ADVERTISEMENT

കാട്ടാനയുടെ ആക്രമണം;  ഓട്ടോ ഡ്രൈവർക്ക് പരുക്ക് 
മാനന്തവാടി ∙  തിരുനെല്ലി പഞ്ചായത്തിലെ  അപ്പപ്പാറയിൽ  ഫോറസ്റ്റ് സ്റ്റേഷനു സമീപം പുലിവാൽ വളവ് എളമ്പിലാശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ  ഓട്ടോ ഡ്രൈവറായ യുവാവിനു പരുക്കേറ്റു. അപ്പപ്പാറ കൂമ്പാരക്കുണ്ട് ശ്രീനിവാസൻ (43) നാണ് പരുക്കേറ്റത്. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ എടുക്കാനായി വനത്തിലൂടെയുള്ള റോഡിലൂടെ  വരികയായിരുന്ന ശ്രീനിവാസൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.  ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ നിലത്ത് വീണ ശ്രീനിവാസനെ ആന കാൽ കൊണ്ട് തട്ടി.  സമീപത്തുണ്ടായിരുന്നവർ ബഹളം വച്ചതോടെ ആന പിൻവാങ്ങിയതിനാൽ ആളപായം ഒഴിവായി. പരുക്കേറ്റ ശ്രീനിവാസനെ വനപാലകരും, നാട്ടുകാരും ചേർന്ന് ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.  ഇന്നലെ  രാവിലെ ആറരയോടെയാണ് സംഭവം. 

ഷാജിയുടെ ബൈക്ക് കാട്ടാന തകർത്ത നിലയിൽ.
ഷാജിയുടെ ബൈക്ക് കാട്ടാന തകർത്ത നിലയിൽ.

പൊറുതിമുട്ടി പൊഴുതന
പൊഴുതന ∙ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വേങ്ങാത്തോട്, കറുവൻതോട്, കുറിച്യർമല പ്രദേശങ്ങളിലെ നാട്ടുകാർ. ഏതു നേരവും ആന ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. ഇന്നലെ എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ ചെരപ്പറമ്പിൽ ഷാജി ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്ന വഴി വേങ്ങാത്തോട്–കുറിച്യർമല റോഡിൽ വച്ചാണ് ഷാജി  ആനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടത്. ആനക്കൂട്ടം പാഞ്ഞടുത്തതോടെ ഷാജി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആനക്കൂട്ടം ബൈക്ക് ഭാഗികമായി തകർത്തിട്ടുണ്ട്.

എസ്റ്റേറ്റ് ഫാക്ടറിയുടെ സമീപത്തു വച്ചാണ് സംഭവം നടന്നത്. സ്ത്രീകൾ അടക്കം ഒട്ടേറെ തൊഴിലാളികൾ ഈ സമയം ജോലി സ്ഥലങ്ങളിലേക്ക് വരുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ തൊഴിലാളികൾ അടക്കമുള്ള യാത്രക്കാർ ഏറെ പരിഭ്രാന്തരായി. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാൻ പോലും സാധ്യമല്ലാത്ത അവസ്ഥയായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ആനക്കൂട്ടം വിവിധ സംഘങ്ങളായി പ്രദേശത്തെ മുക്കിലും മൂലയിലും പകൽ സമയങ്ങളിലും കറങ്ങി നടക്കുന്നത് പതിവു കാഴ്ചയാണ്. കാട്ടാന ശല്യം പരിഹരിക്കുന്നതിനു നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

1. ഏലച്ചെടികൾ കാട്ടാന നശിപ്പിച്ച നിലയിൽ. 2. മൂഴിമല പ്രദേശത്ത് കാട്ടാന നശിപ്പിച്ച കൃഷികൾ.
1. ഏലച്ചെടികൾ കാട്ടാന നശിപ്പിച്ച നിലയിൽ. 2. മൂഴിമല പ്രദേശത്ത് കാട്ടാന നശിപ്പിച്ച കൃഷികൾ.

മൂഴിമലയിൽ കാട്ടാനകളുടെ വിഹാരം
പുൽപള്ളി ∙ വേലിയമ്പം, മൂഴിമല ഭാഗത്ത് ശല്യമായി കാട്ടാനകളുടെ വിഹാരം. ഓരോ ദിവസവും ഓരോ പ്രദേശത്തിറങ്ങുന്ന ആന വരുത്തുന്ന നാശനഷ്ടങ്ങൾക്ക് കണക്കില്ല. തോട്ടത്തിലൂടെ ആന നടന്നുപോകുമ്പോഴും കർഷകർക്ക് പലവിധ നഷ്ടങ്ങളുണ്ടാകുന്നു. കഴിഞ്ഞരാത്രി മൂഴിമല കുരിശുകവലയിൽ ഒറ്റക്കുന്നേൽ തോമസ്, ബേബി കോതാട്ടുകാലായിൽ, ഗ്രേസി കോതാട്ടുകാലായിൽ, ചാക്കോ ഒറ്റക്കുന്നേൽ, തോമസ് കവുങ്ങുമ്പള്ളി എന്നിവരുടെ സ്ഥലത്തെ വാഴ, ഏലം, കാപ്പി, കമുക് വിളകൾ ആന നശിപ്പിച്ചു. വനാതിർത്തിയിലെ പ്രതിരോധ സംവിധാനമെല്ലാം നശിച്ചു. കിടങ്ങുകൾ ഇടിഞ്ഞുനികന്നു. വൈദ്യുതവേലികൾ കാഴ്ചവസ്തുവായി. കാട്ടാന ശല്യം രൂക്ഷമാകുന്നതിനെതിരെ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.

റിപ്പൺ കാന്തൻപാറയിൽ മാങ്കുഴിയിൽ എം.എക്സ്.ജോർജിന്റെ പശുക്കുട്ടിയെ പുലി കൊലപ്പെടുത്തിയ നിലയിൽ
റിപ്പൺ കാന്തൻപാറയിൽ മാങ്കുഴിയിൽ എം.എക്സ്.ജോർജിന്റെ പശുക്കുട്ടിയെ പുലി കൊലപ്പെടുത്തിയ നിലയിൽ

കാന്തൻപാറയിൽ വീണ്ടും പുലി ആക്രമണം
മേപ്പാടി ∙ കാന്തൻപാറ പ്രദേശത്തു വീണ്ടും പുലിയുടെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ റിപ്പൺ കാന്തൻപാറ മാങ്കുഴിയിൽ എം.എക്സ്.ജോർജിന്റെ ഒരു വയസ്സുളള പശുക്കുട്ടിയെ പുലി കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ  പശുക്കുട്ടിയെ 2 ആഴ്ച മുൻപും  വളർത്തു നായയെ  4 മാസം മുൻപും  പുലി കൊലപ്പെടുത്തിയിരുന്നു. സമീപത്തെ റാത്തപ്പിള്ളി ഷിജുവിന്റെ വളർത്തു നായയെ ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്തിരുന്നു. നിരന്തരം പുലി ശല്യം ഉള്ള ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെന്നു നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് ഇവിടെ മൃഗങ്ങളെ വളർത്താൻ സാധിക്കാത്ത അവസ്ഥയാണ്. പുലിയുടെ മുൻപിൽ നിന്നു പലരും രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. കാട്ടാന ശല്യത്തിനു പുറമേ പുലി ഭീഷണി കൂടി ആയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com