ADVERTISEMENT

ഗുരുവായൂർ ∙ രണ്ട് അവധി ദിവസങ്ങൾ അടുത്തുവന്നപ്പോൾ ഗുരുവായൂർ  ക്ഷേത്രത്തിൽ ഏകാദശിക്കു സമാനമായ തിരക്ക്. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച തിരക്ക് തിങ്കളാഴ്ച രാത്രിയിലും തുടർന്നു. ദർശനത്തിനുള്ള വരി ക്ഷേത്രം തെക്കേനട കവിഞ്ഞ് 300 മീറ്ററോളം നീണ്ടു. തിങ്കളാഴ്ച വഴിപാട് വരുമാനം റെക്കോർഡ് ആയി. ഭണ്ഡാര വരവിനു പുറമേ 96.99 ലക്ഷം രൂപയാണ് ലഭിച്ചത്.   വരി നിൽക്കാതെ ദർശനം നടത്താനുള്ള നെയ്‌വിളക്ക് വഴിപാട് കഴിച്ച് 3800 ൽ അധികം പേർ ദർശനം നടത്തി. ഈ ഇനത്തിലെ മാത്രം വരവ് 38.46 ലക്ഷം രൂപയാണ്. ഇതു സർവകാല റെക്കോർഡാണ്. തുലാഭാരം 31.04 ലക്ഷം, പാൽപായസം 7.10 ലക്ഷം, നെയ് പായസം 2.34 ലക്ഷം എന്നിങ്ങനെ വഴിപാടുണ്ടായി. 

വിവാഹങ്ങൾ കുറവായിരുന്നു. 16 എണ്ണം. 648 കുട്ടികൾക്ക് ചോറൂണ് വഴിപാടും ഉണ്ടായി. ഞായറാഴ്ച 78.71 ലക്ഷം രൂപയാണ് വഴിപാടിന്റെ വരുമാനം. 3000 പേർ നെയ് വിളക്ക് വഴിപാടിലൂടെ ദർശനം നടത്തി. 77 വിവാഹങ്ങളും 754 കുട്ടികൾക്ക് ചോറൂണ് വഴിപാടും ഉണ്ടായി. ഇന്നലെയും ഭേദപ്പെട്ട തിരക്കുണ്ടായി. മുൻകാലങ്ങളിൽ  മിഥുനം, കർക്കടകം മാസങ്ങളിൽ ഭക്തരുടെ തിരക്ക് തീരെ കുറയുകയാണ് പതിവ്. ഇക്കുറി മിഥുനം പിറന്നിട്ടും തിരക്കിന് കുറവില്ല.

ചോർച്ച അടയ്ക്കൽ:ഗുരുവായൂരിൽ  ഇന്നുച്ചയ്ക്ക് ദർശനമില്ല
ക്ഷേത്രത്തിന്റെ സ്വർണ ശ്രീകോവിലിന്റെ ചോർച്ച അടയ്ക്കുന്നതിനായി ക്ഷേത്രത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് നടയടയ്ക്കും. പണികൾ പൂർത്തിയാക്കി ശുദ്ധി ചടങ്ങുകൾക്കു ശേഷം വൈകിട്ട് 4.30 ന് നട തുറക്കും. ശ്രീകോവിലിന്റെ വടക്കുകിഴക്കേ മൂലയിൽ ഒരാഴ്ച മുൻപാണ് ചെറിയ ചോർച്ച കണ്ടത്. സ്വർണത്തകിടിന് ഇടയിലൂടെ വെള്ളം പുറം ചുമരിലേക്ക് ഒലിച്ചിറങ്ങി ചുമർചിത്രങ്ങളെ ബാധിക്കാൻ തുടങ്ങിയിരുന്നു. ചോർച്ച അടച്ചശേഷം ചുമർചിത്രങ്ങളുടെ പുനരാവിഷ്കാരം നടത്തും.

ശനിയാഴ്ച ദർശന നിയന്ത്രണം
ക്ഷേത്രത്തിൽ ഉപദേവന്മാരുടെ കലശച്ചടങ്ങുകൾ നാളെ ആരംഭിച്ച് 26ന് സമാപിക്കും. നാളെ സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം ഉപദേവനായ അയ്യപ്പന്റെ കലശച്ചടങ്ങുകളുടെ ആചാര്യവരണം നടക്കും. വെള്ളിയാഴ്ച രാവിലെ ശുദ്ധിയും ശനിയാഴ്ച രാവിലെ കലശാഭിഷേകവുമാണ്. ശനി രാവിലെ ഏഴരയോടെ ശീവേലി കഴിഞ്ഞാൽ പന്തീരടി പൂജ കഴിയുന്ന 9 വരെ ദർശനത്തിനു നിയന്ത്രണം ഉണ്ടാകും. ശനി സന്ധ്യയ്ക്ക് ഗണപതി ക്ഷേത്രത്തിൽ ആചാര്യവരണം, ഞായർ ഗണപതിക്ക് ശുദ്ധി, തിങ്കൾ കലശാഭിഷേകം. തിങ്കൾ സന്ധ്യയ്ക്ക് ഭഗവതി ക്ഷേത്രത്തിൽ ആചാര്യവരണം, ചൊവ്വ ശുദ്ധി ചടങ്ങുകൾ, 26ന് ബുധൻ രാവിലെ ഭഗവതി ക്ഷേത്രത്തിൽ കലശാഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com