ADVERTISEMENT

പുതുക്കാട് ∙ ചെങ്ങാലൂർ കുണ്ടുകടവ്, എസ്എൻപുരം, ആറ്റപ്പിള്ളി, തെക്കേ നന്തിപുലം എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ 8ന് വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം.11 വീടുകളുടെയും ഒരു കാറിന്റെയും മുകളിലേക്കു മരങ്ങൾ വീണു. പ്രദേശത്തെ കാർഷികവിളകൾക്കും പരക്കെ നാശനഷ്ടം. 10 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. ഊറാംകുളം വൈദ്യുത ട്രാൻസ്‌ഫോർമറിന്റെ കാലുകളും അനുബന്ധ സംവിധാനങ്ങളും മരംവീണ് തകർന്നു. ഗ്രാമീണ റോഡുകളിൽ പരക്കെ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. മിക്ക വീട്ടുപറമ്പുകളിലും മരംവീണു. ചിലയിടത്ത് തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിപോയത്.

ചെങ്ങാലൂർ കോറ്റുകുളം സുരേഷിന്റെ കാറിന്റെ മുകളിലേക്ക് മരത്തിന്റെ വലിയ ശിഖിരം ഒടിഞ്ഞു വീണപ്പോൾ.
ചെങ്ങാലൂർ കോറ്റുകുളം സുരേഷിന്റെ കാറിന്റെ മുകളിലേക്ക് മരത്തിന്റെ വലിയ ശിഖിരം ഒടിഞ്ഞു വീണപ്പോൾ.

മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റ് 3 കിലോമീറ്ററോളം പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ചെങ്ങാലൂർ പാടത്ത് മിന്നൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതും വെള്ളത്തെ ചുഴറ്റി പറമ്പുകളിലേക്ക് പ്രവേശിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചെങ്ങാലൂർ പയ്യപ്പിള്ളി രാജു, താനത്തുപറമ്പിൽ കൃഷ്ണന്റെ ഭാര്യ വിശാലാക്ഷി, പുളിക്കപ്പറമ്പിൽ കുട്ടൻ, മുല്ലയ്ക്കപറമ്പിൽ ശ്രീലത, മുല്ലശേരി തങ്കമണി, തയ്യിൽ രാമനാഥൻ, ചുള്ളിപറമ്പിൽ മനോജ്, ഒല്ലൂക്കാരൻ പോൾ, കൊരട്ടിക്കാരൻ അമ്മിണി, ആറ്റപ്പിള്ളിയിൽ മൂക്കുപറമ്പിൽ അശോകൻ, മേലേവീട്ടിൽ മാലതി എന്നിവരുടെ വീടകളുടെ മുകളിലേക്കാണ് മരംവീണത്.

തെക്കെ നന്തിപുലത്ത് എരിയക്കാടൻ ഗിരീഷിന്റെ തോട്ടത്തിലെ വാഴകൾ നിലംപൊത്തിയ നിലയിൽ.
തെക്കെ നന്തിപുലത്ത് എരിയക്കാടൻ ഗിരീഷിന്റെ തോട്ടത്തിലെ വാഴകൾ നിലംപൊത്തിയ നിലയിൽ.

പൂയത്ത് ജയയുടെ വീട്ടുമതിൽ മരം വീണ് 30 മീറ്ററോളം തകർന്നു. ചെങ്ങാലൂർ കോറ്റുകുളം സുരേഷിന്റെ കാറിന്റെ മുകളിൽ മരത്തിന്റെ വലിയ ശിഖിരം ഒടിഞ്ഞു വീണു. കാറിന് കാര്യമായ കേടുപാടുകളുണ്ടായില്ല. തെക്കേ നന്തിപുലം എരിയക്കാടൻ ഗിരീഷിന്റെ 300 കുലച്ചവാഴകളാണ് മിന്നൽ ചുഴലിയിൽ ഒടിഞ്ഞുവീണത്. മൂന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഗിരീഷ് പറഞ്ഞു. തോബി തോട്ട്യാന്റെ 25 കുലച്ച വാഴകളും കടപുഴകി വീണു. ചുഴലി കടന്നുപോയ ഇടങ്ങളിലെല്ലാം തെങ്ങ്, ജാതി, തേക്ക്, മഹാഗണി, കവുങ്ങ് തുടങ്ങി മരങ്ങൾ കടപുഴകി. കർഷകർക്ക് വൻ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. വൈദ്യുതബന്ധം തകരാറിലായ പലയിടത്തും വൈദ്യുതി ഇന്നലെ രാത്രിയിലും പുനഃസ്ഥാപിക്കാനായില്ല. 

ഇന്നോ നാളെയോ മാത്രമേ പൂർണമായും വൈദ്യുതി പുനസ്ഥാപിക്കാനാകൂവെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലത്ത് കെ.കെ.രാമചന്ദ്രൻ എംഎൽഎയും പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും സന്ദർശനം നടത്തി.കർഷകരുടെ നഷ്ടങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിട്ടപ്പെടുത്തി സർക്കാരിൽ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com