ADVERTISEMENT

കൽപറ്റ ∙ പട്ടികവർഗ വിദ്യാർഥികളെ ഊരുകളിൽനിന്നും വീടുകളിൽനിന്നും സ്കൂളുകളിൽ എത്തിക്കാനും കൊഴിഞ്ഞുപോക്കു തടഞ്ഞ് അവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും സർക്കാർ ആരംഭിച്ച വിദ്യാവാഹിനി പദ്ധതിയിൽ 5 മാസമായി വാഹന ഉടമകൾക്ക് പണം ലഭിച്ചില്ല. കഴിഞ്ഞ അധ്യയന വർഷത്തെ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെയും ഈ അധ്യയന വർഷത്തെ ജൂൺ മുതൽ ഓഗസ്റ്റ് വരെയുമുള്ള തുകയാണു ലഭിക്കാനുള്ളത്. ഇത്രയും മാസത്തെ തുക ലഭിക്കാത്ത സാഹചര്യത്തിൽ വാഹന ഉടമകൾ ബുദ്ധിമുട്ടുകയാണ്. മന്ത്രി ഒ.ആർ. കേളു ഇടപെട്ട് പ്രശ്നത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്. മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലടക്കം 14.47 ലക്ഷം രൂപയാണു കുടിശിക.

കുടിശിക ലക്ഷങ്ങൾ
ഓരോ പഞ്ചായത്തുകളിലും ഒട്ടേറെ വാഹനങ്ങൾ വിദ്യാവാഹിനിക്കായി ഓടുന്നുണ്ട്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം അൻപതോളം വാഹനങ്ങൾ വിദ്യാവാഹിനിക്കായി ഓടുന്നു. ഊരുകളിൽനിന്നു വിദ്യാലയങ്ങളിലേക്കാണു പട്ടികവിഭാഗത്തിൽപെട്ടവരുടെ വാഹനങ്ങൾ ഉപയോഗിച്ച് വിദ്യാർഥികളെ എത്തിക്കുന്നത്. പട്ടിക വിഭാഗ സൊസൈറ്റികൾ, സംഘങ്ങൾ, സംരംഭങ്ങൾ, എന്നിവയുടെ ഭാഗമായതോ വ്യക്തികളുടെ വാഹനങ്ങളോ പരിഗണിക്കും. പട്ടികവിഭാഗക്കാർ ഇല്ലെങ്കിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. പണം ലഭിക്കാത്തതിനാൽ പലയിടത്തും വിദ്യാവാഹിനി പദ്ധതിയിൽ വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഉടമകൾ തയാറാകുന്നില്ലെന്ന സ്ഥിതിയുമുണ്ട്.

പരിഷ്കരിക്കണം മാനദണ്ഡങ്ങൾ
വിദ്യാവാഹിനി നേരത്തേ ഗോത്രസാരഥി പദ്ധതി ആയിരുന്ന സമയത്തു ഗ്രാമപഞ്ചായത്തുകൾക്കായിരുന്നു നടത്തിപ്പ് ചുമതല. ഇതിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ പഞ്ചായത്ത് അധികൃതർ നല്ല പ്രവർത്തനങ്ങളും നടത്തിയിരുന്നു. വിദ്യാവാഹിനി എന്ന പേരിൽ പദ്ധതി മാറിയതോടെ ചുമതല പഞ്ചായത്തിൽ നിന്നു മാറ്റുകയും പട്ടികവർഗ വകുപ്പ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. വിദ്യാവാഹിനി പദ്ധതിയിലുൾപ്പെടുത്തി വാഹനങ്ങളിൽ കൊണ്ടുവരുന്നതിനുള്ള കുട്ടികളെ തിരഞ്ഞെടുക്കാൻ അവരുടെ താമസസ്ഥലത്തേക്കുള്ള ദൂരം മാനദണ്ഡമാക്കിയതു പ്രായോഗികബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സ്കൂളിനടുത്തുള്ള കുട്ടികൾ കൊഴിഞ്ഞുപോകുന്നതു തടയാൻ ഈ മാനദണ്ഡം തടസ്സമാകുന്നുണ്ടെന്നും സ്കൂൾ പിടിഎകൾ പരാതിപ്പെടുന്നു.

ദൂരം കണക്കിലെടുക്കാതെ എല്ലാ പട്ടികവർഗവിദ്യാർഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മാനന്തവാടി താലൂക്കിലെ മാനന്തവാടി നഗരസഭയിലും തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലും സ്കൂൾ തുറന്ന ആദ്യ ആഴ്ചകളിൽ വാഹനം ഇല്ലാത്തതിനാൽ വിദ്യാർഥികൾ സ്കൂളുകളിലെത്തിയിരുന്നില്ല. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഓടാൻ കഴിയില്ലെന്നു കഴിഞ്ഞ വർഷം പല വാഹന ഉടമകളും അറിയിച്ചിരുന്നു. പിന്നീടു താൽക്കാലികമായി പ്രശ്നം പരിഹരിച്ച് സർവീസ് നടത്തുകയായിരുന്നു.

നിരക്ക് തു‌ഛമെന്ന് വാഹന ഉടമകൾ
വിദ്യാലയങ്ങളിൽനിന്നു ക്വട്ടേഷൻ വിളിക്കുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ ലഭിക്കുന്ന വാഹനങ്ങൾക്കു പദ്ധതി നൽകുകയുമാണു നേരത്തേ ചെയ്തിരുന്നത്. പുതിയ പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കില്ല. ഊരിൽ നിന്നു വിദ്യാലയത്തിലേക്കുള്ള ദൂരമാണ് പരിഗണിക്കുക. മാനദണ്ഡ പ്രകാരം തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് മാത്രമാണു വിദ്യാവാഹിനി അനുവദിക്കുക. ഇക്കുറി പല സ്കൂളുകളിലും ക്വട്ടേഷൻ നൽകാൻ പോലും വാഹന ഉടമകളെത്തിയില്ല. സർക്കാർ നിശ്ചയിച്ചതു പ്രകാരം കിലോമീറ്ററിന് 20 രൂപയാണു വാഹനങ്ങൾക്കു ലഭിക്കുക. ഇതു കുറവാണെന്നാണു വാഹന ഉടമകൾ പറയുന്നത്. ഈ നിരക്കിൽ ഓടാൻ കഴിയില്ലെന്നു കഴിഞ്ഞവർ‌ഷം തന്നെ ചില ഡ്രൈവർമാർ അധികൃതരെ അറിയിച്ചിരുന്നു.

വിദ്യാവാഹിനി ഇങ്ങനെ:
1 മുതൽ 10 വരെ ക്ലാസുകളിലായുള്ള വിദ്യാർഥികളെയാണ് വിദ്യാവാഹിനി വഴി സ്കൂളിൽ എത്തിക്കുന്നത്. സ്കൂളുകളിൽ രൂപീകരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്കൂൾ പ്രധാനാധ്യാപകൻ കൺവീനർ ആയും പിടിഎ പ്രസിഡന്റ് പ്രസിഡന്റ് ആയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ജോയിന്റ് കൺവീനർ ആയും പഞ്ചായത്ത് അംഗം, സീനിയർ അധ്യാപകൻ, പ്രമോട്ടർ, പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷാകർത്താവ് എന്നിവർ അംഗങ്ങളുമായാണ് മോണിറ്ററിങ് കമ്മിറ്റി.

സ്കൂളുകൾക്കു ലഭിക്കാനുള്ള തുക

എടവക                                        3.07 ലക്ഷം

തവിഞ്ഞാൽ                              8 ലക്ഷം

മാനന്തവാടി നഗരസഭ         6.14 ലക്ഷം

തിരുനെല്ലി                                   14.47

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com