ADVERTISEMENT

വടക്കാഞ്ചേരി ∙ ലൈഫ് മിഷന്റെ ചരൽപ്പറമ്പിലെ വിവാദ ഫ്ലാറ്റ് സമുച്ചയത്തോടു ചേർന്ന് സിപിഎമ്മിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമൊരുങ്ങുന്നു. ഈ ആശുപത്രിയുടെ പണി എത്രയും വേഗം തീർക്കുകയാണ് ഇപ്പോൾ പാർട്ടിയുടെ ലക്ഷ്യം. മിനുക്കു പണികൾ പൊടിപൊടിക്കുകയാണ്. പ്രദേശത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം തുറക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിക്കുന്നുവെന്ന മറുപടി പറയാനുള്ള വേദിയാണ് ഒരുക്കുന്നത്. 200 അതിഥി തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ലോക്ഡൗൺ വന്നതോടെ ആരുമില്ലാതായി. അതിനാലാണ് ഫ്ലാറ്റ് നിർമാണം ഇഴയുന്നത്. എന്നാൽ ഇതിന്റെ ഭാഗമായ ആശുപത്രിയുടെ നിർമാണം തദ്ദേശ തൊഴിലാളികളെക്കൊണ്ട് തകൃതിയായി നടത്തുന്നു. പ്ലമിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. ടൈൽ അടുത്തയാഴ്ച വരും. അത് ഒട്ടിക്കാനുള്ള തൊഴിലാളികൾ സജ്ജമാണ്. അതിനു ശേഷം റോഡ് താൽക്കാലികമായി തുറക്കും.

പാവപ്പെട്ടവനു വേണ്ടിയുള്ള വീടിനും ആശുപത്രിക്കുമെതിരെയാണ് യുഡിഎഫും കോൺഗ്രസും എന്ന മുദ്രാവാക്യം സിപിഎം ആശുപത്രി ഉദ്ഘാടനത്തോടെ ശക്തമാക്കും. അടുത്ത മാസം രണ്ടിന് ഉദ്ഘാടനം നടത്താനാകുമോ എന്നാലോചിച്ചതാണ്. പക്ഷേ,മഴ തടസ്സമായി.  ഫ്ലാറ്റ് പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒന്നര വർഷമെടുക്കും. മഴ മൂലം റോഡു തകർന്നതിനാൽ ഈ കുന്നിലേക്കു നിർമാണ വസ്തുക്കൾ പോലും എത്തിക്കാനാകുന്നില്ല. ആശുപത്രി തുറക്കുന്നതിലൂടെ ഒരു രാഷട്രീയ യുദ്ധത്തിനുള്ള കളം ഒരുക്കാനും പാർട്ടിക്കു കഴിയുമെന്നാണു കരുതുന്നത്. 

"ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ അഴിമതിക്കെതിരെ പരാതി നൽകിയപ്പോൾ എന്നെ പുച്ഛിച്ച മുഖ്യമന്ത്രി പിണറായി വിജയനു രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി നൽകിയ മറുപടിയാണ് അന്വേഷണം. ഞാൻ നിയമസഭയിൽ നൂലിൽ കെട്ടി ഇറങ്ങിവന്ന ആളല്ല. വടക്കാഞ്ചേരിയിലെ ജനങ്ങളോടുള്ള ഒരു മുഖ്യമന്ത്രിയുടെ പുച്ഛമാണു ജനം കണ്ടത്. ഇപ്പോൾ അതിനുള്ള മറുപടിയും കണ്ടു. മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ അധികൃതരെ പ്രതികളാക്കിയാണു സിബിഐ കേസെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്തു തുടരാൻ അർഹതയില്ല. "  - അനിൽ അക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com