ADVERTISEMENT

തൃശൂർ ∙ മധ്യ നേപ്പാളിലെ മഞ്ഞു മൂടിയ പർവത നിരകളിലൂടെ അന്നപൂർണ സർക്കീട്ടിൽ  സാഹസികമായി ട്രെക്കിങ് നടത്തി തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി ജോബിൻ ജോസ്. 16 ദിവസത്തെ സാഹസിക യാത്രയിൽ ജോബിൻ മറികടന്നതു 230 കിലോ മീറ്റർ. നേപ്പാളിലെ 6000 മുതൽ 8000 വരെ മീറ്റർ ഉയരമുള്ള പർവത നിരകളാൽ വലയം ചെയ്യപ്പെട്ട മഞ്ഞു ഭൂമിയാണ് അന്നപൂർണ സർക്യൂട്ട്. 2 നദീതടങ്ങൾ കടന്നാണ് ട്രെക്കിങ്. ടിബറ്റൻ പീഠഭൂമിയുടെ അരികിൽ തോറാങ് ലാ ചുരത്തിലെ പാതയിലാണ് ഏറ്റവും ഉയർന്ന സ്ഥലം.കഠിനമായ മഞ്ഞുവീഴ്ച ആയിരുന്നു യാത്രയിലെ പ്രധാന വെല്ലുവിളി. ദിവസവും 25 കിലോ മീറ്റർ വരെ നടക്കേണ്ടി വരും.

നദികൾ കുറുകെ കടക്കാൻ മിക്കവാറും തൂക്കുപാലങ്ങളെയോ തടിപ്പലങ്ങളെയോ ആശ്രയിക്കണം. പല സ്ഥലത്തായി ഒരുക്കിയ ടീ പോയിന്റുകളിൽ (ലോഡ്ജുകൾ) വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യം ഉണ്ടാവും. നട്സും ഉണങ്ങിയ പഴങ്ങളും ചോക്കലേറ്റ് ബാറുകളുമാണ് ഒപ്പം കരുതിയത്.3 വർഷമായി  കഠിന പരിശീലനം നടത്തിയിരുന്നു ജോബിൻ. ദിവസവും 10 കിലോ മീറ്റർ ഓടും. 1 മണിക്കൂർ ജിമ്മിലും ചെലവഴിക്കും. കേരളത്തിൽ 15 ട്രെക്കിങ്ങുകൾ നടത്തിയിട്ടുണ്ട്. കേദാർഖണ്ഡും പൂർത്തിയാക്കി. 15 വർഷം വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ കൃഷിയും ബിസിനസും ചെയ്തുവരുന്നു.അന്നപൂർണ സർക്കീട്ട്  ലോകത്തിലെ  ദീർഘദൂര ട്രെക്കിങ്ങുകളിൽ ഒന്നാണ്.

600 മീറ്റർ ഉയരത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ മുതൽ 5416 മീറ്റർ ഉയരത്തിലെ തോറാങ് ലാ ചുരം വരെ വ്യത്യസ്ത കാലാവസ്ഥാ മേഖലകൾ സ്ഥിതി ചെയ്യുന്നതു കൊണ്ടു ദുർഘടമായ പാതകളാണു പിന്നിടേണ്ടത്. താഴ്‌വരയിലെ ഹിന്ദു ഗ്രാമങ്ങളും മനാങ്ങ് താഴ്‌വരയിലെയും മുസ്താങ്ങിലെയും ടിബറ്റൻ സംസ്കാര വൈവിധ്യങ്ങളും യാത്രയിൽ അടുത്തറിയാൻ കഴിയും. ബെസിസഹാറിൽ നിന്നോ ഭുൽഭൂലെയിൽ നിന്നോ ആരംഭിക്കുന്ന ട്രക്കിങ് കാളി ഗണ്ഡകി മലയിടുക്കിലാണ് അവസാനിക്കുന്നത്. കാഠ്മണ്ഡുവിൽ നിന്ന് 7 മണിക്കൂർ യാത്ര ചെയ്താൽ ബെസിസഹാറിലെത്താം. നെൽവയലുകൾ, ഉപ ഉഷ്ണമേഖലാ വനങ്ങൾ, ജലപാതങ്ങൾ, ഭീമാകാരങ്ങളായ പാറക്കെട്ടുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ ഗ്രാമങ്ങളിലൂടെയാണു ട്രെക്കിങ് പാത കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com