ADVERTISEMENT

തലപ്പുഴ ∙ കൃഷിയിടത്തിൽ വീണുകിടക്കുന്ന റിസർവ് മരങ്ങൾ മൂലം കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിക്കു പരിഹാരം കാണാൻ തയാറാകാതെ അധികൃതർ. തവിഞ്ഞാൽ വില്ലേജിലെ പുതിയിടം കലയത്തിങ്കൽ പ്രഭാകരനെപ്പോലെ ഒട്ടേറെ കർഷകർ സ്വന്തം ഭൂമിയിലെ റിസർവ് മരങ്ങൾ മൂലം വസ്തു കൈമാറ്റമോ മറ്റു ഇടപാടുകളോ നടത്താനാകാതെ വലയുകയാണ്.

മരങ്ങൾ കൊണ്ട് പുലിവാൽ
പിതാവിന്റെ പേരിൽ ഉണ്ടായിരുന്ന 3.40 ഏക്കർ സ്ഥലത്ത് 19 ഈട്ടിയും 2 അയനിയും ആണ് റവന്യു അധികൃതർ റിസർവ് ചെയ്തിരുന്നത്. ഇതിൽ ഇപ്പോൾ ശേഷിക്കുന്നത് 8 മരങ്ങൾ മാത്രം. മറ്റു മരങ്ങളെല്ലാം കാലപ്പഴക്കത്താൽ തോട്ടത്തിൽ വീണു കിടക്കുന്നു. ഏതോ കാലത്ത് കാണാതായ ഒരു ആഞ്ഞിലി മരത്തിന് 10,000 രൂപ അടച്ച ശേഷമാണ് ഭൂമി തന്റെ പേരിലേക്ക് മാറ്റാനായതെന്നു പ്രഭാകരൻ പറയുന്നു. ഈ സ്ഥലം ഇനി വിൽക്കണമെങ്കിൽ തോട്ടത്തിൽ വീണു കിടക്കുന്ന 13 മരങ്ങൾക്കുള്ള വില റവന്യുവകുപ്പിൽ അടയ്ക്കേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ ഇവ സ്വന്തം നിലയിൽ നീക്കി കുപ്പാടിയിലെ വനംവകുപ്പ് മരം ഡിപ്പോയിൽ എത്തിക്കണം. വീണുകിടക്കുന്ന മരങ്ങൾ വില്ലേജ് അധികാരികളുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തി വേണം ഡിപ്പോയിലേക്കു മാറ്റാനെന്നു വനംവകുപ്പ് അധികൃതർ പറയുന്നു.

ഇത് എങ്ങനെ നടപ്പാക്കുമെന്നോർത്ത് വിഷമിക്കുകയാണു പ്രഭാകരൻ. ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് 25 മരങ്ങളാണ് റിസർവ് ചെയ്തിട്ടുള്ളത്. ഇതിൽ 5 മരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ബാക്കി മരത്തിന്റെ വില കെട്ടിവയ്ക്കാതെയോ വീണുകിടക്കുന്ന മരങ്ങൾ ഡിപ്പോയിലെത്തിച്ച് രേഖ കൈപ്പറ്റാതെയോ ക്രയവിക്രയം നടക്കില്ല. ഒട്ടേറെ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ജനപ്രതിനിധികൾക്കും വകുപ്പ് അധികൃതർക്കും നാട്ടുകാർ പലവട്ടം നിവേദനങ്ങളും സമർപ്പിച്ചതാണ്. എങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും പ്രഭാകരൻ പറഞ്ഞു.

ഭൂമിയെക്കാൾ  വില മരത്തിന്
തവിഞ്ഞാൽ വില്ലേജിന് പുറമേ തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ വില്ലേജിലും തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളിലും ഇൗ പ്രശ്നമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഇടപെടുകയും ചെയ്തു. എന്നാൽ, വ്യക്തമായ ഉത്തരവ് ലഭിക്കാതെ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ അപകട ഭീഷണി ഉയർത്തുന്ന റിസർവ് ചെയ്ത മരങ്ങൾ മുറിക്കാൻ മാത്രമാണ് റവന്യു അധികൃതർ പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉത്തരവ് നൽകുന്നത്.

തഹസിൽദാരുടെ ഉത്തരവ് നേടി മരം മുറിച്ചാലും അത് കച്ചീട്ടിൽ വാങ്ങി കർഷകൻ സ്വന്തം സ്ഥലത്ത് സംരക്ഷിക്കണം. റിസർവ് ചെയ്ത മരങ്ങൾക്ക് സർക്കാർ നിശ്ചയിച്ച വില പലപ്പോഴും ഭൂമിയുടെ വിലയെക്കാൾ കൂടുതലാണ്. ഇൗ തുക സർക്കാരിലേക്ക് അടച്ച് സ്ഥലം വിൽപന നടത്താൻ കർഷകർക്ക് കഴിയില്ല.  അതുകൊണ്ട് തന്നെ പാരമ്പര്യമായി കിട്ടിയ ഭൂമി മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനു പോലും വിൽക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് പലരും.

ന്യായവില വേണം,  നീതിയും
നശിച്ച മരങ്ങൾ ഒഴിവാക്കി നിലവിൽ നിലനിൽക്കുന്ന മരങ്ങളുടെ വില ന്യായമായി നിശ്ചയിച്ച് കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്. സർക്കാർ തലത്തിൽ ഇതിനായി ശ്രമങ്ങൾ ആരംഭിച്ചതുമാണ്. വിമുക്ത ഭടൻമാർക്ക് മുൻപ് പതിച്ചു നൽകിയ മക്കിമലയിലെ സ്ഥലത്തു നിന്ന് മരങ്ങൾ മുറിച്ച സംഭവത്തിൽ വിജിലൻസിലും ക്രൈംബ്രാഞ്ചിലും കേസ് നിലവിലുള്ളതിനാൽ തുടർ നടപടികൾ നിലച്ചു.

1964 മുതൽ നൽകിയ പട്ടയങ്ങളിലായി ആയിരക്കണക്കിന് മരങ്ങൾ റിസർവ് ചെയ്തിട്ടുള്ളതിനാൽ സങ്കീർണമായ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. വീണുകിടക്കുന്ന മരങ്ങളെങ്കിലും കൃഷിഭൂമിയിൽ വച്ച് വില നിശ്ചയിച്ച് അവിടെത്തന്നെ ലേലം ചെയ്യാനുള്ള അടിയന്തര നടപടിയെങ്കിലും സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. റവന്യു, വനം വകുപ്പുകളുടെ ഉന്നതതല യോഗം ചേർന്ന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചാലേ പ്രശ്നത്തിനു പരിഹാരമാകു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com