ADVERTISEMENT

ബത്തേരി∙ അവധിക്ക് നാട്ടിലെത്തിയ മലവയൽ പാഴൂർ ധനേഷ് ഭാര്യ അഞ്ജുവിനെയും മകൻ ഇഷാൻ കൃഷ്ണയെയും കൂട്ടി ഗുണ്ടൽപേട്ടിലേക്ക് ബൈക്കിൽ യാത്ര തിരിച്ചത് ചെണ്ടുമല്ലിപ്പാടങ്ങളും മലമുകളിലെ ഗോപാൽസ്വാമി ബെട്ടയും കൊതി തീരെ കണ്ട് ആസ്വദിക്കാനായിരുന്നു. എന്നാൽ യാത്രയുടെ പാതിവഴിയിൽ ക്വാറിയിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ കയറ്റിയെത്തിയ ടോറസ് ലോറിയും ലഹരിയുടെ കൂട്ടിൽ അതിന് വളയം പിടിച്ച ഡ്രൈവറും അതെല്ലാം ഒരു നിമിഷം കൊണ്ട് തല്ലിക്കെടുത്തി. അപകടം നടന്ന ശേഷം ലോറിയിൽ നിന്നിറങ്ങി നിലത്ത് കുഴഞ്ഞിരുന്ന ഡ്രൈവർ ഗോവിന്ദരാജ് മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുണ്ടൽപേട്ട പൊലീസെത്തി പിന്നീടിയാളെ കസ്റ്റഡിയിലെടുത്തു. ലോറി ബൈക്കിലേക്ക് ഇടിച്ചു കയറിയത് നിയന്ത്രണം വിട്ട് ആടിയുലയും വിധമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

wayanad-j-lorry-bike-accident-death-pg
മരിച്ച ധനേഷ്, ഭാര്യ അഞ്ജു, മകൻ ഇഷാൻ കൃഷ്ണ എന്നിവർ.

എറണാകുളത്ത് കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലായിരുന്നു ധനേഷിന് ജോലി. ഭാര്യയും കുഞ്ഞും മുൻപ് ധനേഷിനൊപ്പം എറണാകുളത്തായിരുന്നെങ്കിലും ഇഷാനെ സ്കൂളിൽ ചേർത്തതോടെ പൂതാടിയിലെ അഞ്ജുവിന്റെ വീട്ടിലായിരുന്നു താമസം. അവധിക്കെത്തിയ ധനേഷും പൂതാടിയിലെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ 9ന് ബത്തേരി മലവയലിലെ വീട്ടിൽ നിന്നാണ് ഇവർ ഗുണ്ടൽപേട്ടിലേക്ക് ബൈക്കിൽ യാത്ര തിരിച്ചത്. ബന്ദിപ്പൂർ വന്യജീവി സങ്കേതം പിന്നിട്ട ശേഷം ചെണ്ടുമല്ലിയും സൂര്യകാന്തിയും പൂത്ത പാടങ്ങൾ കണ്ട് മലമുകളിലെ ഗോപാൽസ്വാമി ബെട്ട ക്ഷേത്രവും കണ്ടു ഗുണ്ടൽപേട്ട ടൗണിലേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം.

യാത്രയ്ക്കിടെ ധനേഷും കുടുംബവും ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലെത്തിയ പലരെയും കണ്ട് സംസാരിച്ചിരുന്നു. ബൈക്കിനെ പിന്നിൽ നിന്നെത്തി ഇടിച്ച ശേഷം കൊളുത്തിവലിച്ച ലോറി ഏറെ ദൂരം മുന്നോട്ടു പോയി. അഞ്ജുവും ഇഷാനും ബൈക്കിനൊപ്പം ലോറിക്കടിയിൽ പെട്ടു. ഏറെ നേരം കഴിഞ്ഞാണ് 3 മൃതദേഹങ്ങളും റോഡിൽ നിന്ന് മാറ്റിയത്. മദ്യലഹരിയിൽ ഇരുന്ന ലോറി ഡ്രൈവറെ കണ്ട് നാട്ടുകാരും ക്ഷുഭിതരായി.മൃതദേഹങ്ങൾ ആദ്യം ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി എട്ടോടെ ചാമരാജ് നഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഇന്ന് രാവിലെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കും.

English Summary:

A Kerala family's trip to see the marigold fields and Gopalaswamy Betta temple in Gundlupet turned fatal when a speeding lorry driven by an intoxicated driver rammed into their bike. The accident, witnessed by many, claimed the lives of Dhanesh, his wife Anju, and their son Ishan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com