ADVERTISEMENT

തിരുവനന്തപുരം ∙ സ്മാർട് റോഡ് നിർമാണത്തിന്റെ ഭാഗമായി മാനവീയം വീഥിക്ക് സമീപം ഒന്നര മാസം മുൻപ് എടുത്ത കുഴിയിൽ വീണ് ഇറിഗേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് പരുക്ക്. ആൽത്തറ– തൈക്കാട് സ്മാർട് റോഡിലാണ് സംഭവം.പത്ത് അടിയോളം താഴ്ചയുള്ള കുഴിയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കിടന്നയാളെ മാനവീയം വീഥിയിൽ സായാഹ്ന സവാരിക്ക് എത്തിയ ദമ്പതികളാണ് രക്ഷപ്പെടുത്തിയത്. അപകടത്തിന് പിന്നാലെ കുഴിക്കു സമീപം ബാരിക്കേഡ് സ്ഥാപിച്ച് നിർമാണ കമ്പനി സുരക്ഷാ സംവിധാനമൊരുക്കി.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഡിപിഐയ്ക്ക് സമീപം താമസിക്കുന്ന സുബ്രഹ്മണ്യം പിള്ളയാണ് അപകടത്തിൽപെട്ടത്. വൈകുന്നേരത്തെ നടത്തത്തിനു വേണ്ടിയാണ് വഴുതക്കാട്– വെള്ളയമ്പലം റോഡ് തിരഞ്ഞെടുത്തതെന്ന് സുബ്രഹ്മണ്യം പിള്ള പറഞ്ഞു.റോഡ് കുറുകെ കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വാഹനങ്ങളുടെ ലൈറ്റിന്റെ വെളിച്ചത്തിൽ റോഡ് കൃത്യമായി കാണാൻ കഴിഞ്ഞില്ല.

മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുമ്പോൾ ഇടതു കാൽ കുഴിയിൽ അകപ്പെട്ടു. പിന്നാലെ കുഴിയിലേക്ക് വീഴുകയായിരുന്നു. കൈക്ക് പരുക്കുണ്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും സമയത്ത് ലഭിച്ചില്ലെന്ന് സുബ്രഹ്മണ്യം പിള്ള പറഞ്ഞു. നിലവിളി കേട്ട് എത്തിയ ദമ്പതികളാണ് സുബ്രഹ്മണ്യം പിള്ളയെ രക്ഷിച്ചത്.ടാങ്കർ ലോറി കുറുകെ നിർത്തിയിട്ടാണ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. അപകടത്തിന് പിന്നാലെ കുഴിക്ക് ചുറ്റും ബാരിക്കേഡ് സ്ഥാപിച്ചു.ഇന്റർ കണക്‌ഷൻ നൽകുന്നതിന്റെ ഭാഗമായി പുതിയ ശുദ്ധജല പൈപ്പ് ലൈനും പഴയ ലൈനും തമ്മിൽ ബന്ധിപ്പിക്കുന്നതിനിടെ ഈ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി നടത്താനായി അന്ന് കുഴിച്ച കുഴിയാണ് മൂടാതെ നിലനിർത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com