ADVERTISEMENT

തൃശൂർ ∙ കലക്ടറെ ബന്ദിയാക്കിയ സംഭവത്തിൽ മുപ്പതിലേറെ സ്ത്രീകളടക്കം 60 പേർ ഒന്നിച്ചു പ്രതിസ്ഥാനത്തു വരുന്നുവെന്ന അപൂർവതയുള്ള കേസിന്റെ വിധി പറയാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരുങ്ങുന്നു. മലയോര കർഷകർക്കു പട്ടയം അനുവദിക്കണമെന്ന ആവശ്യവ‍ുമായി 2015 ഓഗസ്റ്റ് 8ന് കലക്ടർ എസ്. ഷാനവാസിന്റെ ചേംബർ മുന്നറിയിപ്പില്ലാതെ ഉപരോധിച്ചതിനു മലയോര സംരക്ഷണ സമിതി പ്രവർത്തകരാണു കേസിലകപ്പെട്ടത്.

വയോധികരും യുവതികളും ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ള കേസിൽ തിങ്കളാഴ്ച കോടതി വിധി പ്രഖ്യാപിക്കും. കലക്ടറെ പിൻവ‍ാതിലിലൂടെ പുറത്ത് എത്തിക്കേണ്ടി വരികയും സമരക്കാരെ അർധരാത്രിയിൽ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതടക്കം നാടകീയമായ ഒട്ടേറെ സംഭവങ്ങളാണ് ഉപരോധത്തിനിടെ സംഭവിച്ചത്. ഒല്ലൂർ മണ്ഡലത്തിലെ മലയോര കർഷകർക്കു പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായാണ് കലക്ടറുടെ ചേംബർ ഉപരോധിച്ചത്.

5 ദിവസമായി ഇതേ ആവശ്യമുന്നയിച്ചു മലയോര സംരക്ഷണ സമിതി നടത്തിവന്ന സമരത്തിന്റെ അവിചാരിത ക്ലൈമാക്സായി മാറിയ ഉപരോധം പൊലീസിനും ജില്ലാ ഭരണകൂടത്തിനും കടുത്ത ആഘാതമായി. വൈകിട്ട്  നാലരയോടെ എണ്ണൂറോളം പ്രവർത്തകർ കലക്ടറേറ്റിലേക്കു മുന്നറിയിപ്പില്ലാതെ തള്ളിക്കയറി. ചേംബറിനുള്ളിൽ ജീവനക്കാർ ഇരിക്കുന്ന മുറിയിൽ കയറി സമരക്കാർ വാതിൽ ഉള്ളിൽ നിന്നു പൂട്ടി. ഇതോടെ കലക്ടർ പുറത്തിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി. പട്ടയം ലഭിക്കുംവരെ കലക്ടറെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. 

സ്ത്രീകളും കുട്ടികളും 70 വയസ്സു പിന്നിട്ട വയോധികരുമായിരുന്നു സമരക്കാരിൽ ഏറെയും. അതുകൊണ്ടു പൊലീസ് കടുത്ത നടപടിക്കു മുതിർന്നില്ല.3 മണിക്കൂറിനു ശേഷം ചേംബറിന്റെ രണ്ടാം വാതിൽ തുറന്നാണു കലക്ടറെ പൊലീസ് പുറത്തെത്തിച്ചത്. പിന്നീടു പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ 3 വണ്ടികളിൽ കയറ്റി വെട്ടുകാട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. എന്നാൽ, തനിക്കു പരാതിയില്ലെന്നു കലക്ടർ നിലപാടെടുത്തതു നിർണായകമായി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം 6 വകുപ്പുകൾ ചുമത്തിയാണു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com