ADVERTISEMENT

പുൽപള്ളി ∙ ചേകാടി പാടത്ത് പന്തയക്കുതിര പരിശീലന കേന്ദ്രം (സ്റ്റഡ് ഫാം) നിർമാണം നിർത്തിവയ്ക്കാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകി. വനമേഖലയിൽ കടുത്ത നിയമലംഘനമാണ് നടക്കുന്നതെന്ന് പുൽപള്ളി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ റവന്യു സംഘം വിലയിരുത്തി. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പാടത്ത് പലവിധ നിർമാണങ്ങൾ നടത്തുന്നത്. ഇവിടത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കണമെന്നും വയൽ പൂർവസ്ഥിതിയിലാക്കണമെന്നും ഉദ്യോഗസ്ഥർ നടത്തിപ്പുകാർക്ക് നോട്ടിസ് നൽകി. വാർത്തകളെ തുടർന്ന് ജില്ലാഭരണകൂടവും റവന്യു ഡിവിഷനൽ ഓഫിസറും റിപ്പോർട്ട് തേടിയിരുന്നു.

പുൽപള്ളി വില്ലേജ് ഓഫിസർ വി.എം.രാജൻ, സ്പെഷൽ വില്ലേജ് ഓഫിസർമാരായ ഇ.എം. മോബിൻ, പി.എം. ധനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചേകാടിയിലെത്തി സ്ഥിതി വിലയിരുത്തിയത്. ചേകാടി പാടത്ത് ജലസേചനത്തിനുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി പ്രദേശത്തെ കർഷകരാണ് നിയമലംഘനത്തിനെതിരെ രംഗത്തുവന്നത്. ഒപ്പം പ്രദേശത്തെ 4 ഊരുകളിലെ താമസക്കാരും പരാതിയുമായെത്തി.

കഴിഞ്ഞ ദിവസം കൃഷിഓഫിസർ സ്ഥലം സന്ദർശിക്കുകയും നിയമലംഘനമാണ് നടക്കുന്നതെന്ന് സബ് കലക്ടർക്ക് റിപ്പോർട്ട് ചെയ്തിരുന്നു.ചേകാടിയിലെ കുതിരാലയം നിർമാണത്തിന് പഞ്ചായത്ത് ഒരനുമതിയും നൽകിയിട്ടില്ലെന്നും അനധികൃത നിർമാണത്തെ എതിർക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ വ്യക്തമാക്കി. ടൂറിസം സാധ്യതകളെ സ്വാഗതം ചെയ്യുമെങ്കിലും നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടപടി വേണം: എഐവൈഎഫ്
പുൽപള്ളി ∙ വനമധ്യത്തിലെ ചേകാടി താഴശേരിയിൽ വയൽനികത്തിയുള്ള കുതിര പരിശീലന കേന്ദ്രത്തിന് അനുമതിയില്ലെന്നും ഉടൻ അടച്ചുപൂട്ടണമെന്നും എഐവൈഎഫ് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. വയലിൽ ജെസിബി ഉപയോഗിച്ച് ചാലുകളും തോടും കയ്യേറി ഏറുമാടം, കുളം, ഷെഡുകൾ എന്നിവയാണ് നിർമിച്ചത്.

അനുമതിയില്ലാതെയുള്ള നിർമാണങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും വയൽ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി നിഖിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ശ്രീകല ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ്‌ എം.സി.സുമേഷ്, ടി.സി.ഗോപാലൻ, എം.ആർ.ജനകൻ, അനിൽ സി.കുമാർ, വിൻസന്റ് പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.

നിയമവിരുദ്ധം: ബിജെപി
പുൽപള്ളി ∙ നെൽപാട ഗ്രാമമായ ചേകാടിയിൽ പാടംനികത്തി നിർമിച്ച പന്തയക്കുതിര പരിശീലനകേന്ദ്രം നിയമവിരുദ്ധമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി. ഇ.കെ.സനൽകുമാർ അധ്യക്ഷത വഹിച്ചു. കെ.ഡി.ഷാജിദാസ്, പി.ആർ.തൃദീപ്കുമാർ, കെ.കെ.അരുൺ, പി.ആർ.സുഭാഷ്, പി.പത്മനാഭൻ, മനുപ്രസാദ്, അമൽ അമ്പാടി, ടി. കെ.ജയൻ എന്നിവർ പ്രസംഗിച്ചു.

സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
ചേകാടി ∙ പാടംനിരത്തി കുതിരാലയവും ടൂറിസംകേന്ദ്രവും നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. റവന്യു, കൃഷി, വനം തുടങ്ങിയ വകുപ്പുകളുടെയൊന്നും അനുമതി തേടാതെ വിലയ്ക്കെടുത്ത സ്ഥലത്തു നടത്തുന്ന അനധികൃത നിർമാണങ്ങൾ, ഉടമകൾ, അവരുടെ പശ്ചാത്തലം എന്നിവ സംബന്ധിച്ചാണ് അന്വേഷണം. പനമരം സ്വദേശിയായ പ്രവാസി വ്യവസായിയുടേതാണ് കുതിരാലയമെന്നു പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ വേറെ വമ്പൻമാരുണ്ടെന്നാണു വിവരം.

ചേകാടി പോലുള്ള വനം–ഗോത്ര മേഖലയിൽ കോടികൾ മുടക്കുള്ള പന്തയക്കുതിര പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നും സംശയിക്കുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഉടമകളെയോ, ഉത്തരവാദപ്പെട്ടവരെയോ കാണാനായില്ല. അതിഥിത്തൊഴിലാളികളാണ് കുതിരാലയത്തിലുള്ളത്. 

ഇടപെടുമെന്ന് മന്ത്രി ഒ.ആർ.കേളു
ചേകാടി ∙ ഗോത്രസമൂഹത്തിന്റെ സമാധാനപൂർണമായ ജീവിതത്തിന് തടസ്സമാകും വിധത്തിൽ നിയമലംഘനം നടത്തുന്ന പ്രശ്നത്തിൽ ഇടപെടുമെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ചേകാടി താഴശേരി വനാതിർത്തിയിലെ 4 ഊരുകളിലായി നൂറിലധികം ഗോത്രകുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് ബുദ്ധിമുട്ടാവും വിധത്തിലാണ് വയലിൽ കുതിരാലയം നിർമിക്കുന്നതെന്ന് കോളനിക്കാർ മന്ത്രിക്കു പരാതി നൽകി.

English Summary:

Construction of a horse training center in Pulpally, Kerala, has been stopped due to violations of forest and paddy land conservation laws. The project, located in Chekadi, has raised concerns about environmental damage and negative impacts on the local tribal community. Various political groups and government agencies are demanding a thorough investigation and restoration of the affected land.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com