ADVERTISEMENT

തെയ്യംതിറ, തംബോലം, ചെട്ടിവാദ്യം, ശിങ്കാരിമേളം, നാടൻകലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ,ദേവനൃത്തം എന്നിവയും കുമ്മാട്ടിയോടൊപ്പം ഇറങ്ങുന്നു

തൃശൂർ ∙ തെക്കുമുറി ദേശത്തിന്റെ 83–ാമത്തെ കുമ്മാട്ടിയാണ് ഇന്നലെ തൈക്കാട്ടു മനയുടെ മുറ്റത്തു നിന്നിറങ്ങിയത്. തള്ളക്കുമ്മാട്ടിയും ഹനുമാനും കാട്ടാളനും അവിട്ടം നാളിൽ ഊരു ചുറ്റാനിറങ്ങിയപ്പോൾ അകമ്പടിയായി ശ്രീകൃഷ്ണനും കഥകളി വേഷവും ശിവനും അർധനാരീശ്വരനും ഉണ്ടായിരുന്നു. പർപ്പിടകപ്പുല്ലണിഞ്ഞ കുമ്മാട്ടിക്കോലങ്ങൾ മുറ്റത്തു നിരന്നപ്പോൾ നാദസ്വരവും ബാൻഡും വില്ലടിച്ചാൻ പാട്ടും മേളത്തിനായി നിരന്നു. തൈക്കാട്ടു മനയുടെ മുറ്റത്തു കുമ്മാട്ടി കളിച്ചതിനു ശേഷം പടിപ്പുരയിൽ നാളികേരമുടച്ച് കുമ്മാട്ടിക്കോലങ്ങൾ ഊരുചുറ്റാനിറങ്ങി. കുമ്മാട്ടികൾക്കു സമ്മാനങ്ങളുമായി ആളുകൾ വഴിയോരത്തും വീടുകളിലും കാത്തുനിൽക്കും.  

തെയ്യംതിറ, തംബോലം, ചെട്ടിവാദ്യം, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ദേവനൃത്തം എന്നിവയും കുമ്മാട്ടിയോടൊപ്പം ഇക്കാലത്ത് ഇറങ്ങുന്നുണ്ട്. ആദ്യകാലത്ത് തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടം നാളിൽ കളിക്കാനിറങ്ങുന്ന കുട്ടികൾ പാളമുഖം വച്ചു വില്ലടിച്ചു പാട്ടു പാടി കളിച്ചുകൊണ്ടു വീടുകൾ തോറും കയറിയിറങ്ങുമായിരുന്നു.അന്നു കുട്ടികളുടെ കളികൾ കാണുന്ന കാരണവൻമാർ കുട്ടികൾക്കു പഴവും പായസവും സമ്മാനം നൽകും. പാളമുഖം വച്ചു വീടുതോറുമുളള ആ കയറിയിറങ്ങലാണു കുമ്മാട്ടിയുടെ തുടക്കം. അടുത്ത വർഷങ്ങളിൽ കുട്ടികൾക്കു കളിക്കാൻ പാളയിൽ ചായം തേച്ച മുഖങ്ങൾ തയാറായി.

കിഴക്കുംപാട്ടുകര തെക്കുംമുറി ദേശത്തിന്റെ കുമ്മാട്ടി. ചിത്രം: മനോരമ
കിഴക്കുംപാട്ടുകര തെക്കുംമുറി ദേശത്തിന്റെ കുമ്മാട്ടി. ചിത്രം: മനോരമ

കുമ്മാട്ടിക്കോലത്തിനൊപ്പം വാദ്യങ്ങളും ഇറങ്ങി.അങ്ങനെ കുമ്മാട്ടിയിറങ്ങൽ പതിവായി. തെക്കുമുറി കൂടാതെ വടക്കുമുറി, നായ്ക്കനാൽ ദേശങ്ങളും കുമ്മാട്ടിയിറക്കും. പനമുക്കുംപള്ളി ശാസ്താക്ഷേത്രത്തിൽ കുമ്മാട്ടി കളിച്ചു വടക്കുമുറി ദേശത്തിന്റെ കുമ്മാട്ടിക്ക് ഇന്ന് ഉച്ചയ്ക്ക് 1.30ന് തുടക്കമാകും. 51 കുമ്മാട്ടികൾ ഇന്ന് അണിനിരക്കും. കിഴക്കുംപാട്ടുകര റോഡിലൂടെ എസ്എൻഎ ഔഷധശാലയുടെ വേട്ടയ്ക്കൊരു മകൻ ക്ഷേത്ര പരിസരത്തു കൂടി സഞ്ചരിച്ചു തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കും.

തുടർന്നു ഘോഷയാത്ര വൈകിട്ട് 7.30ന് ശാസ്താ കോർണറിൽ സമാപിക്കും.നായ്ക്കനാൽ മൂന്നാമതു ദേശ കുമ്മാട്ടിയുടെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.വിവേകോദയം സ്കൂളിൽ നിന്ന് ആരംഭിച്ച ദേശ കുമ്മാട്ടിക്കു ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, വി.എസ്.സുനിൽകുമാർ, കുമ്മാട്ടി രക്ഷാധികാരി ടി.ആർ.ഹരിഹരൻ, ടി.എച്ച്.രാമചന്ദ്രൻ, അഭിജിത്ത് പാറമേൽ, സി.ആർ.രാംദാസ് എന്നിവർ നേതൃത്വം നൽകി.

English Summary:

The 83rd Thekkummuri Kummati Festival in Thrissur captivated onlookers with its procession of elaborately crafted effigies, including Hanuman, the hunter, and Krishna in Kathakali attire. The vibrant celebration, held on the auspicious day of Avittam, showcased the rich cultural heritage of Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com