ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ ആദിവാസികൾ നേരിടുന്ന ഭൂപ്രശ്നമുൾപ്പെടെ ഭൂവിതരണത്തിൽ നേരിടുന്ന പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനായി നാളെ പ്രത്യേക യോഗം വിളിക്കുമെന്നു പട്ടികജാതി–പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ഭൂവിതരണം ഉൾപ്പെടെ പട്ടികവർഗ ക്ഷേമവകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യും. ജില്ലയിലെ 3 മണ്ഡലങ്ങളിലെയും ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികൾ അവലോകനം ചെയ്യും. ഭൂരഹിതരും ഭവനരഹിതരും അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടിലെ ആദിവാസി ഭൂസമരക്കാർ അനുഭവിക്കുന്ന ദുരിതം വിവരിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച കനവ്, ഒരുതരി മണ്ണ് എന്ന പരമ്പരയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെല്ലായിടത്തും ഭൂരഹിതരായ ആദിവാസികൾക്കു ഭൂമിയും വാസയോഗ്യമായ ഭവനവും ഉറപ്പാക്കുകയെന്നതു തന്നെയാണു ലക്ഷ്യം. കേന്ദ്രവനനിയമങ്ങൾ കർശനമാണെന്നതും വനാവകാശ നിയമത്തിലെ ചില വ്യവസ്ഥകളും വനം കൺകറന്റ് ലിസ്റ്റിലാണെന്നതും സുഗമമായ ഭൂവിതരണത്തിനു തടസ്സമാകുന്നുണ്ട്. സംസ്ഥാന സർക്കാരിനു ഫലപ്രദമായ ഇടപെടൽ നടത്താനാവശ്യമായ നിയമഭേദഗതിക്കായി കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കും. സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടു തന്നെ ആദിവാസികളുടെ ഭൂപ്രശ്നത്തിനു പരിഹാരം കാണുമെന്നും മന്ത്രി കേളു പറഞ്ഞു. (പരമ്പര അവസാനിച്ചു)

ആദിവാസികൾക്കു ഭൂമി നൽകണം, നടപടികൾ വേഗത്തിലാക്കണം

വയനാട്ടിൽ ആദിവാസി ക്ഷേമസമിതിയാണു രണ്ടാംഘട്ട ഭൂസമരത്തിനു നേതൃത്വം നൽകിയത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഒട്ടേറെപ്പേർക്കു ഭൂമി നൽകി. എങ്കിലും വിവിധ കേന്ദ്രങ്ങളിൽ‍ ഇപ്പോഴും സമരം തുടരുകയാണ്. കേന്ദ്ര വനാവകാശ നിയമത്തിലെ വ്യവസ്ഥകളാണു നിലവിൽ ഭൂമി വിതരണം ചെയ്യുന്നതിനുള്ള പ്രധാന തടസ്സം. വയനാട്ടിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്നു തന്നെയാണു പ്രതീക്ഷ. ലാൻഡ് ബാങ്കിൽനിന്നു ഭൂമി കണ്ടെത്തുന്നതിലും മരിയനാട് പോലുള്ള തോട്ടം ഭൂമികൾ ഭൂരഹിതർക്കു വിതരണം ചെയ്യുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കണം.

മുദ്രാവാക്യങ്ങൾ മറക്കുന്ന ഭരണനേതൃത്വം

പ്രതിപക്ഷത്തിരിക്കുമ്പോൾ സമരങ്ങൾക്കു നേതൃത്വം നൽകുകയും ഭരണത്തിലെത്തുമ്പോൾ ആ മുദ്രാവാക്യങ്ങൾ മറക്കുകയും ചെയ്യുന്ന ഭരണനേതൃത്വമാണ് ആദിവാസികളുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. 2012ൽ എകെഎസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ച കുടുംബങ്ങളെല്ലാം ഇപ്പോഴും സമരഭൂമിയിൽ തുടരുകയാണ്. വനഭൂമി കൺകറന്റ് ലിസ്റ്റിലായതിനാൽ കേന്ദ്ര വനാവകാശ നിയമത്തിലെ ചില വ്യവസ്ഥകൾ മാറ്റാതെ നിലവിലെ സാഹചര്യത്തിൽ ഭൂവിതരണം എളുപ്പമാകില്ല. ഇതിൽ കേന്ദ്രസർക്കാർ അടിയന്തരമായി മാറ്റം വരുത്തണം. ഭൂരഹിതർക്കു വേണ്ടി മാറ്റിവച്ച ഭൂമി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരും നടപടിയെടുക്കണം. എന്നാൽ, 8 വർഷമായി അധികാരത്തിലുള്ള എൽഡിഎഫ് ഈ സമരത്തെ മറന്നമട്ടാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ആദിവാസി കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com