ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട്ക്രസൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്.വീടിന്‍റെ ലിവിങ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. “ഡച്ച് മോഡൽ…റൂം ഫോർ റിവർ വന്താച്ച്…അഭിനന്ദനങ്ങൾ പിണു..”എന്നാണ് ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന  അവകാശവാദത്തോടെയുള്ള ചിത്രം പ്രചരിക്കുന്നത് .എന്നാല്‍ തെറ്റായ പ്രചാരണമാണിതെന്നും ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

∙ അന്വേഷണം

ഞങ്ങള്‍ വിഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2021 നവംബര്‍ 30 ന് ഇതേ വിഡിയോ കളേഴ്സ് ഓഫ് ട്രിച്ചി എന്ന ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ളതാവാമെന്നാണ് കമന്‍റുകളില്‍ നിന്നും  വ്യക്തമാകുന്നത്. 2021 നവംബര്‍ അവസാന വാരം പെയ്ത കനത്ത  മഴയില്‍ തെക്കന്‍ തമിഴ്നാട്ടിലെ ട്രിച്ചി, തൂത്തുക്കുടി, തിരുവല്ലൂര്‍, കാഞ്ചീപുരം, നാഗപട്ടണം, പുതുക്കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതായും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കേണ്ടി വന്നതായും വാര്‍ത്തകളുണ്ട്

കൂടുതല്‍ തിരഞ്ഞപ്പോള്‍ ലഭിച്ച  പോളിമര്‍ ന്യൂസ് എന്ന മാധ്യമം ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി  2021 ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ന്യൂസ് ബുള്ളറ്റിനില്‍ തമിഴ്നാട്ടില്‍ തുടരുന്ന കനത്ത മഴയും നാശനഷ്ടങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്.  

ഈ വിഡിയോ 2021 നവംബര്‍ മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി എവിടെ നിന്നുള്ളതാണെന്ന് ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതാണെന്ന് അനുമാനിക്കുന്നു. കൗതുകത്തിനായി പല തമിഴ് പ്രൊഫൈലുകളിലും വിഡിയോ 2021 നവംബര്‍ അവസാനം മുതല്‍ പങ്കുവച്ചിട്ടുണ്ട്. ഏതായാലും കേരളം ഈയിടെ അഭിമുഖീകരിച്ച പേമാരിയും വെള്ളക്കെട്ടുമായി 2021 നവംബര്‍ മുതല്‍ തമിഴ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വിഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

∙ വസ്തുത

പോസ്റ്റിലെ പ്രചാരണം തെറ്റാണ്. ദൃശ്യങ്ങള്‍ക്ക് കേരളം ഇപ്പോൾ അഭിമുഖീകരിച്ച കനത്ത മഴയും വെള്ളക്കെട്ടുമായി യാതൊരു ബന്ധവുമില്ല. 

English Summary :The scenes have nothing to do with the heavy rains and waterlogging that Kerala is currently facing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com