ADVERTISEMENT

അന്നമനട ∙ വൈദ്യുതി നിലച്ചാൽ അന്നമനട സബ് ട്രഷറി ഓഫിസ് ഇരുട്ടിലാകും. ചെയ്തുകൊണ്ടിരുന്ന ജോലികൾ സേവ് ചെയ്തു വയ്ക്കാൻ പോലും ബാക്കപ് ഇല്ലാതെ കംപ്യൂട്ടറുകൾ മിഴിയടയ്ക്കും. കറങ്ങാത്ത ഫാനുകൾക്കടിയിൽ ഉദ്യോഗസ്ഥരും സേവനം തേടിയെത്തിയവരും വിയർത്തൊലിക്കും. ഏതാനും നാളുകളായി ഇതേ അവസ്ഥയിലാണ് ട്രഷറി ഓഫിസ് പ്രവർത്തിച്ചു വരുന്നത്. ജനറേറ്റർ, യുപിഎസ് സംവിധാനമോ ഇല്ലാത്തതാണു കാരണം. മഴക്കാലമായതോടെ കാറ്റും മഴയും വൈദ്യുതി മുടക്കുന്നത് പൊതു സാമ്പത്തിക ക്രയവിക്രയങ്ങളെയും വൈകിക്കുന്നു.

അന്നമനട ജംക്‌ഷൻ അടക്കമുള്ള ഭാഗങ്ങളിൽ ഇന്നലെ കെഎസ്ഇബി അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി വിതരണം താൽകാലികമായി നിറുത്തിവച്ചതോടെ ഓഫിസ് പ്രവർത്തനം മണിക്കൂറുകളോളമാണ് അവതാളത്തിലായത്. സർക്കാർ ആവശ്യങ്ങൾക്കും ചലാൻ അടയ്ക്കാനും മറ്റുമായി എത്തിയ ഒട്ടേറെ പേർക്ക് ഓഫിസിനകത്തും പുറത്തുമായി കാത്തിരിക്കേണ്ടി വന്നു. രണ്ടര മണിക്കൂറിനുശേഷം ഉച്ചയ്ക്ക് 1.10നാണ് വൈദ്യുതിയെത്തിയത്. ഇതിനിടെ സെർവർ തകരാറിലായതോടെ ഇടപാടുകൾ വൈകിയാണു പലർക്കും പൂർത്തിയാക്കാനായത്.

വൈദ്യുതി മുടക്കം നിമിത്തം ഓഫിസ് പ്രവർത്തനം നിലയ്ക്കുന്നതിനു പരിഹാരമായി ഇവിടെ സൗരോർജ പാനലുകൾ സ്ഥാപിക്കുവാൻ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. ഇതിനായി പാനലുകൾ അടക്കം ആഴ്ചകൾക്കു മുൻപ് എത്തിച്ചിട്ടുള്ളതാണ്. ഇവ സ്ഥാപിക്കുന്ന ജോലികൾ പൂർത്തികരിക്കാനായിട്ടില്ല. കാലവർഷം കൂടുതൽ ശക്തമാകുന്നതിനു മുൻപ് വൈദ്യുതി തടസ്സം പരിഹരിക്കാനുള്ള ബദൽ സംവിധാനം കണ്ടെത്തണമെന്ന് ഇടപാടുകാരും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com