ADVERTISEMENT

കൽപറ്റ ∙ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലുമിറങ്ങുന്ന വന്യജീവികളെക്കൊണ്ടു ജില്ലയിലെ കർഷകർ പൊറുതിമുട്ടുമ്പോഴും വന്യജീവി ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച ശേഷമുള്ള മാർഗനിർദേശങ്ങളും തീരുമാനങ്ങളും നടപ്പിലാക്കുന്നതിൽ വൻ വീഴ്ച. മാർച്ച് ആദ്യവാരമാണു വനം–വന്യജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിയും രൂപീകരിച്ചു.

ജില്ലാതലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചെങ്കിലും തുടർപ്രവർത്തനങ്ങളോ തീരുമാനങ്ങൾ താഴേത്തട്ടിലേക്കെത്തിക്കാനുള്ള നടപടിയോ ഉണ്ടായില്ല. കേരളത്തിൽ വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ ജില്ലയിൽപോലും മന്ത്രിസഭാ തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തത് വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താത്തതുമൂലമാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ഡിഎഫ്ഒമാർ, വൈൽഡ് ലൈഫ് വാർഡൻ, തദ്ദേശവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി വകുപ്പ് ഓഫിസർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ എന്നിവരുൾപ്പെട്ടതാണു ജില്ലാതല നിയന്ത്രണ സമിതി.ഈ സമിതിയുടെ ആദ്യയോഗം മാർച്ച് 11നു ചേർന്നിരുന്നു. 3 മാസത്തിനുള്ളിൽ ഒരു തവണയെങ്കിലും ജില്ലാതല വനം–വന്യജീവി സംഘർഷ നിയന്ത്രണ സമിതിയുടെ യോഗം ചേരണമെന്നു നിശ്ചയിച്ചെങ്കിലും പിന്നീട് യോഗങ്ങളൊന്നും നടന്നില്ല. തുടർനടപടികളുമുണ്ടായില്ല.

ജില്ലയിൽ പലയിടത്തും വന്യജീവി പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുകയാണ്. വന്യജീവി ശല്യത്തിൽ കൃഷി നശിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്ത കർഷകരും ഏറെ. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ജില്ലയിലെ വന്യജീവി ശല്യം പ്രതിരോധിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഈ സമിതിക്കാണ്. എന്നിട്ടും ആദ്യയോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നു മാത്രമല്ല, തുടർയോഗം ചേരുന്നതിൽപോലും അനാസ്ഥയാണ്.

എവിടെ പ്രാദേശിക നിയന്ത്രണ സമിതികൾ?
പ്രാദേശികാടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കുന്നതിൽ വന്ന വീഴ്ചയാണു വന്യജീവി ശല്യം ഫലപ്രദമായി പ്രതിരോധിക്കാനാകാത്തതിനു പ്രധാന കാരണങ്ങളിലൊന്നെന്നു കർഷകസംഘടനാ പ്രതിനിധികൾ പറയുന്നു. ജനപ്രതിനിധികൾക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംയുക്ത യോഗത്തിനെത്തിയാൽത്തന്നെ പല പ്രശ്നങ്ങൾക്കും പ്രാദേശിക പരിഹാരം കാണാനാകും. ഇതുപോലും നടപ്പിലാക്കാൻ കഴിയാത്തതാണു വിമർശന വിധേയമാകുന്നത്.
പ്രാദേശിക സമിതികളുടേത്  വിപുലമായ അധികാരം
വന്യജീവി ആക്രമണം രൂക്ഷമാകുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക നിയന്ത്രണ സമിതി യോഗം ചേർന്നു തീരുമാനമെടുത്താൽ നടപ്പിലാക്കാൻ ജില്ലാതല സമിതിയുടെ സാധൂകരണം മാത്രം മതി.എന്നാൽ, നാട്ടിലിപ്പോഴും വന്യജീവി ഇറങ്ങിയാൽ ക്യാമറ സ്ഥാപിക്കുന്നതിനു പോലും ഉന്നത വനപാലകരുടെ ഉത്തരവിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്.നേരത്തെ രൂപീകരിച്ച ജാഗ്രതാ സമിതികൾ പോലും പല തദ്ദേശസ്ഥാപനങ്ങളിലും നിർജീവമാണ്.

മാതൃകയായി കൽപറ്റ, വൈത്തിരി, മേപ്പാടി
ജില്ലയിലെ കൽപറ്റ നഗരസഭയിലും വൈത്തിരി പഞ്ചായത്തിലുമൊഴികെ മറ്റൊരു തദ്ദേശസ്ഥാപനത്തിൽ പോലും പുതിയ മാനദണ്ഡമനുസരിച്ചുള്ള പ്രാദേശിക വന്യജീവി ശല്യ നിയന്ത്രണ സമിതി നിലവിലില്ല. റവന്യു, വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരെല്ലാം ഉൾപ്പെടുന്ന വിപുലമായ സമിതി രൂപീകരിക്കുകയും 2 തവണ യോഗം ചേരുകയും ചെയ്തുവെന്ന് നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക് അറിയിച്ചു. സമിതി രൂപീകരിച്ചുവെന്നും തുടർപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, മേപ്പാടി പഞ്ചായത്ത് പ്രസി‍ഡന്റ് കെ. ബാബു എന്നിവരും പറഞ്ഞു.

പ്രാദേശിക നിയന്ത്രണസമിതികൾ: വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിതി ഇങ്ങനെ
കൽപറ്റ നഗരസഭ :
2 തവണ യോഗം നടത്തി.
ബത്തേരി നഗരസഭ : പ്രാഥമികയോഗം ചേർന്നു. ജാഗ്രതാസമിതി രൂപീകരണത്തിനുള്ള വിപുലമായ യോഗം ഈ ആഴ്ച മാനന്തവാടി നഗരസഭ : നേരത്തേയുള്ള ജാഗ്രതാ സമിതി പോലും നിർജീവം. പുതിയ മാനദണ്ഡങ്ങളനുസരിച്ചുള്ള സമിതി രൂപീകരിക്കുന്നതിന് ഇതുവരെ നടപടിയില്ല
നൂൽപുഴ : സമിതി രൂപീകരിക്കാൻ അടുത്തയാഴ്ച യോഗം
നെന്മേനി : സമിതി രൂപീകരിക്കാൻ നാളെ യോഗം
മീനങ്ങാടി, അമ്പലവയൽ: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചശേഷം സമിതി രൂപീകരിച്ചിട്ടില്ല. വനമില്ലാത്ത പഞ്ചായത്താണെന്നതു കണക്കിലെടുക്കണമെന്ന് അധികൃതർ.
പൂതാടി, എടവക, തിരുനെല്ലി, പനമരം, കോട്ടത്തറ, കണിയാമ്പറ്റ, പുൽപള്ളി, മുള്ളൻകൊല്ലി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മുട്ടിൽ, വെങ്ങപ്പള്ളി, തവിഞ്ഞാൽ, മൂപ്പൈനാട്, തൊണ്ടർ‌നാട്: പുതിയ നിർദേശമനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണസമിതി ഇല്ല.

തുറക്കാതെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
വന്യമൃഗശല്യം രൂക്ഷമല്ലാത്ത മേഖലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണവിധേയമായി തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ജില്ലാതല യോഗത്തിൽ തീരുമാനമായിരുന്നു.  എന്നാൽ, ജില്ലയിലെ 7 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ 5 മാസങ്ങളായി അടഞ്ഞുകിടന്നിട്ടും തുറക്കാൻ നടപടിയില്ല.പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ കേസിനെത്തുടർന്നുണ്ടായ ഉത്തരവുകളാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാകാത്തതിനു കാരണമായി പറയുന്നത്.  എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വന്യജീവി ശല്യം രൂക്ഷമല്ലെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കാത്തതാണ് ഒട്ടേറെപ്പേരുടെ വരുമാനവും ജില്ലയുടെ ടൂറിസം മേഖലയുടെ വളർച്ചയും ഇല്ലാതാക്കുന്ന അടച്ചിടലിനു കാരണമെന്നു ടൂറിസം സംരംഭകർ പറയുന്നു.

നടന്നത് ഇതുമാത്രം
വനപാലകർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് കൂടുതൽ പമ്പ് ആക്‌ഷൻ തോക്കുകളും ഡ്രോൺ ക്യാമറകളും നൽകുമെന്നു യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി ബംഗാൾ റൈഫിൾ ഫാക്ടറിയിൽനിന്ന് 39 തോക്കുകൾ വയനാട്ടിലെത്തിച്ചു. ഇതിൽ 12 വീതം നോർത്ത്–സൗത്ത് വനം ഡിവിഷനുകൾക്കും 15 എണ്ണം വൈൽഡ് ലൈഫ് ഡിവിഷനും നൽകി. നോർത്ത് വയനാട് ഡിവിഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററും ആരംഭിച്ചു. 2 ആർആർടികൾ ജില്ലയിൽ പുതുതായി തുടങ്ങി. സൗത്ത് വയനാട് ഡിവിഷനിൽ പുൽപള്ളി മേഖലയിലും വൈൽഡ് ലൈഫ് ഡിവിഷൻ പരിധിയിലും കൂടുതൽ ആർആർടികൾ വേണമെന്ന ആവശ്യം നടപ്പായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com