ADVERTISEMENT

പാവറട്ടി ∙ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് സംഘർഷത്തിലേക്ക് നീങ്ങുന്നു.  ചേരി തിരിഞ്ഞ് മത്സരിക്കുന്ന കോൺഗ്രസ് വിഭാഗങ്ങൾ തമ്മിൽ  ഏറ്റുുമുട്ടൽ രൂക്ഷമായി.ഡിസിസി അംഗീകരിച്ച സ്ഥാനാർഥികളുടെ ഫോട്ടോയുമായി  ഔദ്യോഗിക വിഭാഗം  സെന്ററിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ നിന്ന് ഇന്നലെ രാവിലെ  വിമത വിഭാഗത്തിലെ  സ്ഥാനാർഥികളെത്തി തല വെട്ടിമാറ്റിയതോടെയാണ്  സംഘർഷങ്ങളുടെ തുടക്കം. ഡിസിസി അംഗീകരിച്ച ലിസ്റ്റിൽ ഇപ്പോൾ വിമത വിഭാഗത്തിൽ മത്സരിക്കുന്ന  5 പേരുണ്ട്. ഇതിൽ 3 പേരെ വിമത പ്രവർത്തനത്തിന്റെ പേരിൽ ഡിസിസി തന്നെ കഴിഞ്ഞ ദിവസം സസ്പെൻ‍ഡ് ചെയ്തിരുന്നു.അവശേഷിക്കുന്നവരുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് ഒദ്യോഗിക വിഭാഗം ഫ്ലെക്സ് ബോർഡ് വച്ചത്.

എന്നാൽ‌ തങ്ങളുടെ അനുവാദമില്ലാതെയാണ് ഫ്ലെക്സിൽ ഫോട്ടോ വെച്ചതെന്ന് ആരോപിച്ച് വിമത വിഭാഗത്തിന്റെ സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെട്ടവർ സ്ഥലത്തെത്തി ഓരോരുത്തരായി ഫ്ലെക്സിലെ തങ്ങളുടെ ഫോട്ടോ വെട്ടി മാറ്റുകയായിരുന്നു.  ഫോട്ടോ ഉൾപ്പെടുത്തി ഫ്ലെക്സ് സ്ഥാപിച്ചത് ചോദ്യം ചെയ്യാൻ മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോയുടെ വീട്ടിലെത്തിയ വിമത വിഭാഗം നേതാക്കൾ വീട് കയറി അതിക്രമം നടത്തിയതായി മണ്ഡലം പ്രസിഡന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന പ്രായമായ മാതാവിനോട് മകനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന ഡിസിസി സെക്രട്ടറി വി.വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തകൻ ഫാറൂഖ് കൈതക്കാട്ടിൽ തുടങ്ങിയവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും  അപമര്യാദയായി പെരുമാറുകയും ചെയ്തതായി  പറഞ്ഞു.

എം.കെ.അനിൽകുമാർ, സലാം വെന്മേനാട്, കമാലുദീൻ തോപ്പിൽ, ഷിജു വിളക്കാട്ടുപാടം, എ.ടി.ആന്റോ, എ.സി.വർഗീസ് എന്നിവർക്കെതിരെ മണ്ഡലം പ്രസിഡന്റ് പാവറട്ടി പൊലീസിൽ പരാതി നൽകി.. അതേ സമയം ഡിസിസി സെക്രട്ടറി വി.വേണുഗോപാൽ വിമത വിഭാഗത്തിൽ മത്സരിക്കുന്ന ഷിജു വിളക്കാട്ടുപാടത്തെ പൊതുഇടത്തിൽ ജാതിപ്പേര് വിളിച്ച്  അപമാനിച്ചതായി മറ്റൊരു പരാതിയും പാവറട്ടി പൊലീസിലുണ്ട്.  കാര്യങ്ങൾ ചോദിച്ചറിയാൻ മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ പോയെങ്കിലും  അതിക്രമമൊന്നും നടത്തിയിട്ടില്ലെന്നാണ് വിമത വിഭാഗം നേതാക്കൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com