ADVERTISEMENT

വിതുര∙ പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ്  വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടും മൗനം പാലിച്ച് വനം വകുപ്പ്.  ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നിർദ്ദേശാനുസരണം ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസി(എഫ്ഡിഎ) യോഗത്തിലാണ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം വന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം  ശക്തമാണ്. മൂന്ന് ദിവസം മുൻപ് ‘മനോരമ’ ഫീസ് വർധന സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ കോൺഗ്രസും ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. 

ഡിവൈഎഫ് വിതുര മേഖലാ കമ്മിറ്റി ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രി, ഡിഎഫ്ഒ, റേഞ്ച് ഓഫിസർ എന്നിവർക്ക് നിവേദനവും നൽകി. അതേ സമയം ഈ വരുന്ന് ഒന്നാം തീയതി മുതൽ വർധിപ്പിച്ച ഫീസ് നിലവിൽ വന്നേക്കുമെന്ന സൂചനയുണ്ട്. അഞ്ച് പേർ ഒരു കാറിൽ പൊന്മുടിയിൽ എത്തിയാൽ അഞ്ച് പേർക്ക് 80 രൂപ വീതവും വാഹനത്തിന്റെ തുകയും ഉൾപ്പെടെ 500 രൂപയിലേക്ക് അടുക്കും. പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾക്ക് ഇതിന്റെ  ഗുണം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ 500 രൂപയാണ് ഓരോ അംഗങ്ങൾക്കും ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളിൽ ലഭിക്കുന്നത്. 

വിദേശികളുടെ പ്രവേശന ഫീസ് കുറച്ചേക്കും
വിതുര∙ പ്രവേശന ഫീസും പാർക്കിങ് ഫീസും ഇരട്ടിയായി വർധിപ്പിക്കുമെങ്കിലും വിദേശികളുടെ ഫീസ് കുറച്ചേക്കും. നിലവിൽ ഒരു വിദേശിക്കു പൊന്മുടിയിൽ പ്രവേശിക്കാൻ 300 രൂപയാണ് ഈടാക്കുന്നത്. അത് 200 ആക്കും. വിദേശത്തു നിന്നുള്ള കുട്ടികളുടെ ഫീസ്  225 രൂപയാണ് ഇതിലും കുറവ് വരുത്തിയേക്കും. 

സമരം നടത്തും
വിതുര∙ പൊന്മുടി, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രവേശന ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ സമരം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് അരുവിക്കര മണ്ഡലം പ്രസിഡന്റ് റിയാസ് മുഹമ്മദ്, ജനറൽ സെക്രട്ടറി ഷെരീഫ് കുറ്റിച്ചൽ എന്നിവർ അറിയിച്ചു.

ഫീസ് വർധന ഇങ്ങനെ 
( വിഭാഗം, നിലവിലെ ഫീസ്(രൂപയിൽ), വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നത് എന്ന ക്രമത്തിൽ.)
∙മുതിർന്നവർ(പ്രവേശനം): 40, 80
∙കുട്ടികൾ(പ്രവേശനം): 20, 40
∙വിദേശികൾ(പ്രവേശനം): 300, 200 ആയി കുറയ്ക്കും.
∙വിദേശ കുട്ടികൾ: 225, കുറയ്ക്കും
∙ഇരുചക്ര വാഹനം പാർക്കിങ്: 20, 40
∙മുച്ചക്ര വാഹനം പാർക്കിങ്: 30, 60
∙ലൈറ്റ് മോട്ടർ വാഹനം; 40, 80
∙മീഡിയം മോട്ടർ വാഹനം: 80, 160(പരമാവധി)
∙ഹെവി മോട്ടർ വാഹനം: 100, 200(പരമാവധി)
∙ഇതിനോടൊപ്പം സ്റ്റിൽ ക്യാമറ(നിലവിൽ 70), മൂവി കാമറ(നിലവിൽ 500) ഉപയോഗിക്കാനുള്ള ഫീസും വർധിപ്പിച്ചേക്കും
∙ ട്രക്കിങ് പാക്കേജുകളിൽ ഫീസ് വർധനയുണ്ടായേക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com