ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണം, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 3 താലൂക്കുകളിലെ 42 ക്യാംപുകളിലായി 2305 പേരാണ് താമസിക്കുന്നത്. മുഴുവൻ ക്യാംപുകളിലും ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.

ജില്ലയിലെ 7 നദികളിലെ നീരൊഴുക്ക് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണകൂടം ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിയുടെ 560 വൈദ്യുതക്കാലുകൾക്കും 2 ട്രാൻസ്‌ഫാമറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടാതെ കെഎസ്ഇബി ജാഗ്രത പുലർത്തുന്നുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകൂടവും ജലസേചന വകുപ്പും കൃത്യമായി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കർണാടകയിലെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കൂടുതലായി പെയ്യുന്നതിനാൽ നീരൊഴുക്ക് ഇനിയും കൂടാൻ സാധ്യതയുണ്ട്. ബത്തേരി കല്ലൂർ കോളനിയിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതിന് നിർദേശം നൽകിയതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കലക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, അസി. കലക്ടർ ഗൗതംരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ക്യാംപുകളിലെത്തി മന്ത്രിമാർ
കണിയാമ്പറ്റ ∙ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിൽ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ സന്ദർശനം നടത്തി. കണിയാമ്പറ്റ ഗവ. യുപി സ്‌കൂൾ, കൈതയ്ക്കൽ ഗവ. എൽപി സ്‌കൂൾ, പൂതാടി എസ്എൻഎച്ച്എസ് എന്നിവിടങ്ങളിലെ ക്യാംപുകളാണ് മന്ത്രിമാർ സന്ദർശിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭിക്കുന്നുണ്ടോയെന്ന് ക്യാംപുകളിലെ ആളുകളോട് ചോദിച്ചറിഞ്ഞു. കണിയാമ്പറ്റ ഗവ. യുപി സ്‌കൂളിലെ ക്യാംപിലെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com