ADVERTISEMENT

കൽപറ്റ ∙ ചരക്കിറക്കാനെത്തിയ 16 ചക്ര ലോറി കേടായി റോഡിൽ കുടുങ്ങിയത് ഒരു പകൽ മുഴുവൻ കൽപറ്റ നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. നഗരമധ്യത്തിലെ ചെറിയ പള്ളിക്കു സമീപത്തെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് അരിയുമായെത്തിയ ലോറി ആക്‌സിൽ തകർന്നു റോഡിൽ കുറുകെ കിടന്നതാണ് 10 മണിക്കൂറോളം നഗരത്തെ വീർപ്പുമുട്ടിച്ച ഗതാഗതക്കുരുക്കിന് കാരണമായത്. രാവിലെ 9നു തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ട് 6.30 വരെ നീണ്ടു. 2 ക്രെയിനുകൾ ഉപയോഗിച്ച് ലോറി വലിച്ചു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. മൊത്ത വ്യാപാര സ്ഥാപനത്തിന്റെ പിറകിലായാണു ഗോഡൗൺ.കെട്ടിടത്തിന്റെ മധ്യഭാഗത്തായുള്ള ഇടുങ്ങിയ വഴിയിലൂടെ വേണം ഗോഡൗണിലേക്ക് പ്രവേശിക്കാൻ. ഇവിടേക്ക് ചരക്കുമായി എത്തുന്ന വലിയ ലോറികൾ നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് പതിവാണ്. ഗതാഗത തടസ്സമുണ്ടാക്കിയതിനു ലോറിയിലെ ഡ്രൈവർക്കെതിരെ കൽപറ്റ പൊലീസ് കേസെടുത്തു.

ക്രെയിനുകൾ ഉപയോഗിച്ചു റോഡിൽ നിന്ന് മാറ്റുന്നു. ഇതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിഞ്ഞത്. ചിത്രം: മനോരമ
ക്രെയിനുകൾ ഉപയോഗിച്ചു റോഡിൽ നിന്ന് മാറ്റുന്നു. ഇതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിഞ്ഞത്. ചിത്രം: മനോരമ

വേണ്ടിവന്നു 2 ക്രെയിനുകൾ
∙ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ‌ 2 ക്രെയിനുകൾ എത്തിച്ചാണു ലോറി സ്ഥലത്തു നിന്നു മാറ്റിയത്. ഉച്ചയോടെ ക്രെയിൻ എത്തിച്ച് ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും ലോറിക്ക് യന്ത്രത്തകരാർ കൂടി ഉണ്ടായതോടെ ശ്രമം പരാജയപ്പെട്ടു. ചുമട്ടു തൊഴിലാളികളുടെ സഹായത്തോടെ അകത്തെ ചരക്കുകൾ മാറ്റിയും ലോറി നീക്കാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ വൈകിട്ടോടെ വീണ്ടുമൊരു ക്രെയിൻ എത്തിച്ച് ലോറി റോഡിൽ നിന്നു വലിച്ചു മാറ്റുകയായിരുന്നു.

കൽപറ്റ ടൗണിൽ ചരക്കുലോറി ആക്സിൽ ഒടിഞ്ഞ് റോഡിൽ കുടുങ്ങിയതിനെ തുടർന്ന് നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. ചിത്രം: മനോരമ
കൽപറ്റ ടൗണിൽ ചരക്കുലോറി ആക്സിൽ ഒടിഞ്ഞ് റോഡിൽ കുടുങ്ങിയതിനെ തുടർന്ന് നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. ചിത്രം: മനോരമ

കിലോമീറ്ററുകളോളംവാഹനങ്ങളുടെ നിര
∙ ഗോഡൗണിലേക്കു ചരക്കിറക്കാനായി വാഹനം പിന്നോട്ടെടുക്കുന്നതിനിടെയാണ് ലോറിയുടെ ആക്‌സിൽ തകർന്നത്. ഈ സമയം റോഡിന്റെ ഒത്ത നടുവിലായിരുന്നു ലോറി.  ആക്സിൽ തകർന്നതോടെ ലോറി അനക്കാനാകാതെയായി. നിമിഷനേരം കൊണ്ടു റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഇതു പിന്നീട് നഗരത്തിനെയൊന്നാകെ ഗതാഗതക്കുരുക്കിലാക്കി. ട്രാഫിക് ജംക്‌ഷനിൽ നിന്നു രൂപപ്പെട്ട ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ അകലെ എസ്കെഎംജെ സ്കൂൾ പരിസരം വരെ നീണ്ടു. ആംബുലൻസുകളും ഗതാഗതക്കുരുക്കിലകപ്പെട്ടു. കൽപറ്റ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കുരുക്കിനു ശമനമുണ്ടായില്ല. പിന്നീട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണു ഗതാഗതം നിയന്ത്രിച്ചത്. വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചുവിട്ടതോടെ അവിടെയും വാഹനങ്ങളുടെ നീണ്ടനിരയായി. കനത്ത മഴ പെയ്തത് കുരുക്ക് രൂക്ഷമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com