ADVERTISEMENT

പനമരം ∙ പുഞ്ചക്കൃഷി ഇറക്കിയ കർഷകർ തൊഴിലാളി ക്ഷാമവും മഴയും മൂലം ദുരിതത്തിൽ. പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് അവസാനഘട്ടത്തിലാണെങ്കിലും ജില്ലയിലെ പല പാടശേഖരങ്ങളിലും തൊഴിലാളിക്ഷാമം മൂലം കൊയ്ത്ത് വൈകി. ഇതിനിടെ മഴയും ആരംഭിച്ചതോടെ കർഷകർ ആശങ്കയിലാണ്. പലരും കൊയ്ത്തുയന്ത്രങ്ങൾ ഉപയോഗിച്ച് നെല്ല് കൊയ്തെടുത്തെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കിയെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. വേനൽമഴയ്ക്ക് പിന്നാലെത്തന്നെ കാലവർഷം എത്തിയതാണ് കർഷകർക്ക് ദുരിതമായത്. കനത്ത മഴ തുടങ്ങുംമുൻപ് നെല്ല് കൊയ്തെടുക്കാൻ തൊഴിലാളികളെ തേടി കർഷകർ പരക്കം പായുകയാണ്. യന്ത്രമിറങ്ങാത്ത പാടശേഖരങ്ങളിലെ കർഷകർക്കാണു തൊഴിലാളിക്ഷാമം വലിയ പ്രതിസന്ധിയാകുന്നത്.

ജില്ലയിൽ പുഞ്ചക്കൃഷി കുറവായതിനാൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് നഞ്ച കൊയ്ത്തിന് എത്തുന്ന പോലെ യന്ത്രങ്ങൾ എത്താത്തതും കർഷകർക്ക് തിരിച്ചടിയാണ്. കൊയ്തെടുത്ത നെല്ല് സംഭരിച്ചു വയ്ക്കാനുള്ള സ്ഥലപരിമിതി മിക്ക കർഷകരുടെയും പ്രധാന പ്രശ്നമാണ്. മഴ പെയ്തു തുടങ്ങിയത് നെല്ലിൽ ഈർപ്പത്തിന്റെ അളവു കൂടാൻ സാധ്യതയുള്ളതിനാൽ നെല്ല് കൊയ്ത പലരും പാതയോരങ്ങളിലും മറ്റുമിട്ട് ഉള്ള വെയിലിൽ തൊഴിലാളികളെ വച്ച് നെല്ലുണക്കുകയാണിപ്പോൾ. പ്രതികൂല കാലാവസ്ഥയിലും മുടക്കം വരുത്താതെ പരമ്പരാഗതമായി നഷ്ടം സഹിച്ചും കൃഷിയിറക്കിയവരാണ് കൊയ്ത്ത് സമയത്ത് ഇക്കുറിയും ദുരിതത്തിലായത്. ജില്ലയിൽ പാടശേഖരങ്ങൾ ഏറെയുണ്ടെങ്കിലും പുഞ്ചക്കൃഷിയിറക്കുന്ന പാടശേഖരങ്ങൾ കുറവാണ്. പ്രതികൂല കാലാവസ്ഥയും രൂക്ഷമായ വന്യമൃഗശല്യവും, തൊഴിലാളി ക്ഷാമവും മുടക്കുമുതൽ ലഭിക്കാത്തതുമാണ് പുഞ്ചക്കൃഷി കുറയാൻ കാരണം.

കാലവർഷം പടിക്കലെത്തിയിട്ടും പുഞ്ചക്കൊയ്ത്ത് വൈകുന്ന മരക്കടവ് കബനഗദ്ദ പാടം. ഇവിടെ കൊയ്ത്ത് കഴിഞ്ഞ ചെറിയപാടത്തെ വൈക്കോൽ മഴ പെയ്യുംമുൻപേ ഉണങ്ങിയെടുക്കാൻ ശ്രമിക്കുന്ന കുടുംബം.
കാലവർഷം പടിക്കലെത്തിയിട്ടും പുഞ്ചക്കൊയ്ത്ത് വൈകുന്ന മരക്കടവ് കബനഗദ്ദ പാടം. ഇവിടെ കൊയ്ത്ത് കഴിഞ്ഞ ചെറിയപാടത്തെ വൈക്കോൽ മഴ പെയ്യുംമുൻപേ ഉണങ്ങിയെടുക്കാൻ ശ്രമിക്കുന്ന കുടുംബം.

മരക്കടവ് പാടത്ത് കർഷകർ അങ്കലാപ്പിൽ
പുൽപള്ളി ∙ പു‍ഞ്ചക്കൊയ്ത്ത് മുടങ്ങിയ മരക്കടവ് പാടത്തെ കർഷകർ അങ്കലാപ്പിൽ. ഏതുസമയത്തും കാലവർഷം ശക്തിപ്പെടുമെന്ന അറിയിപ്പാണ് കർഷകരെ കുഴക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ തന്നാണ്ടുവിളകളുടെ നടീൽ നടക്കുന്നതേയുള്ളൂ. എന്നാൽ കാലവർഷം ചുരത്തിനുമുകളിലെത്തും മുമ്പ് ഇവിടെ നെല്ല് കൊയ്തെടുക്കാനാവുമോയെന്നു സംശയമാണ്. കഴിഞ്ഞയാഴ്ചകളിൽ കൊയ്ത കർഷകർക്ക് വൈക്കോൽ പൂർണമായി നഷ്ടപ്പെട്ടു. യന്ത്രമുപയോഗിച്ച് കൊയ്ത് നടത്തിയപ്പോൾ നെല്ല് ചാക്കിൽ ശേഖരിച്ചു. പാടത്ത് ഉണങ്ങാനിട്ട വൈക്കോൽ മഴ നനഞ്ഞ് നശിച്ചു. മഴ നനഞ്ഞ വൈക്കോൽ ഉപയോഗിക്കാനാവില്ല. കബനഗദ്ദ, ചിറമൂല, കൃഗന്നൂർ ഭാഗത്താണ് ഇനി നെല്ല് കൊയ്യാനുള്ളത്. ഒരാഴ്ച നന്നായി വെയിൽ കിട്ടിയാൽ നെല്ലും വൈക്കോലും സുരക്ഷിതമായി വീടെത്തിക്കാനാവും. ചിലഭാഗത്ത് പാടത്ത് വെള്ളക്കെട്ടായതിനാൽ യന്ത്രമിറക്കാനും സാധിക്കില്ല. ജലക്ഷാമത്തെ തുടർന്നാണ് ഇക്കൊല്ലം പുഞ്ചക്കൃഷി വൈകിയത്. പ്രതിസന്ധികളോടു പോരടിച്ച് നടത്തിയ കൃഷിയുടെ ആദായമെടുക്കാനാവുമോയെന്ന ആശങ്കയാണിവർക്ക്. വൈക്കോൽ കിട്ടാതെ വന്നാൽ കൃഷി നഷ്ടമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com