ADVERTISEMENT

കൽപറ്റ∙ വയനാട് ദുരന്തം മറയാക്കി സർക്കാർ പകൽക്കൊള്ള നടത്തുന്നുെവന്നാരോപിച്ച് വ്യാപക പ്രതിഷേധവുമായി ബിജെപിയും മുസ്‌ലിം ലീഗും. കോഴിക്കോട്, വയനാട് ജില്ലകളിലാണ് കലക്ടറേറ്റിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടത്തുന്നത്. വയനാട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. യാതൊരു പ്രതിഫലവും കൂടാതെ ദുരന്തമുഖത്ത് രാപ്പകൽ അധ്വാനിച്ച സന്നദ്ധ പ്രവർത്തകരെയും ഭക്ഷണം, വസ്ത്രം, മരുന്ന്, അടക്കം സൗജന്യമായി നൽകി ദുരന്തത്തിനിരയായവരെ ചേർത്തുപിടിച്ചവരെയും സർക്കാർ വഞ്ചിച്ചുവെന്ന് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ടി.മുഹമ്മദ് ആരോപിച്ചു. വയനാട് ദുരന്തത്തെക്കാൾ വലിയ ദുരന്തമായി സർക്കാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും മുസ്‌ലിം ലീഗ് സമരം നടത്തി. കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് ലീഗ് യാചനാ സമരം സംഘടിപ്പിച്ചു. എല്ലാവരും സഹായ ഹസ്തവുമായി മുന്നോട്ട് വന്നപ്പോൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്ക് ശുദ്ധമായ പകൽക്കൊള്ളയാണെന്ന് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ ആരോപിച്ചു. 

ബിജെപി കൽപറ്റ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയപ്പോൾ.
ബിജെപി കൽപറ്റ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയപ്പോൾ.

ബിജെപി കൽപറ്റ കലക്ടറേറ്റിന് മുന്നിലേക്ക് മാർച്ചും ധർണ നടത്തി. ദുരിതാശ്വാസ നിധിയിൽ നിന്ന് ഡിവൈഎഫ്ഐ പണം കൈപ്പറ്റിയിട്ടുണ്ടാകാമെന്നും എന്നാൽ, അത് മറ്റു സന്നദ്ധ പ്രവർത്തകരുടെ തലയിൽ വയ്ക്കേണ്ടന്നും ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് 64 മൃതദേഹങ്ങൾ സേവാഭാരതി സംസ്കരിച്ചത്. 359 മൃതദേഹങ്ങളിൽ 147 എണ്ണം സംസ്കരിച്ചത് പള്ളിക്കമ്മറ്റിക്കാരും സേവാഭാരതിയും ചേർന്നാണ്. കള്ളക്കണക്കെഴുതി ഉണ്ടാക്കിയതിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കിനെതിെര വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇല്ലാത്ത കണക്കുകൾ പെരുപ്പിച്ചു കാണിച്ചു കേന്ദ്രസർക്കാരിൽ നിന്നും പണം വാങ്ങുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദുരന്തമുഖത്ത് സർക്കാർ ചെലവഴിച്ച് തുകയുടെ വ്യക്തമായ കണക്ക് സർക്കാർ വെളിപ്പെടുത്തണമെന്നും ലീഗും ബിജെപിയും ആവശ്യപ്പെട്ടു.

English Summary:

Political turmoil has gripped Kerala as the BJP and Muslim League accuse the government of financial impropriety related to the Wayanad disaster relief fund. Protests have engulfed Wayanad and Kozhikode, demanding a transparent account of the funds utilized.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com