ADVERTISEMENT

‘‘കുട്ടികളോടു ദേഷ്യപ്പെടരുത്. ദേഷ്യം അഭിനയിക്കാനേ പാടുള്ളൂ. കാരണം, എന്തൊക്കെ പറഞ്ഞാലും അവർ കുട്ടികളും നമ്മൾ മുതിർന്നവരുമാണ്...’’, വർഷങ്ങൾക്കു മുൻപു ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ചേർന്ന എനിക്കു ഞങ്ങളുടെ പ്രിൻസിപ്പൽ നൽകിയ ഉപദേശം. ഇതു പാലിക്കാത്തവർക്കുണ്ടായ ‘ആപത്തുകൾ’ കൂടി അദ്ദേഹം വിശദീകരിച്ചു. ചൂരൽ കൈകൊണ്ടു തൊടില്ലെന്ന് അതോടെ ഞാൻ പ്രതിജ്ഞയെടുത്തു. ‘‘തല്ലു കിട്ടിയാലേ പിള്ളേർക്കു പേടിയുണ്ടാവൂ. നിങ്ങൾ എന്റെ മോനെ ധൈര്യായി തല്ലിക്കോ... ഞാൻ പരാതിയുമായി വരില്ല’’, എനിക്കു ക്ലാസ് ചാർജ് ഉള്ള ക്ലാസിലെ ഒരു ‘പ്രശ്നക്കാരന്റെ’ രക്ഷിതാവ് ഒരിക്കൽ പറഞ്ഞു. 

പിന്നീടൊരിക്കൽ ഒരു ടീച്ചർക്ക് ഇവന്റെമേൽ ചൂരൽ ലഘുവായി പ്രയോഗിക്കേണ്ടിവന്നു. അന്നു വൈകിട്ടു ടീച്ചർ സ്കൂൾഗേറ്റ് കടന്നു പുറത്തെത്തുന്നതും കാത്ത് അവന്റെ ക്ഷമാശീലനായ രക്ഷിതാവും രണ്ട് ബന്ധുക്കളും കാത്തുനിന്നത് അഭിനന്ദിക്കാനല്ല! സ്കൂൾ അച്ചടക്കത്തിനും വിദ്യാർഥികളുടെ തെറ്റുതിരുത്തുന്നതിനും കുട്ടികളെ അധ്യാപകനു ലഘുവായി ശിക്ഷിക്കാമെന്ന ഹൈക്കോടതിയുടെ നിർദേശം വായിച്ചപ്പോൾ ഞാനിതോർത്തു. നമ്മുടെ മുന്നിലുള്ള ലോകത്തിന്റെ പരിഛേദമാണ് ഓരോ അധ്യാപകനും ചെന്നെത്തുന്ന ക്ലാസ് മുറികൾ. 

വിഡിയോ ഗെയിമുകൾ നിർമിച്ചുകൊടുത്ത അപരലോകത്തു പെട്ടുപോകാത്ത കുട്ടികൾ അപൂർവം മാത്രം. തങ്ങളെ ശിക്ഷിക്കുന്നവരെ മറിച്ചും ശിക്ഷിക്കുക. അവരെ കഴിയുമെങ്കിൽ ഷൂട്ട് ചെയ്തു വീഴ്ത്തുക എന്നതാണു മൊബൈൽ സ്ക്രീനിലെ അസുരന്മാർ അവരെ പഠിപ്പിച്ചിട്ടുള്ളത്. യന്ത്രങ്ങളുടെ വികാരവുമായി നിൽക്കുന്നവർക്കു മുന്നിൽ ലഘുശിക്ഷയുമായി ചെന്നാൽ പോലും അധ്യാപകർ തല്ലുകൊള്ളും. 

കോവിഡ് കാലത്തിനു ശേഷം, പൂട്ടിയ സ്കൂളുകൾ തുറന്നതിനൊപ്പം സ്കൂളുകളിൽ കൗൺസലിങ് സെല്ലുകളും വർധിച്ചത് ഓർക്കുക. ഓരോ കുട്ടിയും സ്വയം നിർമിച്ച തുരുത്തിലെ പുഞ്ചിരിക്കാനും സ്നേഹിക്കാനും മറന്ന ഒറ്റപ്പെട്ട ജീവിയായി മാറുന്ന കാഴ്ച അവരുടെ മാതാപിതാക്കൾക്കൊപ്പം നിസ്സഹായരായി നോക്കിനിൽക്കുന്നവരാണ് ഇന്നത്തെ അധ്യാപകവർഗം. എല്ലാ കൗതുകങ്ങളും പരീക്ഷിച്ചറിഞ്ഞു പുതിയ കൗതുകങ്ങളിലേക്കു പറന്നെത്തുന്ന പുതുതലമുറയെ സൂക്ഷിച്ച്, ശ്രദ്ധിച്ചു മാത്രം സമീപിക്കേണ്ട കാലം.

നിറഞ്ഞ ഒരു ഗ്ലാസിൽ ഒരു തുള്ളികൂടി അധികമായാൽ തുളുമ്പിപ്പോകുന്നതു പോലെ സെറ്റ് ചെയ്തിരിക്കുന്ന മനസ്സുകൾക്കു മുന്നിൽ ശിക്ഷ എന്നൊന്നു വയ്ക്കാതിരിക്കാം. സൗഹൃദത്തിന്റെ സ്വാതന്ത്ര്യം നൽകുന്ന സ്നേഹത്തിനപ്പുറം മറ്റൊന്നും അവർ അധ്യാപകരിൽ നിന്നല്ല, ഈ ലോകത്തു മറ്റൊന്നിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ആ ചെറുസാധ്യത മാത്രമാണ് അധ്യാപകർക്കു മുന്നിലുള്ളത്.

ഇത്രയും കാര്യങ്ങൾ തിരിച്ചറിയാത്ത മാഷുമ്മാർക്ക് ചെറിയ അടിയുടെ കുറവുണ്ടെന്നു പരിഹസിക്കപ്പെടുന്ന കാലവും അത്ര വിദൂരമല്ല. (കഥാകൃത്തായ ലേഖകൻ തൃശൂർ പുതുക്കാട് സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ ജേണലിസം അധ്യാപകനാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com