ADVERTISEMENT

നെയ്യാറ്റിൻകര ∙ ‘അമ്മയ്ക്കു നല്ലൊരു വീടു നിർമിച്ചു തരുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന എന്റെ മോൻ പോയില്ലേ!’ ആ ഓർമയുടെ കണ്ണീർ തുടച്ചുകൊണ്ട് പി.മെൽഹി അടുത്തിരുന്നവരോടു ചോദിച്ചു, ‘അവനെ അടക്കിയ രണ്ടര സെന്റിന് ഇതുവരെ പോക്കുവരവ് രേഖ പോലും കിട്ടിയിട്ടില്ല. പിന്നെ എവിടെ വീടുവയ്ക്കാൻ അല്ലേ?’ ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ശുചീകരണത്തൊഴിലാളി എൻ.ജോയിയുടെ മാരായമുട്ടം വടകരയിലെ വീട്ടിൽ കഴിയുന്ന അമ്മ പി.മെൽഹിയെ കാണാനും ആശ്വസിപ്പിക്കാനും എത്തിയത് ഒട്ടേറെപ്പേർ. മകന്റെ ഓർമകളിൽ നിന്ന് വിട്ടുമാറാതെ അമ്മ മെൽഹിയും. 

ശനിയാഴ്ച രാവിലെ 6നു പഴങ്കഞ്ഞിയും കുടിച്ചുകൊണ്ടു പോയതാണു മകൻ. മോന് എന്തെങ്കിലും ഭക്ഷണം കൊടുക്കാമെന്നു കരുതി മെൽഹി രാവിലെ എണീറ്റെങ്കിലും തലചുറ്റൽ അനുഭവപ്പെട്ടപ്പോൾ വീണ്ടും കിടന്നു. മെൽഹിയും ജോയിയും താമസിക്കുന്ന വീട്ടിലേക്കു കയറുക തന്നെ ദുഷ്കരം. ‘ജോയി മൂന്നുതവണ താഴേക്കു വീണു. അന്നൊക്കെ മരണത്തിൽ നിന്നു ദൈവം കാത്തു. പക്ഷേ, വിധിയുടെ ഒഴുക്കിൽ അവനെ നഷ്ടമായി’ കണ്ണീർ വീണ കവിൾ മെൽഹി തുടച്ചു. റോഡിൽ നിന്നു വീട്ടിലേക്കു കയറുന്ന പടിക്കെട്ടുകൾ തകർന്നു. മലയുടെ മുകളിലുള്ള വഴിയേ ഏറെ നടന്നാലേ റോഡിൽ എത്താൻ പറ്റുകയുള്ളൂ. പുറത്തേക്ക് ഇറങ്ങുന്നതിനിടെ അകത്തേക്കു നോക്കി ജോയി അന്നും പറഞ്ഞു, ‘ശ്രദ്ധിക്കാതെ താഴേക്ക് ഇറങ്ങരുതേ. വീഴും. അമ്മയ്ക്ക് ഞാൻ ഒരു വീട് നിർമിച്ചുതരാം, കേട്ടോ...’ 

നി ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്. പ്രായമായ അമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു. അപകടത്തിന്റെ ഉത്തരവാദി ആരെന്ന് അന്വേഷിച്ച് കണ്ടെത്തണം. സംഭവത്തിൽ നിന്ന് റെയിൽവേയും കോർപറേഷനും പാഠം ഉൾക്കൊള്ളണം. ഇരുകൂട്ടർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനെയും റെയിൽവേ മന്ത്രിയെയും താൻ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. 

മെൽഹിയുടെ വീട്ടിൽ നിന്നു 25 മീറ്റർ ദൂരത്തിൽ കുത്തനെ താഴെയാണു മൂത്തമകൻ എൻ. കോശിയുടെ മലഞ്ചെരിവിൽ വീട്. ജോയിയുടെ മരണത്തോടെ കോശിയുടെ വീട്ടിലാണു മെൽഹി. ‘കുട്ടിയായിരിക്കെ തന്നെ നീന്താൻ മിടുക്കനാണ് അവൻ. വെള്ളത്തെ ഭയമില്ല. ഒടുവിൽ ജോയി വെള്ളത്തിൽ തന്നെ....’വാക്കുകൾ പൂർത്തീകരിക്കാൻ മെൽഹിക്ക് ആയില്ല. അപ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. അദ്ദേഹം മെൽഹിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. തന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഗവർണർ പറഞ്ഞപ്പോൾ കൂപ്പിയ കൈ കൊണ്ടു മെൽഹി പിന്നെയും കണ്ണു തുടച്ചു.

ആശ്വാസവാക്കുകളുമായി മതേതര കൂട്ടായ്മ
ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി തലസ്ഥാനത്തിന്റെ മതേതര കൂട്ടായ്മ എത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ബിഷപ് മാത്യൂസ് മോർ സിൽവാനിയോസ്, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ്  സെബാസ്റ്റ്യൻ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല എന്നിവരാണു മാരായമുട്ടം വടകരയിലെ വീട്ടിൽ എത്തി അമ്മ പി.മെൽഹിയെയും സഹോദരങ്ങളായ കോശിയെയും ജെൽസിയെയും ജോളിയെയും ആശ്വസിപ്പിച്ചത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നു സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം: തീരുമാനം ഇന്ന് 
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോടു വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ജോയിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് മന്ത്രിസഭ ഇന്നു തീരുമാനമെടുക്കും. ധനസഹായവും വീടും നൽകാനാണു സർക്കാർതലത്തിലെ ആലോചന. സ്ഥലം ലഭ്യമാക്കിയാൽ ജോയിയുടെ സ്വദേശമായ മാരായമുട്ടത്ത് വീടു നിർമിച്ചു നൽകാൻ കോർപറേഷനും ആലോചിക്കുന്നുണ്ട്.  സി.കെ.ഹരീന്ദ്രൻ എംഎൽഎ ജോയിയുടെ കുടുംബത്തിനു സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com