ചൂരൽമല റോഡ് നവീകരണം ഇഴയുന്നു; ചൂരലെടുത്ത് ജനം
Mail This Article
കൽപറ്റ ∙ മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി–ചൂരൽമല റോഡ് നവീകരണം കൊണ്ടു ദുരിതത്തിലായ നാട്ടുകാർ ഒടുവിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യവുമായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന് രാവിലെ 8 മുതൽ താഞ്ഞിലോട് റോഡ് ഉപരോധിക്കുമെന്ന് ഭാരവാഹികളായ സി. ശിഹാബ്, കെ.പി. യൂനസ് എന്നിവർ അറിയിച്ചു.
2018 നവംബർ 9നു തുടങ്ങിയതാണു നവീകരണം. 5 വർഷമായിട്ടും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. പല ഘട്ടങ്ങളിലായി ഇതിനോടകം കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും റോഡിലെ ദുരിതയാത്രയ്ക്കു അറുതിയായിട്ടില്ല. മേപ്പാടി മുതൽ ചൂരൽമല വരെയുള്ള 12.8 കിലോമീറ്റർ ദൂരമാണു നവീകരിക്കേണ്ടത്. 12 മീറ്റർ വീതിയിലാണ് നവീകരണം. കിഫ്ബി അനുവദിച്ച 40.96 കോടി രൂപ ഉപയോഗിച്ചാണു നവീകരണം തുടങ്ങിയത്.
കരാർ പ്രകാരം 2020 മേയ് 8ന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. പണി എങ്ങുമെത്താത്തതിനാൽ 2020 ഡിസംബർ 31വരെ കരാർ കാലാവധി നീട്ടി നൽകി. എന്നാൽ, ഇപ്പോഴും പ്രവൃത്തി തുടങ്ങിയിടത്തു തന്നെയാണ്. 2019ലെ പ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയ പുത്തുമലയിലേക്ക് ഇതുവഴിയാണു കടന്നുപോകേണ്ടത്. ചൂരൽമല മുതൽ മേപ്പാടി വരെയുള്ള 12.8 കിലോമീറ്റർ താണ്ടണമെങ്കിൽ ഒന്നര മണിക്കൂറോളമെടുക്കും. വാഹനങ്ങൾ വിളിച്ചാൽ വരാത്ത സ്ഥിതിയാണ്. ഇതിനിടെ കരാറുകാരൻ പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചു. അനുവദിച്ച ഫണ്ട് കാലാവധി കഴിഞ്ഞതിന്റെ പേരിൽ കിഫ്ബി തിരിച്ചുപിടിക്കുകയും ചെയ്തു. നിലവിൽ ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്തി റോഡ് നവീകരിക്കുന്നതിനു ശുപാർശ കിഫ്ബിയുടെ പരിഗണനയിലുണ്ട്.
എന്നു തീരും ദുരിതം?
മഴക്കാലത്തു റോഡിലെ കുഴികളിലെ വെള്ളക്കെട്ടും വേനൽക്കാലത്തു പൊടിശല്യവും സഹിച്ചാണു കഴിഞ്ഞ 5 വർഷക്കാലമായി നാട്ടുകാർ ഇതുവഴി യാത്ര ചെയ്യുന്നത്. ഭൂമി വിട്ടുനൽകാൻ സ്വകാര്യ എസ്റ്റേറ്റ് മാനേജ്മെന്റ് തയാറാകാത്തതാണു നവീകരണം മുടങ്ങാൻ കാരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, നിലവിലെ വീതിയിൽ റോഡിൽ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിക്കൂടേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് മറുപടിയുമില്ല.
ഏലവയലിൽ നിന്നു കശ്മീർ വരെയും ഒന്നാം മൈലിൽ നിന്നു മേപ്പാടി വരെയും തേയിലത്തോട്ടത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിനു പുറമേ താഞ്ഞിലോടും നെല്ലിമുണ്ടയിലും തേയിലത്തോട്ടങ്ങളിലൂടെ റോഡ് കടന്നുപോകുന്നുണ്ട്. നീലിക്കാപ്പ് മുതൽ കാശ്മീർ വരെ എച്ച്എംഎൽ കമ്പനിയിലൂടെയും നെല്ലിമുണ്ട പാലംമുതൽ ഒന്നാംമൈൽവരെ പോഡാർ പ്ലാന്റേഷനിലൂടെയും താഞ്ഞിലോടു മുതൽ സ്കൂൾപടിവരെ എവിടി കമ്പനിയിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. 3 കിലോമീറ്റർ ഭാഗം വനഭൂമിയാണ്.
റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ ഭൂമി വിട്ടുകൊടുക്കുന്നതിന് വനം വകുപ്പും എവിടി, പോഡാർ മാനേജ്മെന്റുകളും സന്നദ്ധമാണെങ്കിലും എച്ച്എംഎൽ മാനേജ്‌മെന്റ് പിടിവാശി തുടരുകയാണെന്നു നാട്ടുകാർ പറയുന്നു. ഭൂമി വിട്ടു കിട്ടുന്നത് സംബന്ധിച്ച് ഒട്ടേറെത്തവണ തോട്ടം മാനേജ്മെന്റുകളുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. സിദ്ദീഖ് എംഎൽഎ എന്നിവർ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തോട്ടംമാനേജ്മെന്റുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണാൻ ഒരുവർഷം മുൻപ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അക്കാര്യത്തിലും തുടർനടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ റോഡിന്റെ 2–ാം ഘട്ട നവീകരണത്തിനായി 30 ലക്ഷം രൂപയ്ക്കു ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥത കാരണം തുടർനടപടികൾ മുടങ്ങി.
നടുവൊടിഞ്ഞ് നാട്ടുകാർ
അട്ടമല, മുണ്ടക്കൈ, ചൂരൽമല, നീലിക്കാപ്പ്, പുത്തുമല, കള്ളാടി, മീനാക്ഷി എസ്റ്റേറ്റ്, ഏലവയൽ, സൂചിപ്പാറ തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിനാളുകൾക്കു മേപ്പാടിയിലെത്താൻ ഏക ആശ്രയമായ റോഡാണിത്. സാഹസിക വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിലേക്കും ഇതിലൂടെയാണു കടന്നുപോകേണ്ടത്.
നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളും സംരക്ഷണ ഭിത്തികളും നിർമിക്കാനായി നിലവിലെ ടാറിങ് കുത്തിപ്പൊളിച്ചു. ഇതോടെയാണു ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായത്. റോഡിൽ സ്കൂൾപടിക്കു സമീപത്തെ വളവിൽ റോഡ് വിണ്ടുകീറിയിട്ടുമുണ്ട്. കഴിഞ്ഞ മഴക്കാലത്തു വിണ്ടുകീറിയ ഭാഗം ഇതുവരെയായിട്ടും നന്നാക്കിയിട്ടില്ല. 30 സെന്റീമീറ്ററോളമാണ് വിണ്ടുകീറിയത്. റോഡരികിൽ വലിയ താഴ്ചയാണ്. റോഡിൽ രൂപപ്പെട്ട വിടവിലൂടെ മഴവെള്ളമിറങ്ങുന്നതിനാൽ ഈ ഭാഗം ഏതുനിമിഷവും താഴ്ചയിലേക്കു നിലംപതിക്കുമെന്ന സ്ഥിതിയാണ്.