ADVERTISEMENT

തൃശൂർ ∙ അരമണികളിളക്കി, കുടവയർ കുലുക്കി, ചെണ്ടമേളത്തിനൊത്തു ചുവടുവച്ച പുലികളെ ആവേശത്തിലാക്കി ജനക്കൂട്ടവും തുള്ളിയുറഞ്ഞു. പുലിക്കളി കാണാൻ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ തന്നെ സ്വരാജ് റൗണ്ടിന്റ പലഭാഗത്തായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാനാഭാഗങ്ങളിൽ നിന്നു നഗരഹൃദയത്തിലേക്ക് എത്തിയവർ റൗണ്ടിലെ ഇരുവശങ്ങളിലും േതക്കിൻക്കാട് മൈതാനിയുടെ പല ഭാഗങ്ങളിലും തിങ്ങിനിറഞ്ഞു. 

ചെണ്ട മേളത്തിന്റെ പിരിമുറുക്കത്തിൽ ചുവടുവച്ച് പുലികൾ റൗണ്ടിലേക്ക് എത്തിയപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം ആവേശത്തോടെയാണു സ്വീകരിച്ചത്. കാണികളെ മാറ്റി പുലികൾക്കു ചുവടുവയ്ക്കാനുള്ള സ്ഥലമൊരുക്കാൻ അതതു പുലി സംഘങ്ങൾ തന്നെ മുന്നിട്ടിറങ്ങി. വരയൻ പുലികളേക്കാൾ ‘വയറൻ’ പുലികൾക്കായിരുന്നു ആരാധകർ കൂടുതൽ. ഒത്ത കുടവയറിൽ പുലിത്തല വരച്ച വയറൻ പുലികളെ പ്രോത്സാഹിപ്പിക്കാൻ പുലിപ്രേമികൾ മത്സരിച്ചു. 

പുലിക്കളിയിലെ നിശ്ചല ദൃശ്യങ്ങൾ. ചിത്രം: മനോരമ
പുലിക്കളിയിലെ നിശ്ചല ദൃശ്യങ്ങൾ. ചിത്രം: മനോരമ

ഒരു ദേശത്തിന്റെ പുലിക്കൂട്ടം മുന്നോട്ടു നീങ്ങുമ്പോൾ കാഴ്ചക്കാരുടെ സംഘങ്ങൾ പിന്നാലെ വന്ന പുലിക്കൂട്ടത്തെ പിടികൂടി. പലയിടത്തും ആരവമുയർത്തിയും തുള്ളിക്കളിച്ചും ജനക്കൂട്ടവും പുലിക്കൂട്ടമായി. റൗണ്ടിലെ നടുവിലാൽ ജംക്‌ഷനിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. രാത്രിയോടെ പലയിടത്തും തിരക്ക് ഇരട്ടിയായി. വൈകിട്ടു മൂന്നിനു ശേഷം നഗര മധ്യത്തിലേക്കു വാഹനങ്ങളൊന്നും കടത്തിവിട്ടിരുന്നില്ല. സുരക്ഷയൊരുക്കാൻ പലയിടത്തും പൊലീസ് സന്നാഹവുമുണ്ടായിരുന്നു.

English Summary:

Thrissur's iconic Pulikali festival filled the city with vibrant energy as performers painted as tigers danced to the pulsating beats of chenda drums. The streets surrounding Swaraj Round and Thekkinkadu Maidan were overflowing with enthusiastic locals and tourists alike, mesmerized by the spectacle of tradition and celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com