ADVERTISEMENT

ചാലക്കുടി ∙ ദേശീയപാതയോരത്തു നഗരസഭാ ജംക്‌ഷനു സമീപം നിർമാണം പുരോഗമിക്കുന്ന കോടതി സമുച്ചയത്തിന്റെ നിർമാണം 18 മാസം കൊണ്ടു പൂർത്തിയാകുമെന്ന് അധികൃതരുടെ ഉറപ്പ്. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി. രണ്ടാം ഘട്ട നിർമാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിർമാണം ഇഴയുന്നതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് അതിൽ 16 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചത്.ഒരു വർഷം മുൻപു ഭരണാനുമതി ലഭിച്ചതോടെ മന്ദിര നിർമാണത്തിന് കൂടുതൽ വേഗം കൈവരുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. സാങ്കേതിക അനുമതി ലഭിക്കാൻ വൈകിയതാണു കാലതാമസത്തിനു കാരണം. ആദ്യം സമർപ്പിച്ച സ്ട്രക്‌ചറൽ ഡിസൈനിൽ തിരുത്ത് ആവശ്യപ്പെട്ടു ചീഫ് എൻജിനീയർ തിരിച്ചയച്ചിരുന്നു. ഇതും കാലതാമസത്തിനു വഴിയൊരുക്കി.

3 മാസം മുൻപു സാങ്കേതിക അനുമതിയായ ശേഷമാണു ടെൻഡർ നടപടികൾ ആരംഭിച്ചത്. 20 കോടി രൂപയുടെ  നിർമാണ പ്രവൃത്തികളാണു രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്.പ്ലാസറ്ററിങ്, ഇലക്ട്രിഫിക്കേഷൻ, പ്ലംബിങ്, പെയിന്റിങ്, ചുറ്റുമതിൽ നിർമാണം, മുറികളുടെ ഇടഭിത്തി നിർമാണം, ഇലക്ട്രോണിക്സ് സംബന്ധമായ പ്രവൃത്തികൾ, റാംപ്, ചുറ്റുമതിൽ, ലിഫ്റ്റ്, അഗ്നിരക്ഷാ സൗകര്യങ്ങൾ എന്നിവയാണ് ഈ ഘട്ടത്തിൽ നടത്തുക.രണ്ടാംഘട്ട നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനും മൾട്ടി ലെവൽ പാർക്കിങ് സൗകര്യവും സ്വീവേജ് പ്ലാൻ്റും നിർമിക്കുന്നതിനുള്ള തുടർ  നടപടികൾ വേഗം പൂർത്തീകരിക്കാനും നിർമാണവുമായി  ബന്ധപ്പെട്ടു ചേർന്ന അവലോകന  യോഗത്തിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഒന്നാം ഘട്ട നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ചിരുന്നു. സ്പെഷൽ ബിൽഡിങ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർമാണച്ചുമതല. 

കോടതികൾ ഒരു കുടക്കീഴിലാകും
മുൻസിഫ് കോടതിയും മജിസ്ട്രേട്ട് കോടതിയും ഒരേ സ്ഥലത്തു പ്രവർത്തിപ്പിക്കാനാകുമെന്നതാണു കോടതി സമുച്ചയം വരുന്നതിന്റെ പ്രധാന ഗുണം. കൂടാതെ കുടുംബ കോടതി, എംഎസിടി കോടതി എന്നിവയ്ക്കും കോടതി ക്വാർട്ടേഴ്സിനും സൗകര്യമൊരുക്കാനാകും. ഇതിനു പുറമെ സബ് കോടതിയും ഇവിടേക്കു കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷ.നിർമാണം പൂർത്തിയാകുന്നതോടെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന നഗരസഭാ ലൈബ്രറിക്കും ശാപമോക്ഷമാകും. ഈ കെട്ടിടത്തിന്റെ സീലിങ് അടർന്നും ചോർന്നും ശോച്യാവസ്ഥയിലാണ്. ഇവിടെ നിന്നു കോടതികളുടെ പ്രവർത്തനം പൂർണമായി പുതിയ കെട്ടിട സമുച്ചയത്തിലേക്കു മാറ്റും.യോഗത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ ജഡ്ജ്  പി.എ.സിറാജുദ്ദീൻ,  മജിസ്‌ട്രേട്ട് വി.എസ്.സവിത, സൂപ്രണ്ടിങ്  എൻജിനീയർ  രാജി ശിവദാസ്, എക്സിക്യൂട്ടീവ്  എൻജിനീയർ ബിന്ദു പരമേശ്വർ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ ബിജു ചിറയത്ത്, കൗൺസിലർ നിതാ പോൾ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോസഫ് അറങ്ങാശേരി, സെക്രട്ടറി അഡ്വ. വിൽസൻ ജോസ് വടാശേരി, ലോയേഴ്സ് ക്ലാർക്ക് അസോസിയേഷൻ  ഭാരവാഹികളായ ടി.ജി.രാജീവ്, എൻആർ.ബാബു, ഇ.ടി.ബഷീർ, പി.എം.പോൾ, അസി.എക്സി. എൻജിനീയർ പി.വി.മേഷാ, പി.ആർ.ശാലിനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com