ADVERTISEMENT

മുണ്ടക്കൈ ∙ ഉരുൾപൊട്ടലിൽ ഗതിമാറിയൊഴുകുകയും കൂറ്റൻ പാറക്കല്ലും വന്മരങ്ങളും അടിഞ്ഞുകൂടുകയും ചെയ്ത പുന്നപ്പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തയാറാക്കുന്നതിനായി രൂപീകരിച്ച ആറംഗ വിദഗ്ധസമിതി ദുരന്തഭൂമിയിൽ പഠനം തുടങ്ങി. പുഴയുടെ ഉദ്ഭവസ്ഥാനത്തുനിന്നുള്ള മണ്ണിന്റെ സാംപിളുകൾ സംഘം ശേഖരിച്ചു. പുഴയുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും പഠിക്കാനും പരിഹാരനിർദേശങ്ങൾ നൽകാനുമാണു കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ വി.സന്ദീപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ചത്. ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ പാറക്കല്ലുകളും മരങ്ങളും എങ്ങനെ പുനരുപയോഗിക്കാം, പുഴയൊഴുകും വഴിയിലെ മാർഗതടസ്സങ്ങൾ എങ്ങനെ ഇല്ലാതാക്കാം എന്നിവയുൾപ്പെടെ പരിശോധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകാനാണു നിർദേശം.

കഴിഞ്ഞ ദിവസം മുണ്ടക്കൈയിലും ചൂരൽമലയിലുമെത്തിയ സംഘം ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിലും സന്ദർശനം നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഴയുടെ ഉദ്ഭവം മുതൽ ഉരുൾപൊട്ടൽ നാശം വിതച്ച എല്ലാ ഭാഗങ്ങളിലും വിദഗ്ധർ സന്ദർശിക്കും. പുഴയുടെ ഒഴുക്കിന്റെ ശരിയായ ദിശ നിർണയിക്കുകയും പുഴയോരം സംരക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയും പഠനത്തിന്റെ ലക്ഷ്യമാണ്. പുഴയോരത്തെ മണ്ണിടിച്ചിൽ തടയാനായി എത്ര മുളകളും മരങ്ങളും വച്ചുപിടിപ്പിക്കേണ്ടിവരുമെന്നു റിപ്പോർട്ടിലുൾപ്പെടുത്തും. പുഴയുടെ ഉദ്ഭവം മുതൽ സഞ്ചരിച്ച് പുഴയുടെ ഒഴുക്കിനുള്ള മാർഗതടസ്സങ്ങൾ സമിതി കണ്ടെത്തും. കൈവഴികളുടെയും നീർച്ചാലുകളുടെയും മാർഗതടസ്സങ്ങളും പഠിക്കും. 

ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ പാറകളും ഉരുളൻകല്ലുകളും മര അവശിഷ്ടങ്ങളും പുനരുപയോഗിക്കുന്നതിനുള്ള സാധ്യതകൾ ശുപാർശ ചെയ്യും. പുഴയോരത്ത് മണ്ണൊലിപ്പ് തടയാൻ ഇവ ഉപയോഗിക്കാമോയെന്നാണു പരിശോധിക്കുക. 25നുള്ളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞരായ ടി.കെ. ദൃശ്യ, പി.ആർ. അരുൺ, പി.ജെ. ജെയ്നറ്റ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കെ. അമൃത, ബി.ആർ. അനശ്വരദേവി എന്നിവരാണു സംഘത്തിലെ മറ്റ് അംഗങ്ങൾ.

സുരക്ഷിത സ്ഥലങ്ങൾ ഏതെല്ലാം; ജോൺ മത്തായി വീണ്ടും എത്തി
മുണ്ടക്കൈ ∙ ദുരന്തഭൂമിയിലെ സുരക്ഷിത സ്ഥലങ്ങൾ ഏതൊക്കെയെന്നതിൽ അന്തിമതീരുമാനമെടുക്കാൻ ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലും മുണ്ടക്കൈയിലും വീണ്ടും പരിശോധന നടത്തി. 18ന് അന്തിമറിപ്പോർട്ട് നൽകുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ഓഗസ്റ്റ് 12 മുതൽ 15 വരെ ദുരന്തഭൂമി സന്ദർശിച്ച് സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സുരക്ഷിത സ്ഥലങ്ങളെയും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളെയും കുറിച്ച് കൂടുതൽ വിശദമായ പഠനം നടത്തണമെന്ന നിർദേശമുയർന്നു.

ഇതെത്തുടർന്നാണു വിദഗ്ധസംഘം രണ്ടാമതും വന്നത്. വിദഗ്ധസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉരുൾപൊട്ടൽ സംബന്ധിച്ച ഉപദേശകസമിതിയെയും മുണ്ടക്കൈയിലും ചൂരൽമലയിലും പഠനം നടത്താൻ ഓഗസ്റ്റ് 23 മുതൽ 25 വരെ നിയോഗിച്ചു. ഈ സമിതിയുടെ കൂടി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പുനരധിവാസത്തിനും ടൗൺഷിപ് പദ്ധതിക്കും വേണ്ട ഭൂമികളെക്കുറിച്ചും രൂപരേഖയുണ്ടാക്കി. സർക്കാർ പരിഗണിച്ച 24 ഭൂമികളിൽ 5 എണ്ണമാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുത്തത്. ഇതിനു പുറമേ മറ്റു ഭൂമികൾ കൂടി ഉപദേശകസമിതി നിർദേശിച്ചു.  ഈ ശുപാർശകളെല്ലാം പരിഗണിച്ചാണ് ടൗൺഷിപ് എവിടെ വേണമെന്നതിൽ അന്തിമ തീരുമാനമുണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com