ADVERTISEMENT

രാജ്യത്തെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. നീറ്റ് പരീക്ഷ തട്ടിപ്പിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു എന്ന കുറിപ്പോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം.

∙ അന്വേഷണം

നീറ്റ് പരീക്ഷ തട്ടിപ്പിൽ എല്ലാം തകർന്ന വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു....അങ്ങ് മോദിയുടെ ഗുജറാത്തിൽ എന്നാണ് പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. വിഡിയോ കാണാം

ഒരു പെൺകുട്ടിയെ രണ്ട് പേര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഉറക്കെ കരയുന്ന പെൺകുട്ടിയോട് മാധ്യമപ്രവര്‍ത്തക വിവരങ്ങള്‍ ചോദിച്ചറിയുന്നതും ഒരാൾ കുടിക്കാന്‍ വെള്ളം നല്‍കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

വൈറൽ വിഡിയോയെ കീഫ്രെയിമുകളാക്കി മാറ്റി റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ കീഫ്രെയിമുകളോട് സാമ്യമുള്ള മറ്റൊരു വിഡിയോ ഞങ്ങൾക്ക് യൂട്യൂബിൽ  നിന്ന് ലഭിച്ചു.

TET, TAT candidates protests | Clash between TET-TAT pass candidates and police in Gandhinagar എന്നാണ് വിഡിയോയുടെ തലക്കെട്ട്. സംഭവത്തിന്റെ വ്യക്തതയ്ക്കായി വിഡിയോയ്ക്കൊപ്പമുള്ള ഡിസ്ക്രിപ്ഷൻ പരിശോധിച്ചപ്പോൾ ഗുജറാത്തി ഭാഷയിലാണ് ഇത് നൽകിയിരിക്കുന്നതെന്ന് വ്യക്തമായി.  സർക്കാർ സ്‌കൂളുകളിൽ കരാർ വിജ്ഞാന സഹായികളായി അധ്യാപകരെ സർക്കാർ നിയമിക്കുന്നുണ്ട്. ഇതിനായി ഗുജറാത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് പകരം കരാർ അടിസ്ഥാനത്തിൽ നോളജ് അസിസ്റ്റന്റുമാരുടെ നിയമനം സംസ്ഥാന സർക്കാർ ആരംഭിച്ചു.

തുടർന്ന് സ്ഥിരം സർക്കാർ ജോലി പ്രതീക്ഷിച്ച് ടെറ്റ്-ടാറ്റ് പരീക്ഷകൾ പാസായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ സ്ഥിരം നിയമനത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് വീണ്ടും ടെറ്റ്-ടാറ്റ് പാസായ ഉദ്യോഗാർത്ഥികൾ ഗാന്ധിനഗറിലെത്തി മുദ്രാവാക്യം വിളിക്കുകയും അധ്യാപകരെ സ്ഥിരം നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ്  ഗുജറാത്തി–മലയാളം പരിഭാഷ പരിശോധിച്ചപ്പോൾ വ്യക്തമായത്.

ഇത് സംബന്ധിച്ച വാർത്തകൾ ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നറിയാനായി ഞങ്ങൾ  Clash between TET-TAT pass candidates and police in Gandhinagar എന്ന കീവേഡുകളുപയോഗിച്ച് പരിശോധിച്ചപ്പോൾ  ഗുജറാത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് പകരം കരാർ അടിസ്ഥാനത്തിൽ നോളജ് അസിസ്റ്റന്റുമാരുടെ നിയമനം സംസ്ഥാന സർക്കാർ ആരംഭിച്ചതിനെതിരെ ടെറ്റ്-ടാറ്റ് പരീക്ഷകൾ പാസായ ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന്റെ നിരവധി വാർത്തകളും , റിപ്പോർട്ടുകളും ലഭിച്ചു.

deshgujarat.com എന്ന വെബ്സൈറ്റിൽ 2024 ജൂൺ 18ന് പ്രസ്ദ്ധീകരിച്ച റിപ്പോർട്ടിൽ,  സർക്കാർ അധ്യാപക നിയമനം ആവശ്യപ്പെട്ട് നഗരത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിലും (ടിഇടി) ടീച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും (ടിഎടി) വിജയിച്ച നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയും പൊലീസ് പിടിയിൽ. സംസ്ഥാന തലസ്ഥാനത്തെ പതികാശ്രമത്തിന് പുറത്ത് പ്രതിഷേധക്കാർ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഒത്തുകൂടിയാണ് പ്രകടനം നടത്തിയത്. പോലീസ് ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു.

സർക്കാരിന്റ് ഗ്യാൻ സഹായക് (ടീച്ചിംഗ് അസിസ്റ്റന്റ്) പദ്ധതി നിർത്തലാക്കണമെന്നതാണ് പ്രാഥമിക ആവശ്യമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ചിലർ മാധ്യമങ്ങളോട് പറഞ്ഞു.  “ഏകദേശം 40,000 സ്കൂൾ അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്, എന്നിട്ടും സംസ്ഥാനത്ത് TET/TAT പരീക്ഷകളിൽ വിജയിച്ച 70,000 ഉദ്യോഗാർത്ഥികളുണ്ട്. ഈ അസമത്വം ഉണ്ടായിരുന്നിട്ടും, അധ്യാപക നിയമനം വർഷങ്ങളായി വൈകുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണമെന്ന് വ്യക്തമാക്കുന്നു.

ഇതിൽ നിന്ന് വൈറൽ വിഡിയോ  ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റേതാണെന്നും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി.

സ്ഥിരനിയമനം ആവശ്യപ്പെട്ട് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായ ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചതിന്റെ വിഡിയോയാണിതെന്ന് മറ്റ് റിപ്പോർട്ടുകളിലും  വ്യക്തമാക്കുന്നുണ്ട്.

∙ വസ്തുത

ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്.  നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് വിഡിയോയുമായി യാതൊരു ബന്ധവുമില്ല.

English Summary : The viral video has footage of a protest related to the appointment of government teachers in Gujarat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com