ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധനാ ഗ്രൗണ്ടുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ല. വീടുകളുടെ മുന്നിൽ വാഹനങ്ങൾ നിരയായി നിർത്തിയുള്ള പരിശോധനയിൽ പൊറുതിമുട്ടി നാട്ടുകാർ. അത്താണിയിലും, ആര്യംപാടത്തും പ്രവർത്തിക്കുന്ന തൃശൂർ , തലപ്പിള്ളി താലൂക്കുകളിലെ മോട്ടർ വാഹന പരിശോധനകൾ നടക്കുന്ന ഗ്രൗണ്ടുകളിലാണ് ജനം വർഷങ്ങളായി ദുരിതം നേരിടുന്നത്.  അത്താണിയിൽ തൃശൂർ  ആര്യംപാടത്ത് തലപ്പിള്ളി താലൂക്കുകളിലെ വാഹനങ്ങളുടെ റജിസ്ട്രേഷൻ, ഫിറ്റ്നസ്, ഡ്രൈവിങ് തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്.

അത്താണിയിൽ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് ഓഫ് കേരളയുടെ (സിൽക്) ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് മോട്ടർ വാഹന വകുപ്പ് 10 വർഷമായി പരിശോധനകൾ നടത്തുന്നത്. ഇവിടെ സ്ഥലം ആവശ്യത്തിന് ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല. കുടിക്കാൻ വെള്ളം വരെ വീട്ടിൽ നിന്നു കൊണ്ട് വരികയോ പണം കൊടുത്ത് വാങ്ങുകയോ വേണം. ഡ്രൈവിങ് പരിശോധനകൾക്കും പരിശീലനത്തിനും ഗ്രൗണ്ടിൽ എത്തുന്നവരിൽ പകുതിയിലധികവും യുവതികളാണ്. ഇവർക്ക് മതിയായ ശുചിമുറി  സൗകര്യങ്ങളും ഇല്ല. ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ മേശയും കസേരയും വേണമെങ്കിൽ ഏതെങ്കിലും ഡ്രൈവിങ് സ്കൂൾ ഉടമകളോ സ്പോൺസർമാരോ കനിയണം.

തലപ്പിള്ളി താലൂക്കിലെ എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് എത്തുന്ന ആര്യംപാടത്ത് പ്രവർത്തനത്തിന് അനുവദിച്ചിട്ടുള്ളത് 50 സെന്റ് സ്ഥലം മാത്രമാണ്. ഡ്രൈവിങ് പരിശോധനയുടെ ഭാഗമായി എച്ചും എട്ടും എടുക്കുന്നതിനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് നഗര സഭയും സ്വകാര്യ വ്യക്തിയുമായി കേസും നടന്നു വരുന്നു. ഗ്രൗണ്ടിലെ സ്ഥല പരിമിതി മൂലം വാഹനങ്ങളുടെ റജിസ്ട്രേഷൻ, റീ റജിസ്ട്രേഷൻ, ഫിറ്റ്നസ് തുടങ്ങിയ പരിശോധനകൾ മിണാലൂരിനും കുറാഞ്ചേരിക്കും ഇടയ്ക്കുള്ള റോഡിലാണ് നടത്തുന്നത്.

ഇവിടെ രാവിലെ മുതൽ പരിശോധനയ്ക്കുള്ള വാഹനങ്ങൾ വരിയായി നിർത്തിയിടുന്നതിനാൽ റോഡിൽ ഒറ്റവരി ഗതാഗതം മാത്രമാണ് നടത്താൻ കഴിയുക. റോഡിന് ഇരു ഭാഗങ്ങളിലും അടുത്തടുത്ത് വീടുകളാണ്. വീടുകളിൽ നിന്ന് സ്വന്തം വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ നാട്ടുകാർ എല്ലാ ദിവസവും ദുരിതം നേരിടുന്നു. മോട്ടർ വാഹന വകുപ്പ് വിവിധ സേവനങ്ങൾക്കായി ഫീസ് ഇനത്തിൽ ഈടാക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം ഉപയോഗപ്പെടുത്തിഅടിസ്ഥാന സൗകര്യങ്ങളെങ്കിലും പരിശോധനാ ഗ്രൗണ്ടുകളിൽ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. സ്വന്തം വീടുകളിൽ നിന്നു പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം തുടരുന്ന വാഹന പരിശോധനയ്ക്കെതിരെ നാട്ടുകാർ നിവേദനങ്ങളും പരാതികളും നിരന്തരമായി നൽകുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല.

English Summary:

The Motor Vehicle Department inspection grounds in Athani and Aryampadam, Kerala, are facing severe criticism for their lack of basic amenities and the inconvenience caused to local residents. Despite numerous complaints, no action has been taken to address the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com