ADVERTISEMENT

നടവയൽ∙ പാലുമായി സൊസൈറ്റിയുടെ അളവു കേന്ദ്രത്തിലേക്ക് പോയ കർഷകനെ കാട്ടാന ഓടിച്ചു. കായക്കുന്ന് കുളത്തിങ്കൽ തങ്കച്ചനെയാണ് റബർ തോട്ടത്തിലൂടെ പാഞ്ഞുവന്ന കാട്ടാന ഓടിച്ചത്. ഇന്നലെ രാവിലെ 6.15ന് ആണ് സംഭവം. ഇറക്കത്തിലുള്ള റോഡിലൂടെ പോകുകയായിരുന്ന തങ്കച്ചൻ ഉയരത്തിലുള്ള കൃഷിയിടത്തിലൂടെ കാട്ടാന വരുന്നത് കണ്ടിരുന്നില്ല. പാൽ അളന്നു കഴിഞ്ഞ് തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെ കാട്ടാന തങ്കച്ചനു നേരെ പോകുന്നതു കണ്ട് സഹോദരനായ ജോസ് വിളിച്ചലറിയതോടെ തങ്കച്ചൻ തിരിച്ചോടുകയായിരുന്നു. 

ഇതിനിടെ കാട്ടാന തോട്ടത്തിൽ തെന്നി വീണതാണ് തങ്കച്ചന് രക്ഷയായതെന്ന് പാൽ അളക്കുന്നതിന് എത്തിയ ക്ഷീരകർഷകർ പറഞ്ഞു. വീണിടത്തു നിന്ന് എഴുന്നേറ്റ കാട്ടാന തങ്കച്ചൻ ഓടിക്കയറിയ തൊഴുത്തിനടുത്ത് വരെയെത്തിയെങ്കിലും പാൽ അളക്കുന്നതിന് എത്തിയവർ ഒച്ചയിട്ടതോടെ റോഡിലിറങ്ങി അടുത്ത കൃഷിയിടത്തിലേക്ക് മറഞ്ഞു. ഓട്ടത്തിനിടെ 10 ലീറ്ററോളം പാൽ റോഡിൽ വീണു നശിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്.

‘വനംവകുപ്പ് ജീവനക്കാരുടെ വീട്ടിൽ പശുക്കളെ കെട്ടും’
വനംവകുപ്പ് ജീവനക്കാരുടെ വീടുകളിൽ കർഷകരുടെ നേതൃത്വത്തിൽ പശുക്കളെ കെട്ടുമെന്നു കായക്കുന്ന് ക്ഷീരസംഘം. നേരം പുലർന്നു പാലുമായി സൊസൈറ്റിയിലേക്കു എത്തുന്ന ക്ഷീര കർഷകനെ അടക്കം കാട്ടാന ഓടിക്കുന്ന സ്ഥിതിയാണുള്ളത്. മുൻപ് സംഘത്തിലെ ജീവനക്കാരനെ പാൽ അളക്കുന്നതിനിടെ കാട്ടാന ആക്രമിച്ചിരുന്നു. അന്നു ജീവനക്കാരനും ഇന്നലെ കർഷകനും രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. 

പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കാൻ നടപടിയില്ലെങ്കിൽ അടുത്തദിവസം പശുക്കളുമായി വനംവകുപ്പ് ജീവനക്കാരുടെ വീടുകളിലേക്ക് പോകാൻ ഇന്നലെ കായക്കുന്ന് ക്ഷീരസംഘത്തിൽ ചേർന്ന യോഗം തീരുമാനമെടുത്തു. ക്ഷീരസംഘം പ്രസിഡന്റ് ബോബി തോമസ് അധ്യക്ഷത വഹിച്ചു. ജോസ് കുളത്തിങ്കൽ, മാത്യു ചേരവയൽ വി.കെ. രാജൻ, ഷീമ മാനുവൽ, അമൃത ജോസഫ്, ബാബു തെക്കേത്തൊട്ടി, പി.എസ്. ബിജു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com