ADVERTISEMENT

തൃശൂർ ∙ ശക്തൻ സ്റ്റാൻ‌ഡിലെ ജൈവ വളം നിർമാണ യൂണിറ്റിൽ   (ഒഡബ്ല്യുസി പ്ലാന്റ്)  വളംനിർമാണം നിലച്ചിട്ടു 4 മാസം. വളം ഉൽപാദനവും കയറ്റി അയയ്ക്കലും കോർപറേഷൻ ഏറ്റെടുത്തതിനു ശേഷമാണ് ഈ അനാസ്ഥ. മാർച്ച് 31 വരെ വളം ഉൽപാദനവും കയറ്റി അയയ്ക്കലും ഏറ്റെടുത്തിരുന്നതു സ്വകാര്യ ഏജൻസിയായിരുന്നു.ഏജൻസിയുടെ കാലാവധി കഴിഞ്ഞപ്പോൾ കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു.

ശക്തൻ മാർക്കറ്റിലെയും പരിസരങ്ങളിലെയും ജൈവ മാലിന്യം ശേഖരിച്ചു പ്ലാന്റിൽ ഉണക്കിപ്പൊടിച്ചു ജൈവവളം ആക്കി കയറ്റി അയയ്ക്കുന്ന പ്രക്രിയയാണു പ്ലാന്റിൽ നടക്കുന്നത്. എന്നാൽ നിലവിൽ ജൈവമാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും വളമാക്കി മാറ്റുന്നില്ല. മാലിന്യം പൊടിച്ചു കൂട്ടിയിടുകയാണു ചെയ്യുന്നത്. 

മാലിന്യത്തിലെ ജലാംശം നീക്കാനുള്ള യന്ത്രം പ്രവർത്തിക്കാതായിട്ടു മാസങ്ങളാ‍യി. അതിനാൽ പൊടിച്ച മാലിന്യം ഉണക്കാനായി പ്ലാന്റിൽ തന്നെ കൂട്ടിയിടുകയാണു ചെയ്യുന്നത്. മഴക്കാലമായതിനാൽ മാലിന്യം ഉണങ്ങുന്നുമില്ല. പൊടിച്ച മാലിന്യത്തിലെ ജലാംശം നീക്കിയ ശേഷമാണു ബാക്ടീരിയയും ചകിരിച്ചോറും ചേർത്തു വളമാക്കുന്നത്. ജലാംശം നീക്കാൻ സാധിക്കാത്തതിനാൽ മാലിന്യം കൂട്ടിയിടുകല്ലാതെ നിവൃത്തിയില്ല. പുഴുവും ഈച്ചയും നിറഞ്ഞ പ്ലാന്റിൽ 16 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒരു  മണി വരെ 8 പേരും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ 8 പേരുമാണു ജോലി ചെയ്യുന്നത്. ദിവസവും 4 ടൺ ജൈവമാലിന്യം ശേഖരിക്കുന്നുണ്ട്. സംസ്കരിച്ചാൽ  500 കിലോ ജൈവവളം ലഭിക്കും. വളം നിർമാണം നടക്കാത്തതിനാൽ ഉണങ്ങാത്ത മാലിന്യത്തിൽ നിന്നു സമീപത്തേക്കും ഈച്ച ശല്യം പെരുകുന്നു. ശക്തൻ സ്റ്റാൻഡിലെ  ചെറുകിട ഭക്ഷണ ശാലകളിലും ഈച്ച ശല്യം മൂലം യാത്രക്കാരും കച്ചവടക്കാരും പൊറുതിമുട്ടുകയാണ്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ഈച്ചകൾ നിറഞ്ഞു. 

പ്ലാന്റിന്റെ പ്രവർത്തനം സാധാരണ രീതിയിൽ നടക്കുന്നുണ്ട്. ഇപ്പോഴത്തെ യന്ത്രത്തിൽ മാലിന്യം ഉണക്കുന്നതിനു 2 ആഴ്ച സമയം എടുക്കും. മാലിന്യത്തിലെ ജലാംശം വേഗത്തിൽ നീക്കുന്നതിനുള്ള യന്ത്രം വൈകാതെ എത്തിക്കാൻ പദ്ധതിയുണ്ട്. 

ബയോടോയ്‌ലറ്റ് വെറും കാഴ്ച വസ്തു
ശക്തൻ സ്റ്റാൻഡിൽ സ്ഥാപിച്ച ബയോ ടോയ്‌ലറ്റ് കാടു കയറി കാഴ്ചവസ്തു മാത്രമായിട്ടു വർഷങ്ങൾ പിന്നിടുന്നു. ആളുകൾ പൊതുസ്ഥലത്തു മൂത്രവിസർജനം നടത്തുന്ന  ശക്തൻ സ്റ്റാൻഡിൽ പതിവുകാഴ്ചയാണ്. സ്റ്റാൻഡിൽ വന്നു ബസ് ഇറങ്ങുന്നവർക്കു ചെളിയും മൂത്രവും നിറഞ്ഞ സ്ഥലത്താണു കാലു കുത്തേണ്ടത്. കംഫർട്ട് സ്റ്റേഷൻ ഉണ്ടെങ്കിലും യാത്രക്കാരും ബസ് ജീവനക്കാരും പൊതു സ്ഥലം ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉടൻ പിഴ ഈടാക്കാനായി  15 ഉദ്യോഗസ്ഥരെ ആരോഗ്യ വിഭാഗം ഏർപ്പെടുത്തിയിട്ടുണ്ട്. ഈയിടെ 15,000 രൂപയുടെ പിഴത്തുക ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com