ADVERTISEMENT

തിരുവനന്തപുരം ∙ അംഗീകൃത ഏജൻസികൾക്ക് ജൈവ, അജൈവ മാലിന്യം കൈമാറാത്ത വൻകിട സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരെ പിടികൂടാൻ ചരക്കു സേവന നികുതി വകുപ്പിന്റെ സഹായം തേടി കോർ‍പറേഷൻ. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിറ്റുവരവ് കണക്കാക്കി അവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നതിന് വേണ്ടിയാണിത്.  ഉൽപാദിപ്പിക്കപ്പെടുന്നതിൽ വളരെ കുറച്ച് അളവ് മാലിന്യം അംഗീകൃത ഏജൻസികൾക്കും ബാക്കി അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കും നൽകി കോർപറേഷനെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടം, അറവു ശാലകളിൽ നിന്നുള്ള മാലിന്യം, ഗ്രഹോപകരണങ്ങൾ പൊതിഞ്ഞു വരുന്ന തെർമോക്കോൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യം എന്നിവയാണ് പ്രധാനമായും നഗരത്തിലെ നീരൊഴുക്കുകളെ മലിന മാക്കുന്നതെന്നാണ് കണ്ടെത്തൽ. ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും അംഗീകൃത ഏജൻസികൾ ശേഖരിക്കുന്ന അളവും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചരക്കുസേവന നികുതി വകുപ്പിൽ നിന്ന് കണക്കുകൾ ശേഖരിക്കാൻ കോർപറേഷൻ തയാറെടുക്കുന്നത്. അംഗീകൃത ഏജൻസികളായി കോർപറേഷൻ ചുമതലപ്പെടുത്തിയിട്ടുള്ള പന്നി ഫാം ഉടമകൾ ജൈവ മാലിന്യം കിലോഗ്രാമിന് 5 രൂപ നിരക്കിലാണ് സ്വീകരിക്കുന്നത്. ഇതിലും കുറഞ്ഞ തുകയ്ക്കാണ് അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണാവശിഷ്ടം ശേഖരിക്കുന്നത്. 

മാലിന്യം തള്ളി,  ഉടൻ പിഴ
അനധികൃത മാലിന്യം തള്ളൽ തടയുന്നതിന് നിയോഗിച്ചിട്ടുള്ള നൈറ്റ്, ഡേ സ്ക്വാഡുകൾ വ്യാഴാഴ്ച രാത്രി ഒരു ഓട്ടോറിക്ഷ പിടികൂടി. 15,020 രൂപ പിഴ ചുമത്തി. തിരുമല ഹെൽത്ത് സർക്കിൾ പരിധിയിലെ കിള്ളിയാറിൽ മാലിന്യം നിക്ഷേപിച്ച പിക് അപ് വാനും പിടികൂടി. ഇന്നലെ 41,080 രൂപ പിഴ ചുമത്തി. വെള്ളയമ്പലം ആൽത്തറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന വൻകിട സ്ഥാപനത്തിന് 10,010 രൂപ പിഴ ചുമത്തി. മാലിന്യം സംസ്കരിക്കാതെ കൂട്ടി വയ്ക്കുകയും അഴുകിയ മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുകയാണെന്ന് മേയറുടെ മൊബൈലിൽ ഫോട്ടോ സഹിതം ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതേ ഗ്രൂപ്പിന്റെ അട്ടക്കുളങ്ങരയിലെ സ്ഥാപനത്തിനും നേരത്തെ നോട്ടിസ് നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com