ADVERTISEMENT

തൃശൂർ ∙ ഒരേ രാത്രി, ഒരേ രീതിയിൽ മൂന്നിടത്ത് എടിഎം കവർച്ച നടന്നെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയിലേക്കാണ് വെള്ളിയാഴ്ച ജില്ല ഉണർന്നത്. പുലരും മുൻപേ നഗരമധ്യത്തിലേയും മറ്റു 2പ്രധാന സെന്ററുകളിലേയും എടിഎമ്മുകളിൽനിന്ന് വൻ തുക കവർന്നതു ബാങ്കുകളിൽ മാത്രമല്ല നാട്ടുകാരിലും ആശങ്കയ്ക്കിടയാക്കി. രണ്ടു സംസ്ഥാന പാതകളിൽ റോഡരികിലുള്ള എടിഎമ്മുകളിൽ നിന്നാണു പണം കവർന്നത്. തൃശൂർ – കൊടുങ്ങല്ലൂർ പാതയിൽ മാപ്രാണം ബ്ലോക്ക് ജംക്‌ഷനു സമീപമുള്ള എടിഎമ്മിൽനിന്നും തൃശൂർ–ഷൊർണൂർ പാതയിൽ കോലഴി പൂവണി ജംക്‌ഷനു സമീപമുള്ള എടിഎമ്മിൽനിന്നും. എന്നാൽ പൊലീസിനെയടക്കം ഞെട്ടിച്ചതു നഗരഹൃദയമായ സ്വരാജ് റൗണ്ടിലെ നായ്ക്കനാൽ ജംക്‌ഷനു സമീപം ഷൊർണൂർ റോഡിലുള്ള എടിഎമ്മിലെ കവർച്ചയായിരുന്നു. 3 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 3 എടിഎമ്മുകളും.

ആദ്യം മാപ്രാണത്ത്
മാപ്രാണം ബ്ലോക്ക് ജംക്‌ഷനിൽ അമ്മൂസ് ഹോട്ടലിനു സമീപമാണ് എസ്ബിഐ എടിഎം. ഐശ്വര്യ ലോട്ടറി ഏജൻസിക്കും മാംസവ്യാപാര കടയ്ക്കും നടുവിലാണു കൗണ്ടർ. വിവരമറിഞ്ഞെത്തിയ പൊലീസ് പുലർച്ചെ തന്നെ സ്ഥലം റിബൺ ഉപയോഗിച്ചു വേർതിരിച്ചിരുന്നു. എടിഎമ്മിൽ പണം സൂക്ഷിക്കുന്ന ഭാഗം അറുത്തുമാറ്റിയതിന്റെ ബാക്കിയായുള്ള പൊടിയും മറ്റു മാലിന്യങ്ങളും വാതിലിന്റെ മുൻഭാഗത്തായി കിടപ്പുണ്ട്. വ്യാഴാഴ്ചയാണ് എടിഎമ്മിൽ പണം നിറച്ചതെന്നും എത്ര രൂപ നഷ്ടമായെന്നുമുള്ള ചർച്ചകളിലായിരുന്നു സമീപകടകളിലെ വ്യാപാരികൾ. ഇരിങ്ങാലക്കുട ഭാഗത്തുനിന്നു കാറിലെത്തിയ കവർച്ചാസംഘം എടിഎം കൗണ്ടർ തിരിച്ചറിയാതെ അൽപദൂരം മുന്നോട്ടുപോയെന്നും പിന്നീടു തിരികെ വരികയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. അമ്മൂസ് ഹോട്ടലിനോടു ചേർന്നുള്ള ഭാഗത്ത്, റോഡരികിലാണു സംഘം വാഹനം നിർത്തിയത്. ഇതിൽനിന്ന് ആളുകൾ മുഖം മറച്ചു പുറത്തിറങ്ങുന്നതു സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിനു മുൻപിൽ 2 ക്യാമറകളും ഉള്ളിൽ 4 ക്യാമറകളുമുണ്ടായിരുന്നു. ഇതെല്ലാം കറുത്ത പെയിന്റ് സ്പ്രേ ചെയ്തു മറച്ചശേഷമായിരുന്നു മോഷണം. ഉച്ചയ്ക്കു പന്ത്രണ്ടോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

atm-2

തൃശൂരിൽ രണ്ടാമത്
മാപ്രാണത്തുനിന്നു സംഘം പിന്നീടു ഷൊർണൂർ റോഡിലുള്ള എടിഎമ്മിലാണു കവർച്ച നടത്തിയത്. സരോജ നഴ്സിങ് ഹോമിന് എതിർവശത്തുള്ള ആർഡിഎസ് സ്ക്വയർ എന്ന കെട്ടിടത്തിലാണു കൗണ്ടർ. തൊട്ടുസമീപം ഒരു ബുട്ടീക്കിന്റെ ഔട്‌ലെറ്റ് മാത്രം. തിരക്കേറിയ ചെറിയ റോഡിൽ കൗണ്ടറിന്റെ വലതു ഭാഗത്തായി വീടും ഇടതു ഭാഗത്തു ലെതർ സൂപ്പർ മാർക്കറ്റുമാണ്. സ്വരാജ് റൗണ്ടിൽ നിന്നു മീറ്ററുകൾ മാത്രം ദൂരത്തിലാണ് ഈ കൗണ്ടർ. പുലർച്ചെ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രദേശം റിബൺ കെട്ടി തിരിച്ചിരുന്നു. ഇവിടെയും സിസിടിവികൾ സ്പ്രേ ചെയ്തു മറച്ചിട്ടുണ്ട്. ഉച്ചയ്ക്കു മുൻപായി തന്നെ പൊലീസ് എടിഎമ്മിന്റെ ഉൾഭാഗത്ത് വിശദമായ പരിശോധന നടത്തി. തുടർന്നു ഷട്ടർ താഴ്ത്തി.

അവസാനം കോലഴിയിൽ
പൂവണി ജംക്‌ഷനും പാടൂക്കാട് ഇറക്കത്തിനും മധ്യേയാണ് തറപ്പേൽ കോംപ്ലക്സിൽ എടിഎം കൗണ്ടർ. തൊട്ടു സമീപത്തായി എസ്ബിഐയുടെ കോലഴി ശാഖയും പ്രവർത്തിക്കുന്നു. ഓട്ടമേറ്റഡ് ഡിപ്പോസിറ്റ് കം വിത്ഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) അടങ്ങുന്ന കൗണ്ടറായിരുന്നു ഇവിടെ. ഇടപാടുകർക്കു പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുള്ള സൗകര്യമാണിത്. ശാഖയോടു ചേർന്നു സ്ഥാപിച്ച കൗണ്ടറായതിനാൽ കവർച്ച നടന്ന ഉടൻ ബാങ്കിലുള്ള സുരക്ഷാ ക്രമീകരണം വിവരം പുറത്തറിയാൻ സഹായിച്ചിരുന്നു. ഇവിടെയുള്ള നിരീക്ഷണ ക്യാമറകളിലും കറുത്ത പെയിന്റ് സ്പ്രേ ചെയ്തിരുന്നു. തുടർന്നു പണം സൂക്ഷിക്കുന്ന ട്രേ ഉൾപ്പെടുന്ന ലോഹഭാഗം മുറിച്ച് കവർച്ച നടത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കവർച്ച നടത്തി സംഘം കടന്നു കളഞ്ഞതായാണു പൊലീസ് നിഗമനം.

ഉച്ചയോടെ ബാങ്ക് അധികൃതരുടെ നേതൃത്വത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തി. എഡിഡബ്ല്യുഎം കൗണ്ടറായതിനാൽ നഷ്ടപ്പെട്ട തുക സ്ഥിരീകരിക്കാനായിട്ടില്ലെന്നും വിശദമായ പരിശോധന പുരോഗമിക്കുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു. ഇതേ എടിഎമ്മിൽ വർഷങ്ങൾക്കു മുൻപു കവർച്ചാശ്രമം നടന്നിരുന്നു. അന്നു യന്ത്രം തുറന്നു പണം കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നു കയർ ഉപയോഗിച്ചു എടിഎം കെട്ടിവലിച്ചു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്നു തുക നഷ്ടമായിരുന്നില്ല.

പലയിടത്തും സിസിടിവികൾ മാത്രം സുരക്ഷ
തൃശൂർ ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 2024 ജൂൺ 30ലെ കണക്കുപ്രകാരം ജില്ലയിൽ പ്രവർത്തിക്കുന്നത് 1118 ഓട്ടമേറ്റഡ് ടെല്ലർ മെഷീനുകൾ (എടിഎം). ഇതിൽ ദേശസാൽകൃത, സഹകരണ, സ്വകാര്യ ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അടക്കം എടിഎമ്മുകളുണ്ട്. മിക്ക എടിഎമ്മുകളിലും വാതിലും രണ്ടു ക്യാമറയും (സിസിടിവി) ഒരു അലാമും മാത്രമാണ് കാവൽ. ചില സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകൾക്കു മാത്രമാണ് ഇന്നു സുരക്ഷാ ജീവനക്കാരുള്ളത്.

സിസിടിവികൾ സ്ഥാപിച്ചപ്പോൾ ദേശസാൽകൃത ബാങ്കുകൾ എടിഎമ്മിലെ സുരക്ഷാ ജീവനക്കാരുടെ സേവനം നിർത്തി. രാത്രി ജനസാന്നിധ്യം കുറയുന്ന റോ‍ഡുകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ എടിഎം കൗണ്ടറുകളുമുണ്ട്. രാത്രി വന്നു പോകുന്ന നൈറ്റ് പട്രോൾ മാത്രമാണ് എടിഎമ്മുകൾക്കു നിലവിൽ പൊലീസ് നൽകുന്ന സുരക്ഷ. നിറമുള്ള സ്പ്രേ അടിച്ചാൽ ക്യാമറയും അറുത്തു മാറ്റിയാൽ അലാമും നോക്കുകുത്തിയാകുമെന്നു മുൻപും കവർച്ചാസംഘങ്ങൾ കാണിച്ചു തന്നെങ്കിലും ബാങ്കുകൾ ഗൗരവമായിയെടുത്തില്ല.

എടിഎം കൗണ്ടറുകളുടെ സുരക്ഷ വർധിപ്പിക്കണമെന്നു റിസർവ് ബാങ്കും പൊലീസും പലതവണ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമായ സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടില്ല. മികച്ച എടിഎം യന്ത്രം, സിസിടിവി, അലാം, സാങ്കേതിക സുരക്ഷാ സംവിധാനം എന്നിവ ഒരുക്കണമെന്നാണു റിസർവ് ബാങ്ക് നൽകുന്ന നിർദേശം. ഓരോ പൊലീസ് സ്റ്റേഷന്റെയും പരിധിയിൽ 15 മുതൽ 50 വരെ എടിഎം കൗണ്ടറുകളുണ്ട്. ഇവയുടെ സുരക്ഷയും പൊലീസിനു തലവേദനയാണ്. കേരളത്തിൽ ആകെ 12,335 എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ടെന്നു റിസർവ് ബാങ്കിന്റെ കണക്ക് വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (എസ്ബിഐ) കേരളത്തിൽ ഏറ്റവും കൂടുതൽ എടിഎം കൗണ്ടറുള്ളത്–3398.

എടിഎമ്മുകളിലെ സുരക്ഷാ ന്യൂനതകൾ
∙ ചില എടിഎമ്മുകളിലെ ക്യാമറ പ്രവർത്തിക്കുന്നില്ല. ഉള്ള ക്യാമറകളിലെ ദൃശ്യങ്ങൾക്കു വ്യക്തതയില്ല. സിസിടിവി ഫുട്ടേജ് നിശ്ചിത ഇടവേളകളിൽ ബാങ്കുകൾ പരിശോധിക്കുന്നില്ല.
∙ എടിഎമ്മിന് അകത്തും പരിസരത്തും ആവശ്യത്തിനു വെളിച്ചമില്ല. ഇതു ക്യാമറയുടെ പ്രവർത്തനത്തിനു തടസ്സമാകുന്നു. മോഷ്ടാക്കളെ ആകർഷിക്കുന്നു.
∙ ആളൊഴിഞ്ഞ, വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നു. പല കൗണ്ടറുകൾക്കുള്ളിലും വേണ്ടത്ര സ്ഥലമില്ല.
∙ വൈദ്യുതി നിലച്ചാൽ ചിലയിടത്ത് ബദൽ സംവിധാനമില്ല. എടിഎം കൗണ്ടറിന്റെ ചില്ലുകളിൽ പലപ്പോഴും നീരാവി നിറഞ്ഞു കാഴ്ച മറയുന്നു.

പ്രതികളെ എത്തിക്കാൻ വൈകും
എടിഎം കൊള്ള നടന്നതു തൃശൂരിലാണെങ്കിലും പ്രതികളെ അടുത്തെങ്ങും തൃശൂർ പൊലീസിനു കൈമാറാനോ ജില്ലയിലെത്തിച്ചു തെളിവെടുക്കാനോ സാധ്യതയില്ല. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും 2 പൊലീസുകാർക്കു കുത്തേൽക്കുകയും ചെയ്തതോടെ പ്രധാന കുറ്റകൃത്യം നടന്നതു തമിഴ്നാട് പൊലീസിന്റെ പരിധിയിലായി എന്നതാണു ക‍ാരണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാകാതെ പ്രതികളെ കൈമാറാന‍ിടയില്ല. എന്നാൽ സിറ്റിയിലെയും റൂറലിലെയും അന്വേഷണ സംഘങ്ങൾക്കു പ്രതികളെ ചോദ്യം ചെയ്യാൻ അവസരം ലഭിക്കും.

English Summary:

Three ATMs across Thrissur were targeted in a single night, raising concerns about security measures and prompting a police investigation. The robberies, which took place along major roadways, have sparked fear among residents and financial institutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com