ADVERTISEMENT

കൽപറ്റ ∙ നഗരത്തിൽ ഇറങ്ങി നടക്കണമെങ്കിൽ കയ്യിൽ വടി കരുതേണ്ട അവസ്ഥ. മുപ്പതിലധികം നായ്ക്കളാണു നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് പരിസരം, എച്ച്ഐഎംയുപി സ്കൂളിനു സമീപം, അനന്തവീര തിയറ്ററിനു സമീപം, പള്ളിത്താഴെ റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പഴയ മാർക്കറ്റ് പരിസരം എന്നിങ്ങനെ നഗരത്തിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. 

2018ലെ സെൻസസ് പ്രകാരം നഗരസഭാ പരിധിയിൽ 185 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. എന്നാൽ, നിലവിൽ നായ്ക്കളുടെ എണ്ണം 300 ലധികമായിട്ടുണ്ട്. അനന്തവീര തിയറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രിയാവുന്നതോടെ തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. ഇവിടെ ആവശ്യത്തിനു വെളിച്ചമില്ല. പലരും നായ്ക്കളുടെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചാണു രക്ഷപ്പെടുന്നത്. 

ഗതാഗതക്കുരുക്കും രൂക്ഷം 
കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണി നേരിടുന്നത്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളെ ഭയന്ന് സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരി ഉപേക്ഷിച്ചു.രാവിലെ മദ്രസയിലേക്കു പോകുന്ന വിദ്യാർഥികളും പത്രവിതരണക്കാരും ഭീതിയോടെയാണു ടൗണിലൂടെ കടന്നുപോകുന്നത്. തെരുവുനായ്ക്കൾ റോഡ് കയ്യടക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. നഗരത്തിലെ മാലിന്യനീക്കം യഥാസമയത്ത് നടക്കാത്തതാണു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നതെന്നും ആക്ഷേപമുണ്ട്. 

നഗരസഭാ പരിധിയിലെ അമ്പിലേരി, മുണ്ടേരി, മരവയൽ മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മണിയങ്കോട് റോഡിലെ ഗോഡൗൺ പരിസരത്തും ആളൊഴിഞ്ഞ പറമ്പുകളിലും മറ്റുമാണു തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. മേഖലയിലെ ഒട്ടേറെ വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ പറയുന്നു. മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും തെരുവുനായ്ക്കൾ ഭീഷണിയാണ്. 

പ്രതിരോധ നടപടികൾ മുടങ്ങുന്നു
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ ഉൗർജിതമാക്കാതെ അധികൃതർ. കഴിഞ്ഞ ഒരുവർഷത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 200ലധികം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

തെരുവുനായ്ക്കൾക്കായുള്ള എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്. ആവശ്യത്തിനു ഫണ്ട് ലഭ്യമാകാത്തതാണു കാരണം. തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് വിവിധ സർക്കാർ പദ്ധതികളിലേക്കായി നിർബന്ധമായും വകയിരുത്തണമെന്ന നിർദേശം വന്നതോടെയാണു പദ്ധതി അവതാളത്തിലായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com