ‌ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ബിഡ് സമർപ്പിച്ചു. 
∙ മേയ് 7ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി ബിഡ് സ്വീകരിക്കാൻ ശുപാർശ നൽകി. 
∙ ജൂലൈ 13ന് അദാനി പോർട്സ് സമർപ്പിച്ച ബിഡ് അംഗീകരിച്ച് കത്തു നൽകി. 
∙ ഡിസംബർ 5ന് തുറമുഖ നിർമാണത്തിനു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു. 
∙ 2023 സെപ്റ്റംബർ 30ന് ചൈനയിൽനിന്ന് ചരക്ക് കപ്പലായ ഷെൻഹുവ–15  പുറപ്പെട്ടു. 
∙ ഒക്ടോബർ 15ന് ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തി. ഇന്നലെ ആദ്യത്തെ കണ്ടെയ്നർ കപ്പലും വിഴിഞ്ഞം തുറമുഖത്ത് എത്തി.

കേരളത്തിന്റെ വികസന ഭൂപടം മാറ്റിവരച്ചു തുടങ്ങുന്ന അഭിമാന മുഹൂർത്തമാണിത്. തലസ്ഥാന നഗരിയുടെ ചരിത്രപരമായ പ്രത്യേകതകളും സാംസ്കാരികമായ സവിശേഷതയും ഈ വികസന മുന്നേറ്റത്തിനു തിളക്കം കൂട്ടും. രാജ്യത്ത് സമുദ്രാധിഷ്ഠിത വ്യവസായ വാണിജ്യ മേഖലയുടെ കേന്ദ്രമായി കേരളവും വിഴി​ഞ്ഞവും മാറും. നികുതി വരവിലും ഉൽപാദന മേഖലയിലും സംസ്ഥാനം വളർച്ച നേടും.

വിഴിഞ്ഞം തുറമുഖം ട്രയൽ റണ്ണിനു സജ്ജമാകുമ്പോൾ അതിനു പിന്നിൽ സർക്കാരിനു വേണ്ടി പ്രവർത്തിച്ചവരിൽ ഒരാൾ എന്ന നിലയിൽ അഭിമാനമുണ്ട്. തുറമുഖം മാത്രം വന്നതുകൊണ്ടായില്ല, അനന്തമായ സാധ്യതകൾ കൂടി നമ്മൾ തേടണം. നല്ലനിലയ്ക്കു സ്വകാര്യ പങ്കാളിത്തവും നിക്ഷേപവും ഇതിന്റെ ചുവടുപിടിച്ചു വരണം. ഏറ്റവും ചെലവു കുറ‍ഞ്ഞ കയറ്റുമതി നടക്കുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാനാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com