ADVERTISEMENT

ബത്തേരി∙ കാടിനെ ‘വളർത്താൻ’ വനപാലകരുടെ വിത്തേറ്. വന്യജീവികളുടെ എണ്ണം വർധിക്കുമ്പോഴും കാട്ടിൽ ഭക്ഷ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നതും മുളങ്കാടുകൾ കൂട്ടത്തോടെ നശിച്ച സാഹചര്യവും കണക്കിലെടുത്താണ് മുളകളുടെയും വിവിധ മരങ്ങളുടെയും വിത്തുകൾ ഉരുളകളാക്കി എറിഞ്ഞും പാകിയും തൈകൾ നട്ടും കാടിനെ സംപുഷ്ടമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ ബത്തേരി, തോൽപെട്ടി, കുറിച്യാട്, മുത്തങ്ങ റേഞ്ചുകളിലെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകൾ വഴിയും വിത്തേറും തൈ നടീലും നടന്നു വരുന്നു.

രണ്ടര ലക്ഷത്തോളം വിത്തുകളാണ് ഉരുളകളായും അല്ലാതെയും ഇതുവരെ കാട്ടിൽ നിക്ഷേപിച്ചത്. ഇനിയും വിതറാനുള്ള വിത്തുകളും നടാനുള്ള തൈകളും തയാറായി വരികയാണ്. വയനാട് വന്യജീവി സങ്കേതത്തിൽ ‍മാസങ്ങൾക്കു മുൻപ് തയാറാക്കി സൂക്ഷിച്ചിരുന്ന വിത്തുരുളകളാണ് വേനൽമഴ പെയ്തതോടെ കാടിന്റെ പലഭാഗത്തായി എറിഞ്ഞത്. വിത്തും മണ്ണും വളവും കുഴച്ചുരുട്ടി പന്തു പോലെയാക്കി ഉണക്കിയ ശേഷമാണ് വിത്തേറ് പ്രത്യേക ദൗത്യമായി വനപാലകർ ഏറ്റെടുത്തത്. പന്തുരുളകളിൽ മുളവിത്താണ് നിക്ഷേപിച്ചിട്ടുള്ളത്.

തോൽപെട്ടി റേഞ്ചിൽ 30,000 വിത്തുരുളകൾ നിക്ഷേപിച്ചപ്പോൾ മുത്തങ്ങയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ 20,000 വിത്തുണ്ടകളെറിഞ്ഞു. ഇതിനു പുറമേ തോൽപെട്ടിയിൽ ഉരുളകളാക്കാത്ത 48,500 വിത്തുകളും മുത്തങ്ങയിൽ 56,500 വിത്തുകളും കുറിച്യാട് 50,000 വിത്തുകളും വിതറി. മുളയ്ക്കു പുറമേ നെല്ലി, പേര, കുന്നിവാക, താന്നി, വേങ്ങ, ഉങ്ങ്, വാളൻപുളി, നീർമരുത് തുടങ്ങിയവയുടെ വിത്തുകളാണ് വിതറിയത്. കൂടാതെ ബത്തേരി റേ‍ഞ്ചിൽ 25,000 മുളത്തൈകളും മുത്തങ്ങയിൽ 1500 തൈകളും നടുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. കുറിച്യാട് റേ‍ഞ്ചിൽ 50000 വിത്തുകൾ കൂടി വിതറാനുള്ള പദ്ധതിയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com