ADVERTISEMENT

വടക്കാഞ്ചേരി ∙ ജലനിരപ്പ് പാരമ്യത്തിനടുത്ത് എത്തിയതോടെ വാഴാനി അണക്കെട്ടിൽ നിന്നു പുഴയിലേക്കു വെള്ളം തുറന്നുവിട്ടു. ഇന്നലെ രാവിലെ ഡാമിന്റെ 4 ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തിയാണു വെള്ളം തുറന്നു വിട്ടത്. ഷട്ടർ ഉയർത്തുന്ന സമയത്തു ഡാമിലെ ജലനിരപ്പ് 60.83 മീറ്ററായിരുന്നു.വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നതിനാൽ വൈകിട്ട് ഡാമിലെ ജലനിരപ്പ് 60.86ലേക്ക് ഉയരുകയാണു ചെയ്തത്.

ഇന്ന് ഉച്ചവരെ നിരീക്ഷിച്ചതിനു ശേഷം ആവശ്യമെങ്കിൽ ഷട്ടറുകൾ കൂടുതൽ ഉയർത്താനാണ് ഇറിഗേഷൻ അധികൃതരുടെ തീരുമാനം.  ഇന്നലെ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, ഇറിഗേഷൻ അസി.എക്സി.എൻജിനീയർ പി.ബി.സുമ, അസിസ്റ്റന്റ് എൻജിനീയർമാരായ പി.എസ്.സാൽവിൻ, നെവീൻ ജെ.തേറാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിലാണു ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്.

പീച്ചി ഡാം: സ്ലൂസിലൂടെ വെള്ളം ഇന്നു വിടും 
പീച്ചി ∙ ഡാം സ്ലൂസിൽ നിന്നു പുഴയിലേക്ക് ഇന്നു മുതൽ വെള്ളം തുറന്നുവിടും. പീച്ചി ചെറുകിട വൈദ്യുതി പദ്ധതിയിൽ ഇന്നു രാവിലെ മുതൽ വൈദ്യുതി ഉൽപാദനം പുനരാരംഭിക്കും. ഡാമിലെ ജലനിരപ്പ് റൂൾ കർവ് മറികടന്നതിനെത്തുടർന്ന് അധിക ജലം കെഎസ്ഇബിയുടെ വൈദ്യുതി ഉൽപാദനത്തിനു ശേഷമാണ് പുഴയിലേക്കു തുറന്നു വിടുക. ഇന്നലെ വൈകിട്ട് 77.54 മീറ്ററായി ഡാമിലെ ജലനിരപ്പ് ഉയർന്നു. ആദ്യഘട്ടത്തിൽ അധികമുള്ള വെള്ളം കെഎസ്ഇബിക്കു നൽകിയ ശേഷം ശക്തമായ മഴ തുടർന്നാൽ മാത്രമേ ഷട്ടറിലൂടെ   വെള്ളം തുറന്നുവിടൂ. 

ജലനിരപ്പ് ഉയർന്ന പീച്ചി റിസർവോയറിന്റെ ദൃശ്യം.
ജലനിരപ്പ് ഉയർന്ന പീച്ചി റിസർവോയറിന്റെ ദൃശ്യം.

മേയ് 19നു ശേഷമാണു വൈദ്യുതി ഉൽപാദനം പുനരാരംഭിക്കുന്നത്. 1.25 മെഗാവാട്ട്  ഉൽപാദനശേഷിയുണ്ട്. മഴക്കാലത്ത് ഡാം നിറയുമ്പോഴും വേനൽക്കാലത്തു കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോഴുമാണു പീച്ചിയിൽ വൈദ്യുതി ഉൽപാദനം നടക്കുന്നത്. ഇതുവരെ പീച്ചിയിൽ ഒന്നരക്കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിട്ടുണ്ട്. മണലി, കരുവന്നൂർ പുഴകളിൽ ജല നിരപ്പ് ഉയരുന്നതിനു സാധ്യതയുള്ളതിനാൽ സമീപത്തു താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com