ADVERTISEMENT

നെയ്യാറ്റിൻകര ∙ ‘ബോസ്’ എന്ന് അറിയപ്പെടുന്ന ലഹരി കച്ചവടക്കാരൻ വിദ്യാർഥികളെ വലവീശിപ്പിടിച്ചിരുന്നത് സമൂഹ മാധ്യമങ്ങളിലൂടെയെന്ന പൊലീസ്. പരിചയത്തിലായ ശേഷം കുട്ടികളെ ആദ്യം ലഹരിക്ക് അടിമയാക്കും. പിന്നാലെ ലഹരി വിതരണക്കാരാക്കുന്നതാണ് രീതി. റൂറൽ എസ്പി കിരൺ നാരായണനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അതിയന്നൂർ കൈതോട്ടുകോണം പ്ലാവിള പുത്തൻ വീട്ടിൽ ഷാൻ മാധവനെ (ബോസ്–40) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. 

ഫെയ്സ് ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് പരിചയം സ്ഥാപിക്കുന്നത്. ലഹരിക്ക് അടിമപ്പെടുമ്പോൾ കുട്ടികളിൽ നിന്ന് പണം ഈടാക്കും. പണം ഇല്ലാതെ വരുമ്പോൾ കുട്ടികളെ വിതരണക്കാരനാക്കുകയാണ് ചെയ്യുന്നതെന്ന് റൂറൽ എസ്പി കിരൺ നാരായണൻ പറ‍ഞ്ഞു. വിദ്യാർഥികളെ ഉൾപ്പെടുത്തി ലഹരി പാർട്ടികൾ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. ഇത്തരം പാർട്ടികളിൽ കുട്ടികൾക്ക് ചെറിയ അളവിൽ ലഹരി മരുന്നുകൾ നൽകും.

പിന്നീട് അവർ അറിയാതെ ഭക്ഷണ പദാർഥത്തിലും മറ്റും ലഹരി മരുന്നുകൾ നൽകി അവരെ അടിമകളാക്കി മാറ്റും. കുട്ടികൾ ചതി തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പലതും പറഞ്ഞു ഭീഷണിപ്പെടുത്തി ഇയാൾ രക്ഷപ്പെട്ടിരുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ കുടുംബങ്ങളുമായും ഇയാൾ സൗഹൃദം പുലർത്തിയിരുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. 

100 കിലോയോളം കഞ്ചാവുമായി 2 പേർ പിടിയിൽ
വെള്ളറട∙ തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 100 കിലോയോളം കഞ്ചാവ് വെള്ളറട പൊലീസ് പിന്തുടർന്ന് പിടികൂടി. കാറിലാണ് കഞ്ചാവ് കൊണ്ടുവന്നത്. കാറിലുണ്ടായിരുന്ന നിയാസ്, ഷമീർ എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 7ന് കുരിശുമല സംഗമവേദിക്കു സമീപം ആയിരുന്നു സംഭവം.

ഷൊർളക്കോട്– നെടുമങ്ങാട് റോഡിലൂടെ സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച ഇന്നോവ കാറിനെ പൊലീസ് പിന്തുടർന്നപ്പോൾ കൂതാളി കുരിശുമല റോഡിലേക്ക് കടത്തുകാർ പാഞ്ഞു. കുരിശുമല സംഗമവേദിക്ക് സമീപത്ത് കാർ ഉപേക്ഷിച്ച് കടക്കാൻ ശ്രമിച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. നൂറോളം കിലോ കഞ്ചാവ് കാറിനുള്ളിൽ‌ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി.

English Summary:

A drug dealer known as 'Boss' has been arrested in Neyyattinkara for targeting students through social media, getting them addicted to drugs and forcing them into peddling. The accused also organized drug parties and built close relationships with the victims' families. In a separate incident, police seized 100kg of ganja being smuggled into the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com