ADVERTISEMENT

തിരുവനന്തപുരം∙ പൊതു നിരത്തിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഇന്നലെ 62,090 രൂപ പിഴ ചുമത്തി. ആമയിഴഞ്ചാൻ തോടും കരമനയാറുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനിടെ 3 ഇരു ചക്രവാഹനങ്ങൾ  പിടികൂടി. ഇവയുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ഫോർട്ട്, കരമന പൊലീസ് സ്റ്റേഷനുകൾക്ക് കത്ത് നൽകി. മലിനജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിയതിന്  ശ്രീകാര്യം, പാങ്ങപ്പാറയിലെ ഒരു  സ്ഥാപനത്തിനെതിരെ   കേസെടുക്കാൻ  ശ്രീകാര്യം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശം നൽകി. 

കൊച്ചുവേളി വ്യവസായ എസ്റ്റേറ്റിൽ പൂട്ടിക്കിടക്കുന്ന   സ്ഥാപനത്തിൽ ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്ന സംഭവത്തിലും നടപടി. മാലിന്യം ശേഖരിക്കാൻ കരാർ എടുത്ത വ്യക്തിക്ക് വലിയതുറ പൊലീസും കോർപറേഷൻ ആരോഗ്യ വിഭാഗവും  മുന്നറിയിപ്പ് നൽകി. പൊതു നിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള പരിശോധനയ്ക്ക് ഇനി പൊലീസിന്റെ സഹായവുമുണ്ടാകും. ഇതിനായി കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി.  മേയറുടെ അഭ്യർഥന പ്രകാരമാണ് നടപടി.

ശുചീകരണ തൊഴിലാളികളെ ആക്രമിക്കാൻ ശ്രമം: കേസെടുത്തു
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട്ടിലേക്ക് ബീയർ കുപ്പി വലിച്ചെറിയുകയും കോർപറേഷന്റെ ശുചീകരണ തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവർ തകരപ്പറമ്പിലെ മൊബൈൽ കട ജീവനക്കാരാണെന്നാണ് വിവരം. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണർക്ക് മേയർ നൽകിയ കത്തിനെത്തുടർന്നാണ് നടപടി .  തിങ്കളാഴ്ച അർധരാത്രിയാണ് തുമ്പൂർമുഴി എയ്റോബിക് ബിൻ പരിപാലന ചുമതലയുള്ള താൽക്കാലിക ശുചീകരണ തൊഴിലാളികളായ രാഹുൽ, രാജീവ് എന്നിവർക്കു നേരെ ആക്രമണമുണ്ടായത്.  മൊബൈൽ കടയുടെ മുകളിൽ നിന്ന് നിന്നു ബീയർ കുപ്പികൾ വലിച്ചെറിഞ്ഞതിനെത്തുടർന്ന് 5010 രൂപ പിഴ ഈടാക്കാൻ  നോട്ടിസ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം.

'ലൈഫ് ലൈൻ' ; തൊഴിലാളികൾക്ക് പുതിയ അറിവ്
തിരുവനന്തപുരം ∙ ‘മാൻ ഹോളും ടണലുകളും വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ റോപ്പിന്റെ ഒരറ്റം തൊഴിലാളിയുടെ ശരീരത്തിലും മറ്റേ അഗ്രം ടണലിനോ മാൻഹോളിനോ പുറത്ത് ഉറപ്പുള്ള ഒരു സ്ഥലത്തും കെട്ടുന്നതാണ് 'ലൈഫ് ലൈൻ'. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് ജോയി മരിക്കാൻ ഇടയായത് ഇങ്ങനെ ചെയ്യാത്തതു കൊണ്ടാണ്.’  അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരുടെ ഈ വിശദീകരണം   കോ‍ർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് പുത്തൻ അറിവായിരുന്നു. ഇതിനു മുൻപ് ആരും ഇതൊന്നും പറഞ്ഞിട്ടില്ല.  തൊഴിൽ വൈദഗ്ധ്യം നൽകുന്നതിന്റെ ഭാഗമായി  ശുചീകരണ തൊഴിലാളികൾക്ക് നൽകിയ പരിശീലനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

പരിശീലനം ഇന്നും നാളെയും തുടരും. കോർപറേഷന്റെ അഭ്യർഥന പ്രകാരമാണ് പരിശീലനം സംഘടിപ്പിച്ചത്. ഗം ബൂട്ട്, ഗ്ലൗസ്,  ഷീൽഡ് തുടങ്ങിയവ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു. മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് തീ പിടിത്തമുണ്ടായാൽ അണയ്ക്കുന്നതിനുള്ള യന്ത്രം പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ചും പരിശീലനം നൽകി. എസ്.എം. വിഷ്ണു നാരായണൻ, ബി. ജീവൻ, ഹരിലാൽ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ പി.കെ. രാജു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു, റീജനൽ ഫയർ ഓഫിസർ അബ്ദുൽ റഷീദ്, ജില്ലാ ഫയർ ഓഫിസർ എസ്. സൂരജ്, എസ്.എസ്. നിധിൻരാജ്, കെ. ഷാജി എന്നിവർ പ്രസംഗിച്ചു.

പിഴ ഈടാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് സിപിഎം നേതാവിന്റെ ഭീഷണി
തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളിയതിനു പിഴ ചുമത്തിയ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ കമ്മിറ്റി അംഗം. തെറ്റ് ബോധ്യമായതിനെ തുടർന്ന് പിഴ ഒടുക്കാൻ മാലിന്യം തള്ളിയവർ തയാറായെങ്കിലും ലോക്കൽ കമ്മിറ്റി അംഗം സമ്മതിച്ചില്ല. ഒടുവിൽ പിഴ നോട്ടിസ് നൽകാതെ ഉദ്യോഗസ്ഥ സംഘം മടങ്ങി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നേറുന്ന കോർപറേഷന് പ്രാദേശിക ഇടത് നേതാക്കളുടെ ഇടപെടൽ തലവേദനയായി. 

ചൊവ്വാഴ്ച രാത്രി തമ്പാനൂർ തോപ്പിലാണ് സംഭവം. പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യം വീടിന്റെ ജനാല വഴി ആമയിഴഞ്ചാൻ തോട്ടിലേക്ക് തള്ളുന്നത് രാത്രി കാല പരിശോധക സംഘം കണ്ടെത്തി. ഇവർക്ക് പിഴ നോട്ടിസ് നൽകാനെത്തിയപ്പോഴാണ് സിപിഎം തമ്പാനൂർ ലോക്കൽ കമ്മിറ്റി അംഗം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഹരിത കർമ സേനാംഗങ്ങൾ വലിയ ചാക്കുകളിലാക്കി മാലിന്യം തള്ളുന്നുണ്ടെന്ന് ലോക്കൽ കമ്മിറ്റി അംഗം ആരോപിച്ചു. തെളിവുണ്ടെങ്കിൽ നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറി. ഉദ്യോഗസ്ഥരും പ്രാദേശിക നേതാവും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പിഴ അടയ്ക്കാൻ മാലിന്യം തള്ളിയവർ തയാറായെങ്കിലും  ലോക്കൽ കമ്മിറ്റി അംഗം സമ്മതിച്ചില്ല.  ഉദ്യോഗസ്ഥ സംഘം നിസ്സഹായരായി മടങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com