ADVERTISEMENT

മതിലകം ∙ ഓണം പടിവാതിക്കലെത്തിയിട്ടും കോതപറമ്പ് മാന്തുരുത്തി നിവാസികൾക്ക് ശുദ്ധജലമില്ല. വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ മാന്തുരുത്തി നിവാസികൾ ഓഫിസിൽ തടഞ്ഞ് വച്ചു. ശ്രീനാരായണപുരം കോതപറമ്പ് മാന്തുരുത്തി കടവ് നിവാസികളാണ് മതിലകം വാട്ടർ അതോറിറ്റി ഓഫിസിന് മുൻപിൽ സമരവുമായെത്തിയത്. ഒരു വർഷത്തോളമായി മാന്തുരുത്തി കടവ് ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം എത്തിയിട്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് മുറിച്ചു മാറ്റിയതാണ് ശുദ്ധജലം എത്താതിന് കാരണമെന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ വിശദീകരണം. 

ഒരു മാസം മുൻപ് മാന്തുരുത്തി കടവ് നിവാസികൾ പ്രതിഷേധവുമായി എത്തിയപ്പോൾ രണ്ടാഴ്ചയ്ക്കകം പുതിയ പൈപ്പിട്ട് ശുദ്ധജലം എത്തിക്കാമെന്ന് മതിലകം എസ്ഐ രമ്യ കാർത്തികേയന്റെ സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, കരാർ കമ്പനി ജീവനക്കാർ എന്നിവർ ഉറപ്പ് നൽകിയിരുന്നു. കൂടാതെ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ശുദ്ധജല പ്രശ്നം പരിഹരിക്കുന്നതിന് സ്പെഷൽ ടീമിനെ നിയമിക്കുമെന്നും തീരുമാനമെടുത്തിരുന്നു.

എന്നാൽ, താൽക്കാലിക സംവിധാനത്തിൽ പൈപ്പിട്ട് ഒരു പൊതുടാപ്പിൽ മാത്രമാണ് ചെറിയ അളവിൽ ശുദ്ധജലം എത്തിയത്. ഒരു മാസം പിന്നിട്ടിട്ടും വീടുകളിലേക്ക് ശുദ്ധജലം ലഭിക്കാതായതോടെയാണ് നാട്ടുകാർ ഉപരോധ സമരവുമായി വീണ്ടും വാട്ടർ അതോറിറ്റി ഓഫിസിലെത്തിയത്. അൻപതോളം സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയത്. ശുദ്ധജല പ്രശ്നം പരിഹരിക്കാതെ ഉദ്യോഗസ്ഥരെ പുറത്ത് വിടില്ലെന്ന് പറഞ്ഞ് സ്ത്രീകൾ ഓഫിസിന്റെ പടിക്കൽ കുത്തിയിരുന്നു.

ഗേറ്റിന് മുൻപിൽ പ്രതിഷേധ ചായ തിളപ്പിച്ച് വിതരണവും നടത്തി. സംഭവമറിഞ്ഞ് മതിലകം പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിരിഞ്ഞു പോകാൻ തയാറായില്ല. മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജി അസിസ്റ്റന്റ് എൻജിനീയറുമായി സംസാരിച്ച് മറ്റൊരു ഭാഗത്തേക്ക് പോകുന്ന ശുദ്ധജല പൈപ്പിൽ വാൽവ് വച്ച് തൽക്കാലത്തേക്ക് മാന്തുരുത്തി കടവിലേക്ക് വെള്ളം എത്തിക്കാമെന്നും ഒരു മാസത്തിനുളളിൽ പുതിയ പൈപ്പിട്ട് ഹോട്ട് ലൈൻ കണക്‌ഷൻ നൽകി സ്ഥിരം സംവിധാനം ഏർപ്പെടുത്താമെന്നുമുള്ള ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

English Summary:

The festive spirit of Onam is dampened in Kothaparamba Manthuruthi, Kerala, as residents grapple with a severe drinking water shortage. Frustrated by unfulfilled promises and a year of inadequate water supply, residents staged a protest, detaining Water Authority officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com