ADVERTISEMENT

ഇരിങ്ങാലക്കുട ∙ മാസങ്ങളായി തകർന്നു കിടക്കുന്ന ബൈപാസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനു ഗുരുതര പരുക്ക്. അപകടത്തിന് ഇടയായ കുഴിയിൽ നാട്ടുകാർ കോലം വച്ചു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കൊരുമശ്ശേരി സ്വദേശി ഐനിയ്ക്കൽ മഹേഷിനാണ് (45) പരുക്കേറ്റത്. തോളെല്ലും വാരിയെല്ലും ഒടിഞ്ഞ് ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ എ‍െസിയുവിൽ ചികിത്സയിലാണ്. 

ഇരിങ്ങാലക്കുട ബൈപാസ് റോഡിൽ സ്കൂട്ടർ യാത്രികൻ വീണ് പരുക്കേൽക്കാൻ ഇടയായ കുഴിയിൽ നാട്ടുകാർ അപകടമുന്നറിയിപ്പായി മനുഷ്യക്കോലം വച്ചിരിക്കുന്നു.
ഇരിങ്ങാലക്കുട ബൈപാസ് റോഡിൽ സ്കൂട്ടർ യാത്രികൻ വീണ് പരുക്കേൽക്കാൻ ഇടയായ കുഴിയിൽ നാട്ടുകാർ അപകടമുന്നറിയിപ്പായി മനുഷ്യക്കോലം വച്ചിരിക്കുന്നു.

തൃശൂർ റോഡ് മുതൽ ആരംഭിക്കുന്ന ബൈപാസ് റോഡിൽ പവിത്ര ടെക്സ്റ്റൈൽസ് കഴിഞ്ഞു വരുന്ന ഭാഗത്ത് റോഡിന്റെ നടുവിൽ രൂപപ്പെട്ട കുഴിയിൽ വീണാണ് യുവാവിനു പരുക്കേറ്റത്. ബൈപാസ് റോഡിൽ ഇനിയും നികത്താത്ത അപകടക്കുഴികളെ പറ്റി ഒരാഴ്ച മുൻപ് മനോരമ വാർത്ത നൽകിയിരുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി 2021ൽ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡിന്റെ  അപാകതകൾ പരാതിയായി തുടരുമ്പോഴാണ് റോഡിലെ നികത്താത്ത കുഴികൾ വാഹന യാത്രികരെ അപകടത്തിൽപെടുത്തുന്നത്. റോഡ് നിർമാണം പൂർത്തീകരിച്ച് 10 വർഷം പിന്നിട്ടിട്ടും ഇരുവശങ്ങളിലും കാന നിർമിക്കുകയോ നടപ്പാതകൾ ഒരുക്കുകയോ ചെയ്തിട്ടില്ല.

ദിവസങ്ങൾക്കു മുൻപ് റോഡിൽ നിന്ന് ഇളകിയ മെറ്റൽ കഷണം ബസിന്റെ ടയറിനടിയിൽപെട്ട് തെറിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ചില്ല് തകർന്നിരുന്നു. ബൈപാസ് ആരംഭിക്കുന്ന തൃശൂർ റോഡ് മുതൽ ആദ്യ ജംക്‌ഷൻ വരെയുള്ള ഒരു വശത്ത് കാന നിർമിച്ച് ടൈൽ വിരിച്ച് നടപ്പാത ഒരുക്കിയെങ്കിലും കാനയുടെ ഉയരവ്യത്യാസം റോഡിലെ വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com