ADVERTISEMENT

തൃശ്ശിലേരി ∙ കാടിറങ്ങി വന്ന് നാട്ടിലാകെ നാശം വിതയ്ക്കുന്ന മുത്തുമാരിയിലെ കാട്ടാനകളെ തുരത്താൻ ഒടുവിൽ കുങ്കിയാനകളെത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉണ്ണിക്കൃഷ്ണൻ എന്ന കുങ്കിയാനയും വൈകിട്ട് ആറരയോടെ ഭരത് എന്ന കുങ്കിയാനയും മുത്തുമാരിയിലെത്തി. തൃശ്ശിലേരിയിൽ ആദ്യമായെത്തുന്ന കുങ്കിയാനകളെ കാണാൻ ഒട്ടേറെ ആളുകളാണ് തടിച്ച്കൂടിയത്. ലോറിയിൽ നിന്ന് ഇറക്കിയ കുങ്കിയാനകളെ മുത്തുമാരികുന്നിൻ മുകളിലെ വനാതിർത്തിയിലേക്ക് നടത്തി കൊണ്ടുപോയി.കാട്ടാന പതിവായി നാട്ടിലിറങ്ങുന്ന വഴിക്ക് ഇരു വശത്തായാണ് 2 കുങ്കിയാനകളെയും തളച്ചിരിക്കുന്നത്.

ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താനായി തൃശ്ശിലേരിയിലെ മുത്തുമാരി ഗ്രാമത്തിൽ വനപാലകർ എത്തിച്ച ഉണ്ണിക്കൃഷ്ണൻ എന്ന കുങ്കിയാന ദൗത്യത്തിനായി നീങ്ങുന്നു. ചിത്രം: മനോരമ
ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താനായി തൃശ്ശിലേരിയിലെ മുത്തുമാരി ഗ്രാമത്തിൽ വനപാലകർ എത്തിച്ച ഉണ്ണിക്കൃഷ്ണൻ എന്ന കുങ്കിയാന ദൗത്യത്തിനായി നീങ്ങുന്നു. ചിത്രം: മനോരമ

കുങ്കിയാനകളുടെ സാന്നിധ്യം മണത്തറിയുന്ന കാട്ടാനകൾ കാടിറങ്ങാൻ തയാറാകില്ലെന്നാണ് വനപാലകരുടെ കണക്കുകൂട്ടൽ. ഇന്ന് പകൽ സമയത്ത് കുങ്കിയാനകളുമായി ആർആർടി സംഘം കാട്ടാന നാട്ടിലിറങ്ങുന്ന വനാതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് നടത്തും.ബേഗൂർ റേഞ്ച് ഓഫിസർ കെ. രാഗേഷ്, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസ്, സെക്‌ഷൻ ഫോറസ്റ്റർ കെ.കെ. രതീഷ്കുമാർ എലിഫന്റ് ഫോറസ്റ്റ് സ്ക്വാഡ് ഫോറസ്റ്റ് ഓഫിസർ കെ.വി. മനോജ്, റാപ്പിഡ് റെസ്പോൺസ് ടീം ഫോറസ്റ്റ് ഓഫിസർ ഇ.സി. രാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 15 അംഗ ആർആർടി സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാനായി വനപാലകർ തികഞ്ഞ ജാഗ്രത പുലർത്തി വരികയാണ്.കഴിഞ്ഞ 3 ദിവസമായി ജനവാസ കേന്ദ്രങ്ങളിൽ ആന ഇറങ്ങിയിട്ടില്ല. പതിവായി നാട്ടിലിറങ്ങുന്ന പാതയിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടുകൊമ്പനെ ഒരു വട്ടം വനപാലകർ പടക്കം പൊട്ടിച്ച് പിന്തിരിപ്പിച്ചു. കുങ്കിയാനകളെ മുത്തുമാരിയിൽ എത്തിക്കുന്നതിൽ താമസം നേരിട്ടതിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. വനപാലകരെ തടഞ്ഞ് വയ്ക്കുകയും ഡിഎഫ്ഒ ഓഫിസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.നഷ്ടപരിഹാരം, ഫെൻസിങ് അടക്കമുള്ള കാര്യങ്ങളിൽ അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കേണ്ടി വരുമെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com