ADVERTISEMENT

കൊടുങ്ങല്ലൂർ ∙പട്ടണത്തിലും സമീപ പ്രദേശങ്ങളിലും  ഇന്നലെ പകൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നഷ്ടം. ഒട്ടേറെ വീടുകൾ തകർന്നു. മരം വീണു ഓട്ടോ റിക്ഷയ്ക്കും ബൈക്കുകൾക്കും കേടുപറ്റി. ലോകമലേശ്വരത്ത് കാലിത്തൊഴുത്ത് തകർന്നു വീണു. ഇന്നലെ പന്ത്രണ്ടരയോടെ ആണ് ശക്തമായ കാറ്റ് വീശിയത്.മരാമത്ത് വിശ്രമ കേന്ദ്രത്തിലെ മരം ഒടിഞ്ഞു വീണു ഒട്ടേറെ ബൈക്കുകൾക്ക് കേടു പറ്റി. സമീപത്തെ കള്ളംപറമ്പിൽ കാർത്തികേയന്റെ ലോട്ടറി വിൽപന കേന്ദ്രത്തിനു മീതെ മരക്കൊമ്പ് പതിച്ചു. ലോട്ടറി വിൽപന കേന്ദ്രത്തിൽ നാശനഷ്ടം സംഭവിച്ചു. മഴ കാരണം ഒട്ടേറെ ആളുകൾ ഇവിടെ കടയിൽ കയറി നിന്നിരുന്നു.

മരം വീഴുന്ന ശബ്ദം കേട്ടു ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.   മാവിന്റെ കൊമ്പ് ഒടിഞ്ഞ് കാറ്റിൽ പറന്നു വീഴുകയായിരുന്നു. പടിഞ്ഞാറേ നടയിൽ നിന്നു ഡിവൈഎസ്പി ഓഫിസിലേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേന എത്തിയ മരം മുറിച്ചു മാറ്റി. പുല്ലൂറ്റ് വില്ലേജ് 16-ാം വാർഡിൽ പനങ്ങാട്ട് ദയാലിന്റെ വീടിനു മുകളിൽ മരം വീണ് ഭാഗിക നഷ്ടം സംഭവിച്ചു. 

മങ്ങാട്ടിൽ വിജേഷ്, കൈതക്കാട്ടിൽ രാജു എന്നിവരുടെ വീടുകൾക്ക് മീതെയും മരം വീണു വീട് ഭാഗികമായി തകർന്നു.  ഒൻപതാം വാർഡിൽ സാമൂഹിക സുരക്ഷാ മിഷന്റെ പകൽവീടിനു മുകളിൽ മരം വീണു ഭാഗികമായി തകർന്നു. പുഞ്ചപ്പറമ്പിൽ സിന്ധുവിന്റെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഷീറ്റിനു മുകളിൽ മരം വീണു ഷീറ്റ് തകർന്നു. ലോകമലേശ്വരം പതിയാശേരി പ്രദീപിന്റെ വീട്ടിലെ പശു തൊഴുത്തിനു മീതെ അയനി മരം കടപുഴകി വീണു തൊഴുത്ത് ഭാഗികമായി തകർന്നു. മുഗൾ മാളിനു സമീപം മരക്കൊമ്പ് ഒടിഞ്ഞു വീണു ഓട്ടോറിക്ഷ കേടു പറ്റി. ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിലേക്ക് മരക്കൊമ്പ് പതിക്കുകയായിരുന്നു. ഓട്ടോറിക്ഷുടെ പിറകു ഭാഗത്താണ് മരക്കൊമ്പ് പതിച്ചത്. ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. തെക്കേ നടയിലും മരക്കൊമ്പ് ഒടിഞ്ഞു വീണു.

വീടിനു മുകളിൽ മരം വീണു
കൊടുങ്ങല്ലൂർ ∙ പൊയ്യയിൽ ശക്തമായ കാറ്റിൽ‌ വീടിനു മുകളിൽ മരം വീണു. ഇടമുള ബിന്ദു ശിവദാസിന്റെ വീടിനു മുകളിൽ ആണ് മരം വീണത്. കാർ പോർച്ച് പൂർണമായും തകർന്നു. 

റോഡരികിലേക്ക്  ചാഞ്ഞ മരങ്ങൾ ഭീഷണി
മതിലകം ∙ ദേശീയ പാതയിലെ പള്ളിവളവിൽ റോഡരികിലേക്ക് ചാഞ്ഞ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്ത് മൂന്ന് മരങ്ങളാണ് റോ‍ഡിലേക്ക് തള്ളി നിൽക്കുന്നത്. ഒരു മരം സ്കൂൾ ഗേറ്റിന് സമീപത്താണ്. എൻഎച്ചിൽനിന്നും ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പഴക്കം ചെന്ന മറ്റൊരു മരവും‍ റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്നുണ്ട്.  തുടർച്ചയായി ഉണ്ടാവുന്ന മഴയത്തും കാറ്റ് അടിച്ച് വീശുമ്പോഴും  മരത്തിനടയിലൂടെ   പോകുന്നവർക്ക് ഭീതിയാണ്. മരത്തിനോട് ചേർന്ന് വൈദ്യുത ലൈൻ കമ്പിയും കടന്ന് പോവുന്നുണ്ട്. ഓട്ടോ സ്റ്റാൻഡും തൊട്ടടുത്താണ്.

ഗതാഗത തിരക്കുള്ള റോഡിൽ അപകടങ്ങൾക്ക് മുൻപേ ജാഗ്രിത വേണമെന്ന് അധികൃതരോട് സമീപ വാസികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാളിതുവരേയായിട്ടും തുടർ നടപടികളൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സമീപത്തെ ബസ് സ്റ്റോപ്പിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരും കാത്ത് നിൽക്കുന്ന സ്ഥലമാണിത്. ധാരാണം പേർ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നതും മരത്തിന്റെ ചുവട്ടിലൂടെയാണ്. കെട്ടിടങ്ങൾക്കും അപകട സാധ്യത കൂടുതലാണ്. ജനങ്ങളുടെ സുരക്ഷക്കായ് കാലപഴക്കമുള്ള മുത്തശിമരങ്ങൾ വെട്ടിമാറ്റി പകരം വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കണമെന്നാണ് നാട്ടുകാരടെ ആവശ്യം.

കാറ്റ് :‍ വീട് തകർന്നു വീണു
കയ്പമംഗലം ∙വഴിയമ്പലത്ത് 12-ാം വാർഡിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് വീണു.  ഇന്നലെ ഉച്ചയോടെ നടയ്ക്കൽ രവിയുടെ ഓടിട്ട വീടിന്റെ മേൽ‍‍‍ക്കൂരയാണ്  ഭാഗികമായി തകർന്നു വീണത്. ആളുകൾ അകത്ത് ഇല്ലാഞ്ഞതിനാൽ അപകടം  ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com