ഗണേശോത്സവം ഇന്ന് ഘോഷയാത്രയ്ക്ക് നാടൊരുങ്ങി
Mail This Article
ചെറുതുരുത്തി∙ ഗണേശോൽസവത്തിന്റെ ഭാഗമായി വള്ളത്തോൾ നഗർ, പാഞ്ഞാൾ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ വയ്ക്കുന്നതിനുള്ള 25 ഗണേശ വിഗ്രഹങ്ങൾക്ക് ചെറുതുരുത്തി പാങ്ങാവ് ശിവ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രത്തിൽ നിന്ന് ഗണേശ വിഗ്രഹങ്ങൾ വിവിധ പ്രദേശങ്ങളിൽ ഇന്നു മുതൽ നടക്കുന്ന പൂജവയ്പ്പിനായി മാറ്റി. വിഗ്രഹ നിമജ്ജന ഘോഷയാത്ര 27 ന് വൈകുന്നേരം 5.30 ന് നടക്കും.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ 27 ന് 3 നു ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്ര മൈതാനിയിൽ എത്തിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം അഡ്വ. ആർ. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി മുഖ്യപ്രഭാഷണം നടത്തും.
ഇരുന്നിലംകോട് ആശ്രമം മഠാധിപതി നികിലാനന്ദ സ്വാമി, ദേശമംഗലം ഓംകാര ആശ്രമം മഠാധിപതി നിഗമാനന്ദതീർത്ഥ പാദർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.ഘോഷയാത്രയ്ക്കു ശേഷം വിഗ്രഹങ്ങൾ ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്യുമെന്ന് ചെറുതുരുത്തി ഗണേശോത്സവ സമിതി പ്രസിഡന്റ് വരവൂർ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
ചാവക്കാട്∙ ഗണോശോത്സവം ഇന്ന്. ചാവക്കാട് ദ്വാരക കടപ്പുറത്ത് 150 ഓളം ഗണേശ വിഗ്രഹങ്ങളാണ് നിമജ്ജനം ചെയ്യുന്നത്. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഗണേശോത്സവം സംഘടിപ്പിക്കുന്നത്. ഇന്നു രാവിലെ 11.30 മുതൽ വിവിധ ക്ഷേത്രങ്ങളിലെത്തുന്ന ഗണേശ വിഗ്രഹ ഘോഷ യാത്രകൾ ഗുരുവായൂരിലെ പ്രധാന ഗണേശ വിഗ്രഹത്തോടൊപ്പം ചേരും. എല്ലാ ഘോഷയാത്രകളും വിനായക തീരത്തു സംഗമിക്കും.
വൈകിട്ട് 5.30ന് വിനായക തീരത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്വാഗതസംഘം ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി വി.കെ.വിശ്വനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തും. പൊതുസമ്മേളനത്തിനു ശേഷം കടലിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യും. ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളിൽ നിലവിളക്കും നിറപറയും വച്ച് ഗണേശ വിഗ്രഹങ്ങളെ ഭക്തർ സ്വീകരിക്കും.
വാടാനപ്പള്ളി ∙ ഗണേശമംഗലം ഗണപതി ക്ഷേത്രത്തിൽ ഇന്നു വിനായകചതുർത്ഥി ആഘോഷം നടക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, അന്നദാനം എന്നിവയുണ്ടാകും. വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വിഗ്രഹ നിമജ്ജന ഘോഷയാത്ര ഗണേശമംഗലം ക്ഷേത്രാങ്കണത്തിൽ സംഗമിച്ച് വൈകിട്ട് 3 ഓടെ മഹാശോഭയാത്രയായി വാടാനപ്പള്ളി ബിച്ച് അമൃത തീരത്ത് നിമജ്ജനം നടത്തും. ക്ഷേത്രസംരക്ഷണ സമതി നേതൃത്വം നൽകും.
പെരുവല്ലൂർ ∙ കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ വേദവ്യാസ സേവ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം വിനായക ചതുർഥി ദിനമായ ഇന്ന് ആഘോഷിക്കും. ഗ്രാമ പ്രദക്ഷിണത്തിനു ശേഷം ഗണേശ വിഗ്രഹം കോട്ട ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഗുരുവായൂർ നെന്മിനി കലിയുഗ വരദൻ ടീമിന്റെ നേതൃത്വത്തിൽ ഭജന നടന്നു. ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് ആനയൂട്ടിൽ കൊമ്പൻ കൊളക്കാടൻ കുട്ടികൃഷ്ണൻ പങ്കെടുക്കും. 10.30ന് ഗണപതി വിഗ്രഹവുമായി ചാവക്കാട് വിനായക തീരത്തേക്ക് നിമജ്ജന ഘോഷയാത്ര പുറപ്പെടും.