ADVERTISEMENT

പനമരം ∙ കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും സമാന കേസിൽ പിടിയിൽ. തവിഞ്ഞാൽ ഒഴക്കോടി കാഞ്ഞിരത്തിങ്കൽ ജയിംസ് ജോസഫ് (45) ആണു മാത്തൂരിൽ പിടിയിലായത്. 2007ൽ കള്ളനോട്ടുമായി പിടിയിലായതിനെ തുടർന്നു 2014ൽ കോടതി ശിക്ഷിച്ചു 2 മാസം മുൻപ് ജാമ്യത്തിലിറങ്ങിയ യുവാവാണു വീണ്ടും 500ന്റെ 3 കള്ളനോട്ടുമായി പിടിയിലായത് എന്ന് പൊലീസ് പറഞ്ഞു.

കള്ളനോട്ട് വിതരണത്തിലെ കണ്ണികളിൽ ഒരാളാണ് പിടിയിലായ ജയിംസ് എന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നടവയലിന് സമീപത്തെ ആലുങ്കൽതാഴെയുള്ള ഒരു കടയിൽനിന്നു സിഗരറ്റ് വാങ്ങിയ ശേഷം അഞ്ഞൂറിന്റെ നോട്ട് നൽകിയിരുന്നു. ഇയാൾ മടങ്ങിയതോടെ സംശയം തോന്നിയ കടക്കാരൻ മാത്തൂരിലെ സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു.

ബൈക്കിൽ പോവുകയായിരുന്ന ഇയാളെ മാത്തൂരിൽ വച്ച് തടഞ്ഞ് പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പരിശോധിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന 2 അഞ്ഞൂറിന്റെ നോട്ടുകൾ കീറി കളഞ്ഞു. തുടർന്ന് കള്ളനോട്ട് കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച കമ്പളക്കാട്ടെ ഒരു കച്ചവടക്കാരിക്ക് 500 രൂപയുടെ കള്ളനോട്ട് നൽകി തട്ടിപ്പിനിരയാക്കിയത് ഇയാളാണെന്നാണ് സൂചന.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ കച്ചവടക്കാരെ ഇയാൾ സമാന രീതിയിൽ തട്ടിപ്പിനിരയാക്കിയതായി സംശയിക്കുന്നു. ഇയാളെ പിടികൂടുന്ന സമയത്ത് പിറകെ എത്തിയ മറ്റൊരു ബൈക്ക് നിർത്താതെ പോയതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിൽ നിന്നും പിടികൂടിയ കള്ളനോട്ടുകൾ തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള കളർ ഫൊട്ടോസ്റ്റാറ്റാണ് എന്നാണ് സൂചന. ഇന്നലെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com