ADVERTISEMENT

തൃശൂർ∙ 1961 ഓഗസ്റ്റ് 13. ഞായറാഴ്ച സൺഡേ സ്കൂൾ കഴിഞ്ഞ് കുട്ടികൾ പിരിഞ്ഞു പോകുന്ന സമയം. കിഴക്കേക്കോട്ട മാർത്തോമ്മാ പള്ളിക്കെട്ടിടം പൊടുന്നനെ നിലംപതിച്ചു. ഒരാൾക്കു പോലും പോറലേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുമിനിറ്റു മുൻപായിരുന്നെങ്കിൽ എന്ന് ഭയത്തോടെ ആശങ്കപ്പെട്ടുപോയ, തൃശൂരിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന സംഭവം. പിന്നീട് അവിടെ നിർമിച്ച ചെറിയ പള്ളി 60 വർഷത്തിനുശേഷം പുതുക്കി നിർമിച്ചിരിക്കുന്നു. കൂദാശയാണ് നാളെ.

ഇപ്പോഴത്തെ മാർത്തോമ്മാ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 117 വർഷം മുൻപ് 1904ൽ നിർമിച്ച മാർത്തോമ്മാ ശാലോം ഹാളിൽ നിന്നാണു കിഴക്കേക്കോട്ട മാർ എബനേസർ മാർത്തോമ്മാ പള്ളിയുടെ തുടക്കം. അന്ന് 18 കുടുംബങ്ങൾ. 1911ൽ ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന കിഴക്കേക്കോട്ടയിൽ ഒരു ഷെഡ് നിർമിച്ച് ദേവാലയം തുറന്നു. 104 വർഷം മുൻപ് 1917ൽ നിർമിച്ച ദേവാലയമാണ് 61ൽ തകർന്നു വീണത്.

അതിനുശേഷം പുതുക്കി നിർമിച്ച പള്ളി വലുപ്പക്കുറവുമൂലം പോരാതെ വന്നതിനാലാണു പുതുക്കി നിർമിച്ചത്. മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ സഭാ ആസ്ഥാനത്തിനു പുറത്ത് സഭാ പ്രതിനിധി മണ്ഡലം കൂടിയത് 1950ൽ ഈ പള്ളിയിലാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1925ൽ പള്ളിയുടെ കീഴിൽ തുടങ്ങിയതാണു മാർത്തോമ്മാ സ്കൂൾ.

പുതുക്കി നിർമിച്ച കിഴക്കേക്കോട്ട മാർത്തോമ്മാ സിറിയൻ എബനേസർ പള്ളിയുടെ സമർപ്പണം നാളെ 3നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പങ്കെടുക്കുമെന്നു വികാരി ഫാ. പി.ജെ ജോൺ, സജു ഫ്രാൻസിസ്, സണ്ണി റാഫേൽ, എം.സി മാത്യു, പി.ഇ മാത്യു എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com