ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കുള്ള വീട്ടുവാടക വിതരണം പുരോഗമിക്കുന്നു. ഇതുവരെ 722 കുടുംബങ്ങൾക്ക് വാടക തുകയായ 6000 രൂപ വീതം നൽകിയതായി വൈത്തിരി തഹസിൽദാർ ആർ.എസ്.സജി പറഞ്ഞു. സത്യവാങ്മൂലം സമർപ്പിക്കാത്തവർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തവർ എന്നിവർക്കാണു ഇനി വാടകതുക നൽകാനുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവർക്കും തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വൈത്തിരി താലൂക്ക് ഓഫിസിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗത്തിനാണ് സഹായ വിതരണത്തിന്റെ ചുമതലയുള്ളത്. 

ഓണത്തിനു മുൻപ് വാടക വിതരണം പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രി കെ.രാജൻ അറിയിച്ചിരുന്നത്. ദുരന്തബാധിതർ ക്യാംപുകളിൽ നൽകിയ വിലാസം അടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതിനാലുള്ള സാങ്കേതിക തടസ്സമാണ് വിതരണം വൈകുന്നതിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസം കഴിഞ്ഞ ഓഗസ്റ്റ് 24നു പൂർത്തിയായിരുന്നു. 

ദുരന്തബാധിതരായ 728 കുടുംബങ്ങളിലെ 2569 പേരെയാണു സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടക വീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടക വീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് സർക്കാർ താൽക്കാലികമായി പുനരധിവസിപ്പിച്ചത്. 24 കുടുംബങ്ങൾ സ്വന്തം വീടുകളിലേക്കും മാറിത്താമസിച്ചിട്ടുണ്ട്. ഇവരിൽ സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടക വീടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് വാടക തുക ലഭിക്കില്ല. 

മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, മുട്ടിൽ, അമ്പലവയൽ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മീനങ്ങാടി പഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലുമായാണു ദുരന്തബാധിതരിൽ ഭൂരിഭാഗം പേരും താമസിക്കുന്നത്. ഇവിടങ്ങളിലെ വാടക വീടുകൾ, സർക്കാർ ക്വാർട്ടേഴ്സുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലായി 585 കുടുംബങ്ങളാണു താമസിക്കുന്നത്. കണിയാമ്പറ്റയിൽ 26 കുടുംബങ്ങളും വെങ്ങപ്പള്ളിയിൽ 10, കൽപറ്റയിൽ 113, മുട്ടിലിൽ 43, മീനങ്ങാടിയിൽ 5, അമ്പലവയലിൽ 16, മൂപ്പൈനാട് 92, വൈത്തിരിയിൽ 17, മേപ്പാടിയിൽ 263 കുടുംബങ്ങളുമാണ് താമസിക്കുന്നത്. ശേഷിക്കുന്ന കുടുംബങ്ങൾ മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ വാടക വീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നു.

English Summary:

Over 700 families affected by the devastating landslides in Mundakkai and Chooralmala, Kerala have received house rent assistance. The Disaster Management Authority under the Vythiri Taluk office aims to complete the distribution within a week, addressing initial delays caused by technical difficulties.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com